ചെന്നൈ:ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 176 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 175 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്‌ലറാണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍.
36 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 52 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ഭേദപ്പെട്ട തുടക്കമായിരുന്നു രാജസ്ഥാന് ലഭിച്ചത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 57 റണ്‍സാണ് സംഘത്തിന് നേടാന്‍ കഴിഞ്ഞത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ആദ്യം മടങ്ങിയത്.
ആകാശ് സിങ് എറിഞ്ഞ ആദ്യ ഓവറില്‍ ഇരട്ട ബൗണ്ടറികളുമായാണ് ജയ്‌സ്വാള്‍ തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറിന്‍റെ നാലാം പന്തില്‍ താരത്തെ മടക്കി തുഷാർ ദേശ്‌പാണ്ഡെ ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കി. എട്ട് പന്തില്‍ 10 റണ്‍സെടുത്ത ജയ്‌സ്വാളിനെ മിഡ് ഓഫില്‍ ശിവം ദുബെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ഒന്നിച്ച ദേവദത്ത് പടിക്കലും ജോസ് ബട്‌ലറും രാജസ്ഥാനെ മുന്നോട്ട് നയിച്ചു. എന്നാല്‍ ഒമ്പതാം ഓവറിന്‍റെ മൂന്നാം പന്തില്‍ പടിക്കല്‍ വീണു. 26 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 38 റണ്‍സ് നേടിയ താരത്തെ രവീന്ദ്ര ജഡേജ ഡെവോണ്‍ കോണ്‍വെയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണിനെയും തിരിച്ച് കയറ്റിയ ജഡേജ രാജസ്ഥാന് ഇരട്ട പ്രഹരം നല്‍കി.
രണ്ട് പന്തുകള്‍ നേരിട്ട സഞ്‌ജുവിന് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്‌ജു സംപൂജ്യനായി മടങ്ങുന്നത്. ഈ സമയം 88 റണ്‍സാണ് ടീം ടോട്ടലില്‍ ഉണ്ടായിരുന്നത്. തുടര്‍ന്നെത്തിയ അശ്വിനൊപ്പം ചേര്‍ന്ന ബട്‌ലര്‍ 12-ാം ഓവറില്‍ രാജസ്ഥാനെ നൂറ് കടത്തി. ഏറെ ശ്രദ്ധയോടെയായിരുന്നു അശ്വിന്‍ തുടങ്ങിയത്.