കേരളം

kerala

ETV Bharat / sports

IPL 2023 | ജയം പിടിച്ച് പഞ്ചാബ് ; ചെപ്പോക്കില്‍ ചെന്നൈക്ക് കണ്ണീര്‍ - devon conway

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നാല് വിക്കറ്റിന്‍റെ വിജയം പിടിച്ച് പഞ്ചാബ് കിങ്‌സ്

IPL 2023  Chennai Super Kings vs Punjab Kings  Chennai Super Kings  Punjab Kings  CSK vs PBKS  ചെന്നൈ സൂപ്പര്‍ കിങ്‌സ്  പഞ്ചാബ് കിങ്‌സ്  ഐപിഎല്‍ 2023  devon conway  ഡെവോണ്‍ കോണ്‍വെ
ചെപ്പോക്കില്‍ ചെന്നൈക്ക് കണ്ണീര്‍

By

Published : Apr 30, 2023, 8:16 PM IST

ചെന്നൈ :ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വീഴ്‌ത്തി പഞ്ചാബ് കിങ്‌സ്. ചെന്നൈ നേടിയ 200 റണ്‍സിന് മറുപടിക്കിറങ്ങിയ പഞ്ചാബ് നാല് വിക്കറ്റിന്‍റെ വിജയമാണ് പിടിച്ചത്. നിശ്ചിത ഓവറില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 201 റണ്‍സെടുത്തായിരുന്നു സംഘം വിജയം ഉറപ്പിച്ചത്.

പ്രഭ്‌സിമ്രാൻ സിങ്‌ ( 24 പന്തില്‍ 42), ലിയാം ലിവിങ്‌സ്റ്റണ്‍ (24 പന്തില്‍ 40) എന്നിവരുടെ പ്രകടനമാണ് പഞ്ചാബിന്‍റെ വിജയത്തിന് അടിത്തറയൊരുക്കിയത്. അവസാന ഓവറുകളില്‍ മിന്നിയ ജിതേഷ് ശര്‍മയും സിക്കന്ദര്‍ റാസയും നിര്‍ണായകമായി.

വലിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന്‍റെ തുടക്കം മികച്ചതായിരുന്നു. ആദ്യ വിക്കറ്റില്‍ 4.2 ഓവറില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തായിരുന്നു ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ മടങ്ങിയത്. 15 പന്തില്‍ 28 റണ്‍സെടുത്ത ധവാനെ തുഷാര്‍ ദേശ്‌പാണ്ഡെയാണ് മടക്കിയത്.

തുടര്‍ന്നെത്തിയ അഥർവ ടൈഡെയ്‌ക്കൊപ്പം അടി തുടര്‍ന്ന പ്രഭ്‌സിമ്രാനെ ജഡേജ ധോണിയുടെ കയ്യിലെത്തിച്ചു. പിന്നാലെ അഥർവയും (17 പന്തില്‍ 13) മടങ്ങിയതോടെ 10.2 ഓവറില്‍ 94/4 എന്ന നിലയിലേക്ക് പഞ്ചാബ് വീണു. തുടര്‍ന്ന് ക്രീസിലൊന്നിച്ച ലിയാം ലിവിങ്‌സ്റ്റണും സാം കറനും പഞ്ചാബ് ഇന്നിങ്‌സിന് വേഗം നല്‍കി.

എന്നാല്‍ 16-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ലിവിങ്സ്റ്റണിനെ വീഴ്‌ത്തിയ തുഷാര്‍ ദേശ്‌പാണ്ഡെ ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ജിതേഷ് ശര്‍മയെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ 18ാം ഓവറിന്‍റെ ആദ്യ പന്തില്‍ സാം കറനും വീണു. 20 പന്തില്‍ 28 റണ്‍സെടുത്ത കറന്‍റെ കുറ്റി തെറിപ്പിച്ച് പതിരണയാണ് ചെന്നൈക്ക് പ്രതീക്ഷ നല്‍കിയത്.

പിന്നീട് വമ്പന്‍ അടിക്ക് ശ്രമിച്ച ജിതേഷിനെ (10 പന്തില്‍ 21) 19-ാം ഓവറിന്‍റെ നാലാം പന്തില്‍ പഞ്ചാബിന് നഷ്‌ടമായി. 20-ാം ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു വിജയത്തിനായി പഞ്ചാബിന് വേണ്ടിയിരുന്നത്. പതിരണ എറിഞ്ഞ ഓവറിന്‍റെ ആദ്യ രണ്ട് പന്തുകളില്‍ ക്രീസിലുണ്ടായിരുന്ന സിക്കന്ദര്‍ റാസയും ഷാരൂഖ് ഖാനും സിംഗിളെടുത്തു.

മൂന്നാം പന്തില്‍ റണ്‍സ് നേടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള രണ്ട് പന്തുകളും റാസ ഡബിളടിച്ചു. ഇതോടെ അവസാന പന്തില്‍ മൂന്ന് റണ്‍സായിരുന്നു പഞ്ചാബിന്‍റെ വിജയ ലക്ഷ്യം. ഒടുവില്‍ പതിരണയെ സ്ക്വയർ ലെഗിലേക്ക് അടിച്ച് റാസയും ഷാരൂഖും ചേര്‍ന്ന് മൂന്ന് റണ്‍സ് ഓടിയെടുത്താണ് പഞ്ചാബിന് ആവേശ വിജയം സമ്മാനിച്ചത്. 7 പന്തില്‍ 13 റണ്‍സുമായി റാസയും ഷാരൂഖ് ഖാന്‍ 3 പന്തില്‍ 2 റണ്‍സുമായും പുറത്താവാതെ നിന്നു. ചെന്നൈക്കായി തുഷാര്‍ ദേശ്‌പാണ്ഡെ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

അപരാജിതനായി കോണ്‍വെ :നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 200 റണ്‍സ് നേടിയത്. ഡെവോണ്‍ കോണ്‍വെയുടെ അപരാജിത അര്‍ധ സെഞ്ചുറിയാണ് ചെന്നൈയെ മികച്ച നിലയില്‍ എത്തിച്ചത്.

52 പന്തില്‍ 16 ഫോറുകളും ഒരു സിക്‌സും സഹിതം 92 റണ്‍സാണ് കോണ്‍വെ നേടിയത്. മഞ്ഞക്കടലിരമ്പിയ ചെപ്പോക്കില്‍ ഓപ്പണര്‍മാരായ റിതുരാജ് ഗെയ്‌ക്‌വാദും ഡെവോൺ കോൺവെയും മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 57 റണ്‍സാണ് ഇരുവരും നേടിയത്. 10-ാം ഓവറിന്‍റെ നാലാം പന്തില്‍ റിതുരാജ് ഗെയ്‌ക്‌വാദിനെ (31 പന്തില്‍ 37 ) മടക്കിക്കൊണ്ടാണ് പഞ്ചാബ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്.

സിക്കന്ദര്‍ റാസയെ ആക്രമിക്കാന്‍ ക്രീസ് വിട്ടിറങ്ങിയ റിതുരാജിനെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ സ്റ്റംപ് ചെയ്യുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 86 റണ്‍സാണ് റിതുരാജ് - കോണ്‍വെ സഖ്യം നേടിയത്. മൂന്നാം നമ്പറിലെത്തിയ ശിവം ദുബെയോടൊപ്പം ചേര്‍ന്ന കോണ്‍വെ 12-ാം ഓവറില്‍ ചെന്നൈയെ 100 റണ്‍സ് കടത്തി. ഈ ഓവറില്‍ തന്നെ കോണ്‍വെ 30 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി തികച്ചിരുന്നു. ദുബെയെ (17 പന്തില്‍ 28) 14ാം ഓവറിന്‍റെ അവസാന പന്തില്‍ വീഴ്‌ത്തിയ അര്‍ഷ്‌ദീപ് സിങ്ങാണ് പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കിയത്.

തുടര്‍ന്നെത്തിയ മൊയീന്‍ അലിക്ക് ( 6 പന്തില്‍ 10) പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നതോടെ ചെന്നൈ 16.1 ഓവറില്‍ 158/3 എന്ന നിലയിലായി. പിന്നീടെത്തിയ രവീന്ദ്ര ജഡേജയെ (10 പന്തില്‍ 12 റണ്‍സ്) അവസാന ഓവറിന്‍റെ ആദ്യ പന്തില്‍ സാം കറന്‍ ലിയാം ലിവിങ്‌സ്റ്റണിന്‍റെ കയ്യില്‍ എത്തിച്ചു. ആറാം നമ്പറില്‍ എംസ്‌ ധോണി ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ചെപ്പോക്ക് ഇളകി മറയുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്. അവസാന രണ്ട് പന്തുകളും ധോണി സിക്‌സറിന് പറത്തിയതോടെയാണ് ചെന്നൈ 200-ല്‍ എത്തിയത്.

ALSO READ: 'അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല' ; പഞ്ചാബിന്‍റെ സ്റ്റാര്‍ പേസര്‍ക്കെതിരെ പൊട്ടിത്തെറിച്ച് സൈമൺ ഡൗള്‍

കോണ്‍വെയ്‌ക്കൊപ്പം ധോണിയും (4 പന്തില്‍ 13) പുറത്താവാതെ നിന്നു. പഞ്ചാബ് കിങ്‌സിനായി സാം കറന്‍, രാഹുല്‍ ചഹാര്‍, അര്‍ഷ്‌ദീപ് സിങ്‌, സിക്കന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

ABOUT THE AUTHOR

...view details