ഗുവാഹത്തി : ഐപിഎല്ലില്‍ വമ്പന്‍ നേട്ടം അടിച്ചെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍. ലീഗില്‍ 6,000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ വിദേശ താരമെന്ന റെക്കോഡാണ് വാര്‍ണര്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 26 റണ്‍സെടുത്തതോടെയാണ് 36കാരന്‍റെ റെക്കോഡ് നേട്ടം.
രാജസ്ഥാന്‍ പേസര്‍ ട്രെന്‍റ് ബോള്‍ട്ടിനെതിരെ ബൗണ്ടറിയടിച്ചായിരുന്നു വാര്‍ണര്‍ നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തില്‍ 55 പന്തില്‍ 65 റണ്‍സ് നേടിയായിരുന്നു ഡല്‍ഹി നായകന്‍ തിരിച്ച് കയറിയത്. ഇതോടെ നിലവില്‍ 165 മത്സരങ്ങളില്‍ നിന്ന് 6,039 റണ്‍സാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്.
ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ മൂന്നാമതാണ് വാര്‍ണറുടെ സ്ഥാനം. 188 മത്സരങ്ങളില്‍ 6727 റണ്‍സ് നേടിയ വിരാട് കോലി, 199 മത്സരങ്ങളില്‍ നിന്ന് 6370 റണ്‍സ് അടിച്ച ശിഖര്‍ ധവാന്‍ എന്നിവരാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഉള്ളത്. ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 6000 തികയ്‌ക്കുന്ന ബാറ്ററാണ് വാര്‍ണര്‍.
6000 റണ്‍സിലേക്ക് 165 മത്സരങ്ങളാണ് വാര്‍ണര്‍ക്ക് വേണ്ടി വന്നത്. വിരാട് കോലി 188 മത്സരങ്ങളില്‍ നിന്നും ധവാന്‍ 199 മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടത്തിലെത്തിയത്. ഐപിഎല്ലില്‍ 4000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട 13 താരങ്ങളില്‍ ഏറ്റവും മികച്ച ശരാശരിയുള്ള ബാറ്ററും ഡേവിഡ് വാര്‍ണറാണ്. 42.28 ആണ് താരത്തിന്‍റെ ശരാശരി.
ഈ പട്ടികയില്‍ ഏറ്റവും മികച്ച മൂന്നാമത്തെ പ്രഹരശേഷിയുള്ള താരവും വാര്‍ണറാണ്. ഐപിഎല്ലില്‍ 140.08 ആണ് വാര്‍ണറുടെ പ്രഹരശേഷി. 151.68 പ്രഹര ശേഷിയുമായി എബി ഡിവില്ലിയേഴ്സും 148.96 രേഖപ്പെടുത്തി ക്രിസ് ഗെയ്‌ലുമാണ് മുന്നില്‍.