മുംബൈ:ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയുള്ള 200മത്തെ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി നായകന്‍ എംഎസ് ധോണി. ധോണിയുടെ നേതൃത്വത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആറ് വിക്കറ്റിന്‍റെ ജയമാണ് സിഎസ്‌കെ നേടിയത്. ലോകേഷ് രാഹുലും കൂട്ടരും ഉയര്‍ത്തിയ 107 റണ്‍സെന്ന വിജയ ലക്ഷ്യം 26 പന്ത് ശേഷിക്കെ ചെന്നൈ മറികടന്നു. 13 റൺസ് മാത്രം വഴങ്ങി മീഡിയം പേസർ ദീപക് ചാഹർ കൊടുങ്കാറ്റായപ്പോൾ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് തകർന്നടിഞ്ഞു. 106 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ ഇടയില്‍ ഒന്നു പതറിയെങ്കിലും ചെറിയ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഈ സീസണിലെ ആദ്യ ജയം ധോണിയും കൂട്ടരും സ്വന്തമാക്കി.
പതറിയെങ്കിലും ജയിച്ചു കയറി ചെന്നൈ, പഞ്ചാബിനെ തോല്‍പ്പിച്ചത് ആറ് വിക്കറ്റിന് - ചെന്നൈക്ക് ജയം വാര്‍ത്ത
26 പന്ത് ശേഷിക്കെയാണ് പഞ്ചാബ് കിങ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് ജയം സ്വന്തമാക്കിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ചെന്നൈയുടെ മീഡിയം പേസര്‍ ദീപക് ചാഹറിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു
31 പന്തില്‍ 46 റണ്‍സെടുത്ത ഓള്‍ റൗണ്ടര്‍ മോയിന്‍ അലിയുടെ കരുത്തിലാണ് ചെന്നൈ വമ്പന്‍ ജയം സ്വന്തമാക്കിയത്. 148.38 സ്ട്രൈക്ക് റേറ്റില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മോയിന്‍ അലിയുടെ ഇന്നിങ്സ്. ഓപ്പണര്‍ റിതുരാജ് ഗെയ്‌ക് വാദ് അഞ്ച് റണ്‍സെടുത്തും സുരേഷ് റെയ്‌ന എട്ട് റണ്‍സെടുത്തും അമ്പാട്ടി റായിഡു റണ്ണൊന്നും എടുക്കാതെയും പുറത്തായി. പഞ്ചാബിന് വേണ്ടി പേസര്‍ മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഹര്‍ഷ് ദീപ് സിങ്, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
നേരത്തെ ടോസ് നേടിയ ബൗളിങ് തെരഞ്ഞെടുത്ത നായകന്‍ ധോണിയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു പഞ്ചാബിന്‍റെ ഇന്നിങ്സ്. കളിയിലെ താരമായി തെരഞ്ഞെടുത്ത ദീപക് ചാഹറാണ് പഞ്ചാബിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ റണ്ണൊന്നും എടുക്കാന്‍ അനുവദിക്കാതെ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കിയാണ് ദീപക്ക് വിക്കറ്റ് വീഴ്‌ത്താന്‍ ആരംഭിച്ചത്. ആദ്യ അഞ്ച് ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്കും നാല് വിക്കറ്റുകളാണ് ദീപക്ക് വീഴ്‌ത്തിയത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ക്രിസ് ഗെയിലും ദീപക് ഹൂഡയും ഇത്തവണ ചാഹറിന്‍റെ പന്തില്‍ 10 റണ്‍സ് മാത്രമെടുത്ത് കൂടാരം കയറി. ഒരു മെയ്‌ഡന്‍ ഓവര്‍ ഉള്‍പ്പെടെ നാല് ഓവറില്‍ 13 റണ്‍സ് മാത്രമാണ് ചാഹര്‍ വഴങ്ങിയത്.