ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 135 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദിനെ ചെന്നൈ ബോളര്‍മാര്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 134 റണ്‍സില്‍ പിടിച്ച് കെട്ടുകയായിരുന്നു. 26 പന്തില്‍ 34 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്‍റെ ടോപ് സ്‌കോറര്‍.
ചെന്നൈക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കമായിരുന്നു ഓപ്പണര്‍മാരായ ഹാരി ബ്രൂക്കും അഭിഷേക് ശര്‍മയും നല്‍കിയത്. ആകാശ് സിങ് എറിഞ്ഞ ആദ്യ ഓവറില്‍ ആറ് റണ്‍സും തുഷാര്‍ ദേശ്‌പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറില്‍ ഏഴ് റണ്‍സുമാണ് ഹൈദരാബാദിന് നേടാന്‍ കഴിഞ്ഞത്.
എന്നാല്‍ വീണ്ടും പന്തെറിയാനെത്തിയ ആകാശ് സിങ്ങിനെതിരെ മൂന്നാം ഓവറില്‍ 10 റണ്‍സ് നേടിയ സംഘം പതിയെ ഗിയല്‍ മാറ്റി. തുഷാര്‍ എറിഞ്ഞ നാലാം ഓവറില്‍ ബ്രൂക്ക് നേടിയ രണ്ട് ബൗണ്ടറികളടക്കം 11 റണ്‍സാണ് പിറന്നത്. എന്നാല്‍ തൊട്ടടുത്ത ഓവറിന്‍റെ രണ്ടാം പന്തില്‍ ഹാരി ബ്രൂക്കിനെ വീഴ്‌ത്തിയ ആകാശ് സിങ് ഹൈദരാബാദിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. 13 പന്തില്‍ 18 റണ്‍സെടുത്ത ബ്രൂക്കിനെ റിതുരാജ് ഗെയ്‌ക്‌വാദ് പിടികൂടുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 35 റണ്‍സാണ് ബ്രൂക്ക്-അഭിഷേക് സഖ്യം നേടിയത്.
തുടര്‍ന്നെത്തിയ രാഹുല്‍ ത്രിപാഠിക്ക് ആദ്യ റണ്ണെടുക്കാന്‍ ആറു പന്തുകളാണ് വേണ്ടിവന്നത്. ഇതിനിടെ ആറാം ഓവറില്‍ അഭിഷേക് ശര്‍മ 10 റണ്‍സ് നേടിയതോടെ പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് നേടാന്‍ ഹൈദരാബാദിന് കഴിഞ്ഞു. 10-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ അഭിഷേകിനെ വീഴ്‌ത്തി രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്.