ചെന്നൈ : ഐപിഎല്‍ പതിനാറാം പതിപ്പിലെ മറ്റൊരു ത്രില്ലര്‍ പോരാട്ടത്തിനാണ് ചെപ്പോക്ക് കഴിഞ്ഞ ദിവസം സാക്ഷിയായത്. അവസാന പന്തിലേക്ക് ആവേശം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ആതിഥേയരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്‌ത്തിയത്. മത്സരത്തില്‍ മൂന്ന് റണ്‍സിന്‍റെ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.
ചെപ്പോക്കില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 8 വിക്കറ്റിന് 175 റണ്‍സാണ് നിശ്ചിത 20 ഓവറില്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ചെന്നൈയുടെ തുടക്കം അത്ര നന്നായിരുന്നില്ല. സ്‌കോര്‍ പത്തില്‍ നില്‍ക്കെ തന്നെ അവര്‍ക്ക് തങ്ങളുടെ ഇന്‍ഫോം ബാറ്റര്‍ റിതുരാജ് ഗെയ്‌ക്‌വാദിനെ നഷ്‌ടമായി.
10 പന്തില്‍ 8 റണ്‍സെടുത്തായിരുന്നു ഗെയ്‌ക്‌വാദിന്‍റെ മടക്കം. സന്ദീപ് ശര്‍മയായിരുന്നു തുടക്കത്തിലേ ചെന്നൈക്ക് കടുത്ത പ്രഹരമേല്‍പ്പിച്ചത്. എന്നാല്‍, മൂന്നാമനായി ക്രീസിലെത്തിയ അജിങ്ക്യ രഹാനെയും ഡെവോണ്‍ കോണ്‍വെയും പതിയെ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു.
രാജസ്ഥാന്‍ ബോളര്‍മാരെ കൃത്യതയോടെ നേരിട്ട് ഇരുവരും അനായാസം ചെന്നൈ സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ 68 റണ്‍സാണ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തത്. പിന്നാലെ ക്രീസിലേക്കെത്തിയ ചെന്നൈ ബാറ്റര്‍മാര്‍ക്ക് അധികം പിടിച്ചുനില്‍ക്കാനായില്ല.
ശിവം ദുബെ (8), മൊയീന്‍ അലി (7), അമ്പാട്ടി റായിഡു (1) എന്നിവരുടെ വിക്കറ്റുകള്‍ അതിവേഗം ചെന്നൈക്ക് നഷ്‌ടമായി. സ്‌കോര്‍ 113ല്‍ നില്‍ക്കെ അര്‍ധസെഞ്ച്വറി നേടിയ ഡെവോണ്‍ കോണ്‍വെയും പുറത്തായി. ഇതിന് പിന്നാലെയാണ് ക്രീസില്‍ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ഒന്നിക്കുന്നത്.
സ്‌പിന്നിനെ തുണയ്‌ക്കുന്ന ചെപ്പോക്കിലെ പിച്ചില്‍ രാജസ്ഥാന്‍റെ ആര്‍.അശ്വിനെയും യുസ്‌വേന്ദ്ര ചഹാലിനെയും ആക്രമിക്കാന്‍ ധോണിയും ജഡേജയും തയ്യാറായിരുന്നില്ല. ഇരുവര്‍ക്കുമെതിരെയും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്‌ത് കളിച്ച ചെന്നൈ താരങ്ങള്‍ എന്നാല്‍, ഓസീസ് സ്‌പിന്നര്‍ ആദം സാംപയെ വെറുതെ വിട്ടില്ല.