ചെന്നൈ : ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ അവരുടെ ആദ്യ വിജയം സ്വന്തമാക്കിയത്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സിനായിരുന്നു സൂപ്പര്‍ കിങ്‌സിന്‍റെ ജയം. റിതുരാജിന്‍റെ ബാറ്റിങ്ങും, മൊയീന്‍ അലിയുടെ ബൗളിങ്ങുമാണ് ആദ്യ ഹോം മത്സരത്തില്‍ ചെന്നൈക്ക് ജയമൊരുക്കിയത്.
മത്സരത്തില്‍ ടോസ് ലഭിച്ച ലഖ്‌നൗ നായകന്‍ ചെന്നൈയെ അവരുടെ തട്ടകത്തില്‍ ആദ്യം ബാറ്റിങ്ങിന് വിടുകയായിരുന്നു. അഞ്ച് വിക്കറ്റ് നേട്ടവുമായെത്തുന്ന മാര്‍ക്ക് വുഡ്, ഇന്ത്യന്‍ പേസര്‍ ആവേശ് ഖാന്‍ എന്നിവരുടെയെല്ലാം കരുത്തില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന ചെന്നൈയെ എറിഞ്ഞൊതുക്കാമെന്ന പ്രതീക്ഷയിലായിരുന്നിരിക്കാം രാഹുല്‍ ഈ തീരുമാനത്തിലെത്തിയത്. എന്നാല്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്നും തുടങ്ങിയ റിതുരാജ് ഗെയ്‌ക്‌വാദ് ലഖ്‌നൗ നായകന്‍റെ പ്രതീക്ഷകളെയെല്ലാം തല്ലിക്കെടുത്തി.
31 പന്ത് നേരിട്ട ഗെയ്‌ക്‌വാദ് 57 റണ്‍സുമായാണ് മടങ്ങിയത്. മത്സരത്തില്‍ നാല് സിക്സര്‍ പറത്തിയ താരം മൂന്ന് ഫോറും നേടി. ഒന്നാം വിക്കറ്റില്‍ ഡെവണ്‍ കോണ്‍വേയ്‌ക്കൊപ്പം 110 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഗെയ്‌ക്‌വാദ് ചെന്നൈ സ്‌കോര്‍ 110ല്‍ നില്‍ക്കെയാണ് പുറത്തായത്. ലഖ്‌നൗ താരം രവി ബിഷ്‌ണോയ് ആയിരുന്നു ചെന്നൈ ടോപ് സ്‌കോററുടെ വിക്കറ്റ് വീഴ്‌ത്തിയത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മിന്നും പ്രകടനം പുറത്തെടുത്ത ഗെയ്‌ക്‌വാദിന് ചെന്നൈ ലഖ്‌നൗ പോരാട്ടത്തിന് ശേഷം പ്രശംസയുമായി ഇന്ത്യയുടെ മുന്‍ താരം വിരേന്ദര്‍ സെവാഗ് രംഗത്തെത്തി. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് സമാനമായ രീതിയിലാണ് റിതുരാജ് ഗെയ്‌ക്‌വാദും കളിക്കുന്നതെന്ന് സെവാഗ് അഭിപ്രായപ്പെട്ടു.