ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്‍റെ 16-ാം സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങി പോയിന്‍റ് ടേബിളില്‍ അവസാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സൂപ്പര്‍ താരത്തിന്‍റെ പിന്മാറ്റം. ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ഡല്‍ഹിയുടെ അടുത്ത കുറച്ച് മത്സരങ്ങളില്‍ കളിക്കില്ലെന്ന് പരിശീലകന്‍ ജെയിംസ് ഹോപ്‌സ് അറിയിച്ചു. വിവാഹിതനാവുന്നതിനായി മാര്‍ഷ് നാട്ടിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
"അവന്‍ വിവാഹിതനാവുകയാണ്. ഡല്‍ഹിയുടെ അടുത്ത കുറച്ച് മത്സരങ്ങളില്‍ ലഭ്യമാവില്ല", ജെയിംസ് ഹോപ്‌സ് പറഞ്ഞു. ഗുവാഹത്തിയിൽ ശനിയാഴ്‌ച രാജസ്ഥാന്‍ റോയല്‍സുമായുള്ള മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് ഡല്‍ഹി പരിശീലകന്‍റെ വാക്കുകള്‍. ചടങ്ങുകള്‍ക്ക് ശേഷം താരം ഫ്രാഞ്ചൈസിക്കൊപ്പം ചേരുമെങ്കിലും തിരിച്ചുവരവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പരിക്കിനെ തുടര്‍ന്നുള്ള ഇടവേളയ്‌ക്ക് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ 31കാരനായ മാര്‍ഷ് ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്. എന്നാല്‍ ഡല്‍ഹിക്കായി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ച താരത്തിന് ഈ ഫോം ആവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ ആദ്യ മത്സരത്തില്‍ മാര്‍ക്ക് വുഡിന്‍റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് മാര്‍ഷ് തിരിച്ച് കയറിയത്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ രണ്ടാം മത്സരത്തിലാവട്ടെ നാല് പന്തില്‍ നാല് റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഓള്‍റൗണ്ടറെന്ന നിലയിലുള്ള മാര്‍ഷിന്‍റെ പ്രകടനവും ഡല്‍ഹിക്ക് നിര്‍ണായകമാണ്. ഇന്ത്യയ്‌ക്കെതിരായ ഏകദിനത്തില്‍ പന്തെറിയാതിരുന്ന മാര്‍ഷ് ഐപിഎല്ലിലാണ് പന്തെടുത്തത്. ഗുജറാത്തിനെതിരെ 3.1 ഓവര്‍ എറിഞ്ഞ താരം 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തിയിരുന്നു.