ചെന്നൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. അവസാന മത്സരത്തിലെ ജയം തുടരുക എന്ന ലക്ഷ്യത്തോടെയാകും ഇരുടീമുകളും ഇന്ന് ചെപ്പോക്കിൽ ഇറങ്ങുക. വൈകീട്ട് 7.30നാണ് മത്സരം ആരംഭിക്കുക. ചെന്നൈ നായകനായി ധോണിയുടെ 200-ാം മത്സരം എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ വരുന്നതെങ്കിൽ ഡൽഹിക്കെതിരെ 57 റൺസിനായിരുന്നു രാജസ്ഥാന്‍റെ വിജയം. മൂന്ന് വീതം മത്സരങ്ങൾ കളിച്ച സിഎസ്‌കെയും ആർആറും രണ്ട് കളികൾ വീതം ജയിക്കുകയും ഒരെണ്ണം വീതം തോൽക്കുകയും ചെയ്‌തിട്ടുണ്ട്.
ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ മിന്നും ഫോമും മുംബൈയ്‌ക്കെതിരെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയുടെ പ്രകടനവും ബാറ്റിങ്ങില്‍ ചെന്നൈയ്‌ക്ക് കരുത്തേകും. ഡെവോണ്‍ കോണ്‍വെയുടെ ബാറ്റിലും അവസാന ഓവറിൽ ആഞ്ഞടിക്കുന്ന ധോണിയിലും ചെന്നൈ പ്രതീക്ഷയർപ്പിക്കുന്നു.
ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്‌സും മൊയീൻ അലിയും ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ നേരിടുന്നതാണ് ചെന്നൈയുടെ വെല്ലുവിളി. മുംബൈയ്‌ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ പേസർ ദീപക് ചാഹറിന്‍റെ സേവനവും ചെന്നൈയ്‌ക്ക് ലഭിക്കില്ല. എന്നാൽ സ്‌പിന്നർമാരായ രവീന്ദ്ര ജഡേജയും മിച്ചൽ സാന്‍റ്‌നറും ചെന്നൈ ബോളിങ്ങിന് കരുത്തേകും.
ഡൽഹിയെ കീഴടക്കിയെത്തുന്ന രാജസ്ഥാന് പക്ഷേ ചെപ്പോക്കിൽ മികച്ച റെക്കോഡുള്ള ചെന്നൈയെ നേരിടുക എളുപ്പമാകില്ല. ചെപ്പോക്കിലെ അവസാന 20 മത്സരങ്ങളിൽ മൂന്നെണ്ണം മാത്രമാണ് ചെന്നൈ പരാജയപ്പെട്ടത്. മൂന്ന് തോൽവിയും മുംബൈയ്‌ക്കെതിരെയാണ്.