കേരളം

kerala

ETV Bharat / sports

IPL 2023 | ഇന്നെങ്കിലും ജയിക്കണം; ഡല്‍ഹിയും മുംബൈയും ഇന്ന് നേര്‍ക്കുനേര്‍, അവസാനക്കാരുടെ അഭിമാനപ്പോര്

ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സ് 9-ാം സ്ഥാനത്തും ഡല്‍ഹി ക്യാപിറ്റല്‍സ് പത്താം സ്ഥാനത്തുമാണ്.

dc vs mi match preview  dc vs mi  DCvMI  IPL 2023  IPL  മുംബൈ ഇന്ത്യന്‍സ്  ഡല്‍ഹി ക്യാപിറ്റല്‍സ്  ഐപിഎല്‍  ഐപിഎല്‍ 2023  ഡല്‍ഹി മുംബൈ
DCvMI

By

Published : Apr 11, 2023, 9:20 AM IST

ഡൽഹി:ഐപിഎല്‍ പതിനാറാം പതിപ്പിലെ ആദ്യജയം തേടി ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും ഇന്ന് ഇറങ്ങും. അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം രാത്രി ഏഴരയ്ക്കാണ് ആരംഭിക്കുന്നത്. ആതിഥേയരായ ഡൽഹി കളിച്ച മൂന്ന് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയപ്പോൾ രണ്ട് പരാജയവും പേറിയാണ് മുംബൈയുടെ വരവ്.

ലഖ്‌നൗ, ഗുജറാത്ത്‌, രാജസ്ഥാൻ ടീമുകളോടാണ് ആതിഥേയരായ ഡൽഹി ആദ്യ മൂന്ന് മത്സരങ്ങളിലും തോൽവി വഴങ്ങിയത്. മുംബൈ ആകട്ടെ ആദ്യം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടും രണ്ടാമത് ചെന്നൈ സൂപ്പർ കിങ്സിന് മുന്നിലുമാണ് കീഴടങ്ങിയത്. ഇന്ന് ആദ്യ ജയം ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ എല്ലാ ഡിപ്പാർട്മെന്റിലും ഇരു ടീമുകൾക്കും പൊളിച്ചെഴുത്ത് നടത്തേണ്ടതുണ്ട്.

ഹോം ഗ്രൗണ്ടില്‍ താളം കണ്ടെത്താന്‍ ഡല്‍ഹി:ബാറ്റർമാരും ബോളർമാരും ഒരുപോലെ മികവിലേക്ക് ഉയരത്താതാണ് ഡൽഹി നേരിടുന്ന പ്രശ്‌നം. ഓപ്പണർ പ്രിഥ്വി ഷാ പേസ് ബൗളിങിന് മുന്നിൽ പതറുന്നതും ആദ്യ മത്സരങ്ങളിൽ കണ്ടതാണ്. നായകൻ ഡേവിഡ് വാർണർ റൺസ് കണ്ടെത്തുന്നുണ്ടെങ്കിലും അതിവേഗത്തിൽ സ്കോർ ഉയർത്താൻ സാധിക്കാത്തത് തിരിച്ചടിയാണ്.

മിച്ചൽ മാർഷിന്‍റെ അഭാവവും ടീമിന്‍റെ പ്രകടനത്തിൽ പ്രകടം. ഫാസ്റ്റ് ബൗളർമാർക്ക് പിന്തുണ ലഭിച്ച കൊട്‌ലയിലെ വിക്കറ്റിൽ നടന്ന ആദ്യ മത്സരത്തിൽ ഡൽഹി പേസർമാരായ ആൻറിച്ച് നോർക്യ, ഖലീൽ അഹമ്മദ്‌, മുകേഷ് കുമാർ എന്നിവർക്ക് മികവിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. അനുകൂല സാഹചര്യത്തിൽ പന്തെറിഞ്ഞ് ശക്തമായി തിരിച്ചുവരാനായിരിക്കും ഇന്ന് ഡൽഹിയുടെ ശ്രമം. അതേസമയം, ഖലീൽ അഹമ്മദിന്‍റെ പരിക്ക് ടീമിന് വെല്ലുവിളിയാണ്. മധ്യ ഓവറുകളിൽ റൺ ഒഴുക്ക് കുറക്കാനുള്ള ചുമതല കുൽദീപിനും അക്സറിനും ആയിരിക്കും.

പതറുന്ന വമ്പന്മാര്‍:ശക്തമായ ബാറ്റിങ്ങ് യൂണിറ്റാണ് മുംബൈ ഇന്ത്യന്‍സിന്‍റേത്. എന്നാല്‍, അവര്‍ക്കും ഇതുവരെ മികവിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് ടൂര്‍ണമെന്‍റില്‍ ഇതുവരെയും പ്രതീക്ഷിച്ച പ്രകടനം നടത്താനായിട്ടില്ല എന്നത് മുംബൈക്ക് കനത്ത തിരിച്ചടിയാണ്.

വമ്പന്‍ തുക മുടക്കി ടീമിലെത്തിച്ച ഓസീസ് ഓള്‍റൗണ്ടര്‍ ക്രിസ് ഗ്രീനിനും തന്‍റെ നിലവാരത്തിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ തിലക് വര്‍മ്മയുടെ ബാറ്റിങ്ങും ഇന്ന് മുംബൈക്ക് നിര്‍ണായകമാകും.

ബോളര്‍മാരുടെ ഫോമില്ലായ്‌മയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ പ്രധാന തലവേദന. ജസ്‌പ്രീത് ബുംറയുടെ അഭാവത്തില്‍ ജോഫ്ര ആര്‍ച്ചറെ അവര്‍ക്ക് കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നു. എന്നാല്‍, പരിക്കേറ്റ് കഴിഞ്ഞ മത്സരം നഷ്‌ടമായ ആര്‍ച്ചറിന് ഇന്ന് കളിക്കാന്‍ സാധിക്കുമൊയെന്നതിലും വ്യക്തതയില്ല.

ചരിത്രവും കണക്കും: ഐപിഎല്‍ ചരിത്രത്തില്‍ 32 മത്സരങ്ങളിലാണ് ഇതിന് മുന്‍പ് ഡല്‍ഹി മുംബൈ ടീമുകള്‍ തമ്മിലേറ്റുമുട്ടിയത്. അതില്‍ 17 മത്സരങ്ങളില്‍ മുംബൈ ജയം സ്വന്തമാക്കിയപ്പോള്‍ 15 എണ്ണത്തിലാണ് ഡല്‍ഹി ജയം പിടിച്ചത്. അവസാന സീസണില്‍ രണ്ട് മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമും ഓരോ മത്സരങ്ങളില്‍ വിജയിച്ചാണ് മടങ്ങിയത്.

മത്സരം തത്സമയം കാണാന്‍:രാത്രി ഏഴരയ്‌ക്ക് ആരംഭിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സ് പോരാട്ടം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെ തത്സമയം കാണാം. കൂടാതെ ഈ മത്സരം ജിയോ സിനിമ ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് എന്നിവയിലൂടെ ഓണ്‍ലൈന്‍ സ്ട്രീമിങ് നടത്താനും സാധിക്കും

ഡൽഹി ക്യാപിറ്റൽസ് സ്‌ക്വാഡ്:പൃഥ്വി ഷാ, ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), മിച്ചൽ മാർഷ്, റിലീ റോസോ, ഫിൽ സാൾട്ട്, സർഫറാസ് ഖാൻ, റോവ്മാൻ പവൽ, അക്‌സർ പട്ടേൽ, അഭിഷേക് പോരല്‍, മനീഷ് പാണ്ഡെ, ലളിത് യാദവ്, യാഷ് ദുൽ,റിപാൽ പട്ടേൽ, ആൻറിച്ച് നോർക്യ, മുസ്‌തഫിസുർ റഹ്മാൻ, കുൽദീപ് യാദവ്, ഇഷാന്ത് ശർമ, ലുങ്കി എൻഗിഡി, ഖലീൽ അഹമ്മദ്, കമലേഷ് നാഗർകോട്ടി, ചേതൻ സക്കറിയ, പ്രവീൺ ദുബെ, വിക്കി ഓസ്റ്റ്വാൾ, അമൻ ഖാൻ, മുകേഷ് കുമാർ.

മുംബൈ ഇന്ത്യന്‍സ് സ്ക്വാഡ്:രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, കാമറൂൺ ഗ്രീൻ, തിലക് വർമ്മ, ടിം ഡേവിഡ്, ഡെവാൾഡ് ബ്രെവിസ്, വിഷ്‌ണു വിനോദ്, നേഹൽ വാധേര, അർജുൻ ടെണ്ടുൽക്കർ, ജോഫ്ര ആർച്ചർ, ജേസൺ ബെഹ്‌റൻഡോർഫ്, രമൺ ദീപ് സിസങ്‌, ആകാശ് മധ്വാൾ, റിലീ മെര്‍ഡിത്ത്, പിയൂഷ് ചൗള, ഡുവാൻ ജാൻസെൻ, സന്ദീപ് വാര്യര്‍, കുമാർ കാർത്തികേയ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഹൃത്വിക് ഷോക്കീൻ, ഷംസ് മുലാനി, രാഘവ് ഗോയൽ, അർഷാദ് ഖാൻ.

ABOUT THE AUTHOR

...view details