ചെന്നൈ : മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎൽ പതിനാറാം പതിപ്പില്‍ ആദ്യ ജയം. നാല് വർഷത്തിന് ശേഷം ചെപ്പോക്കിൽ ഇറങ്ങിയ ധോണിപ്പട ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ 12 റൺസിനാണ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 217 റൺസ് നേടിയപ്പോൾ, ലഖ്‌നൗവിന്‍റെ പോരാട്ടം 205 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്‌ത്തിയ മൊയീന്‍ അലിയുടെ പ്രകടനമാണ് സൂപ്പര്‍ കിങ്‌സ് ജയത്തില്‍ നിര്‍ണായകമായത്.
ചെന്നൈ ഉയർത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ലഖ്‌നൗവിന് വെടിക്കെട്ട് തുടക്കമാണ് ഓപ്പണർ കൈൽ മേയേഴ്‌സ് സമ്മാനിച്ചത്. സൂപ്പർ കിങ്‌സിന്‍റെ ഫാസ്റ്റ് ബോളർമാരായ ദീപക് ചാഹർ, തുഷാർ ദേശ്‌പാണ്ഡെ, ബെൻ സ്റ്റോക്‌സ് എന്നിവർ മേയേഴ്‌സിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. എന്നാൽ മൊയീൻ അലി പന്തെറിയാനെത്തിയതോടെ കാര്യങ്ങൾ എല്ലാം മാറി.
പവർപ്ലേയുടെ അവസാന ഓവറിലെ മൂന്നാം പന്തിൽ ലഖ്‌നൗ സ്‌കോര്‍ 79 ല്‍ നില്‍ക്കെ മേയേഴ്‌സിനെ മടക്കി അലി ചെന്നൈക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. 22 പന്ത് നേരിട്ട സൂപ്പർ ജയന്‍റ്‌സ് ഓപ്പണർ 53 റൺസ് അടിച്ചുകൂട്ടിയാണ് മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ ദീപക് ഹൂഡയെ (2) തൊട്ടടുത്ത ഓവറിൽ മിച്ചൽ സാന്‍റ്‌നറും വീഴ്ത്തി.
ഏഴാം ഓവർ പന്തെറിയാനെത്തിയ അലി സൂപ്പർ ജയന്‍റ്‌സ് നായകൻ കെ എൽ രാഹുലിനെയും തിരികെ പവലിയനിലെത്തിച്ചു. 18 പന്ത് നേരിട്ട് രാഹുൽ 20 റൺസ് ആയിരുന്നു നേടിയിരുന്നത്. ഇതോടെ 79-0 എന്ന നിലയില്‍ നിന്നും 82-3 എന്ന നിലയിലേക്ക് സൂപ്പര്‍ ജയന്‍റ്‌സ് വീണു.
പിന്നാലെ ക്രീസിലെത്തിയ ക്രുണാൽ പാണ്ഡ്യ (9), മാർക്കസ് സ്റ്റോയിനിസ് (21) എന്നിവരും അലിക്ക് മുന്നിലാണ് വീണത്. ആറാമനായി ക്രീസിലെത്തിയ നിക്കോളസ് പുരാൻ അതിവേഗം റൺസ് അടിച്ചുകൂട്ടി സൂപ്പർ ജയന്‍റ്‌സ് ക്യാമ്പിൽ പ്രതീക്ഷ നിലനിർത്തി. എന്നാൽ ചെന്നൈയുടെ ഇമ്പാക്‌ട് പ്ലെയർ തുഷാർ ദേശ്‌പാണ്ഡെ 16-ാം ഓവറിൽ പുരാനെ ബെൻ സ്റ്റോക്സിന്‍റെ കൈകളിൽ എത്തിച്ചു.
ഇതോടെ, 156-6 എന്ന നിലയിലേക്ക് വീണു എല്‍എസ്‌ജി. അവസാനം വമ്പനടിക്ക് പേരുകേട്ട കൃഷ്ണപ്പ ഗൗതം, ആയുഷ് ബാഡോണി, മാർക്ക് വുഡ് എന്നിവർ പൊരുതിയെങ്കിലും പൂനെയുടെ കുതിപ്പ് 205 റൺസിൽ അവസാനിച്ചു. ചെന്നൈക്കായി മൊയീന്‍ അലി നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍, തുഷാര്‍ ദേശ്‌പാണ്ഡെ രണ്ടും മിച്ചല്‍ സാന്‍റ്‌നര്‍ ഒരു വിക്കറ്റും നേടി.
Also Read:IPL 2023 | വരുന്നു അടിക്കുന്നു...ചറപറ പറപ്പിക്കുന്നു; ഐപിഎല്ലില്‍ വമ്പന്‍ നേട്ടം സ്വന്തമാക്കി എംഎസ് ധോണി
നേരത്തെ, ലഖ്‌നൗവിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ അര്‍ധസെഞ്ച്വറിയും ഡെവണ്‍ കോണ്‍വെ (47) ശിവം ദുബെ (27) അമ്പാട്ടി റായ്‌ഡു (27) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. നായകന്‍ എംഎസ് ധോണി ചെന്നൈക്കായി 12 റണ്‍സ് നേടി. അവസാന ഓവറില്‍ എട്ടാമനായി ക്രീസിലെത്തിയ ധോണി നേരിട്ട ആദ്യ രണ്ട് പന്തും സിക്സര്‍ പറത്തി മൂന്നാം പന്തില്‍ പുറത്താവുകയായിരുന്നു. മത്സരത്തില്‍ സൂപ്പര്‍ ജയന്‍റ്‌സിന് വേണ്ടി മാര്‍ക്ക് വുഡ്, രവി ബിഷ്‌ണോയി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളാണ് നേടിയത്.