അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റില്‍ 5000 റണ്‍സ് തികച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി. ചെന്നൈ ഇന്നിങ്‌സിന്‍റെ 20ാം ഓവറില്‍ എട്ടാം നമ്പറില്‍ ക്രീസിലെത്തിയ ധോണി നേരിട്ട ആദ്യ രണ്ട് പന്തുകള്‍ തന്നെ സിക്‌സറിന് പറത്തിയിരുന്നു. ലഖ്‌നൗ പേസര്‍ മാര്‍ക്ക് വുഡാണ് അവസാന ഓവര്‍ എറിഞ്ഞിരുന്നത്. തൊട്ടടുത്ത പന്തില്‍ രവി ബിഷ്‌ണോയ് ക്യാച്ചെടുത്ത് താരം പുറത്താവുകയും ചെയ്‌തു.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ 12 റണ്‍സടിച്ചതോടെയാണ് ധോണി നിര്‍ണായ നാഴിക കല്ലിലെത്തിയത്. ഐപിഎല്ലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ താരവും അഞ്ചാമത്തെ ഇന്ത്യക്കാരനുമാണ് ധോണി. വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ധവാന്‍ എന്നിവരാണ് ധോണിക്ക് മുന്നെ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.
എബി ഡിവില്ലിയേഴ്‌സ്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകാര്‍. നിലവിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വിരാട് കോലിയാണ്. 224 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 6706 റൺസാണ് കോലി അടിച്ച് കൂട്ടിയിട്ടുള്ളത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് 199 മത്സരങ്ങളിൽ നിന്നും 6086 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ്.
കോലിയും ധവാനും മാത്രമാണ് ഐപിഎല്ലില്‍ 6000 റണ്‍സ് എന്ന നാഴികല്ല് പിന്നിട്ടിട്ടുള്ള താരങ്ങള്‍. രോഹിത് ശര്‍മ (221 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 5764 റൺസ്), ഡേവിഡ് വാർണർ (155 ഐപിഎൽ മത്സരങ്ങളിൽ 5668), സുരേഷ് റെയ്ന (205 ഐപിഎൽ മത്സരങ്ങളിൽ 5528 റൺസ്), എബി ഡിവില്ലിയേഴ്‌സ് (184 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 5162 റൺസ്) എന്നിവര്‍ക്ക് പിന്നിവര്‍ ധോണിക്ക് മുന്നിലുണ്ട്.