ചെന്നൈ :ഐപിഎല്‍ പതിനാറാം പതിപ്പിലെ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് ഇറങ്ങും. ആദ്യ മത്സരത്തില്‍ ഡല്‍ഹിയെ വീഴ്‌ത്തിയെത്തുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സാണ് ധോണിയുടെയും സംഘത്തിന്‍റെയും എതിരാളികള്‍. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം എ ചിദംബരം സ്റ്റേഡിയം വേദിയാകുന്ന മത്സരം രാത്രി 7:30നാണ് ആരംഭിക്കുന്നത്.
ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനോട് അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ചെന്നൈ കീഴടങ്ങിയത്. ഈ മത്സരത്തില്‍ റിതുരാജ് ഗെയ്‌ക്‌വാദ് ഒഴികെയുള്ള മറ്റാര്‍ക്കും തന്നെ മികവിലേക്ക് ഉയരാന്‍ സാധിച്ചില്ല. ഓപ്പണിങ് ബാറ്ററായി ക്രീസിലെത്തിയ ഗെയ്‌ക്‌വാദ് ഗുജറാത്തിനെതിരെ 92 റണ്‍സ് അടിച്ചാണ് മടങ്ങിയത്.
ഈ മത്സരത്തില്‍ 23 റണ്‍സ് നേടിയ മൊയിന്‍ അലിയായിരുന്നു ചെന്നൈയുടെ രണ്ടാം ടോപ്‌സ്‌കോറര്‍. ബെന്‍ സ്റ്റോക്‌സ്, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്‍റ്‌നര്‍ എന്നിവര്‍ക്കും ആദ്യ മത്സരത്തില്‍ മികവിലേക്ക് ഉയരാന്‍ സാധിച്ചില്ല. ചെപ്പോക്കില്‍ ഇന്ന് ലഖ്‌നൗവിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ടീമിലെ പ്രധാന താരങ്ങളെല്ലാം ഫോമിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
സ്പിന്നിന് അനുകൂലമായ പിച്ചാണ് ചെപ്പോക്കിലേത്. ഈ സാഹചര്യത്തില്‍ ഒരു അധിക സ്‌പിന്നറുമായി ആതിഥേയരായ ചെന്നൈ കളത്തിലിറങ്ങാനാണ് സാധ്യത. ലങ്കന്‍ സ്‌പിന്‍ ബോളര്‍ മഹേഷ് തീക്ഷണ ടീമിനൊപ്പം ചേരാത്ത സാഹചര്യത്തില്‍ ഇന്ന് ആര്‍ക്കായിരിക്കും അവസരം ലഭിക്കുക എന്നത് സര്‍പ്രൈസാണ്.
ലക്ഷ്യം രണ്ടാം ജയം: തുടര്‍ച്ചയായ രണ്ടാം വിജയമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ലക്ഷ്യമിടുന്നത്. നായകന്‍ കെഎല്‍ രാഹുലിന്‍റെ ഫോമില്ലായ്‌മയാണ് ടീം നേരിടുന്ന പ്രധാന പ്രശ്‌നം. ഓപ്പണര്‍ കൈല്‍ മേയേഴ്‌സ് ചെന്നൈക്കെതിരേയും വെടിക്കെട്ട് ബാറ്റിങ് ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
നിക്കോളാസ് പുരാന്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നീ വിദേശ താരങ്ങളും മികവിലേക്ക് ഉയര്‍ന്നാല്‍ ലഖ്‌നൗവിന് കാര്യങ്ങള്‍ എളുപ്പമാകാനാണ് സാധ്യത. കഴിഞ്ഞ സീസണില്‍ ഇരു ടീമും ഒരു മത്സരത്തിലായിരുന്നു ഏറ്റുമുട്ടിയത്. അന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനൊപ്പമായിരുന്നു ജയം.
മാര്‍ക്ക് വുഡ് vs ചെന്നൈ ബാറ്റര്‍മാര്‍ :ഡല്‍ഹിക്കെതിരെ ലഖ്‌നൗ 50 റണ്‍സിന്‍റെ വിജയം നേടുന്നതില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡ്. മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ വുഡ് 14 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ചെപ്പോക്കിലേക്ക് രണ്ടാം മത്സരം കളിക്കാന്‍ ലഖ്‌നൗ എത്തുമ്പോള്‍ ടീം പ്രതീക്ഷയര്‍പ്പിക്കുന്ന താരങ്ങളിലൊരാളാണ് മാര്‍ക്ക് വുഡും.
ഡെവോണ്‍ കോണ്‍വെ, മൊയീന്‍ അലി, അമ്പാട്ടി റായ്‌ഡു, ബെന്‍ സ്റ്റോക്‌സ്, രവീന്ദ്ര ജഡേജ, എം എസ് ധോണി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചെന്നൈക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. എന്നാല്‍, ആദ്യ മത്സരത്തില്‍ താളം കണ്ടെത്താന്‍ സാധിക്കാതിരുന്ന ഇവര്‍ മാര്‍ക്ക് വുഡിനെ എങ്ങനെ നേരിടുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
പോരാട്ടം ലൈവായി : ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും തമ്മില്‍ ഏറ്റുമുട്ടുന്ന ഐപിഎല്‍ 2023ലെ ആറാം മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്നത്. ജിയോ ടിവി ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് എന്നിവയിലൂടെ ഈ മത്സരം ഓണ്‍ലൈനായും സ്‌ട്രീം ചെയ്യാം.
ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ് :മഹേന്ദ്ര സിങ് ധോണി (ക്യാപ്‌റ്റൻ), റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവോൺ കോൺവേ, ബെൻ സ്റ്റോക്‌സ്, മൊയിൻ അലി, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, സുബ്രംശു സേനാപതി, രവീന്ദ്ര ജഡേജ, ശിവം ദുബെ, രാജ്‌വർധൻ ഹംഗാർഗേക്കർ, ഡ്വെയ്‌ൻ പ്രിട്ടോറിയസ്, മിച്ചൽ സാന്‍റ്നർ, മഹേഷ് തീക്ഷണ, ദീപക് ചഹാർ, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സിമർജീത് സിങ്, തുഷാർ ദേശ്‌പാണ്ഡെ, മതീശ പതിരണ, ഷെയ്‌ക് റഷീദ്, നിഷാന്ത് സിന്ധു, അജയ് മണ്ഡല്‍, ഭഗത് വർമ, സിസന്ദ മഗല.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സ്‌ക്വാഡ് :കെ എൽ രാഹുൽ (ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡി കോക്ക്, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ, കൈൽ മേയേഴ്‌സ്, ക്രുണാൽ പാണ്ഡ്യ, മനൻ വോറ,കൃഷ്ണപ്പ ഗൗതം, ദീപക് ഹൂഡ, ആയുഷ് ബഡോണി, കരൺ ശർമ, റൊമാരിയോ ഷെപ്പേർഡ്, ഡാനിയൽ സാംസ്, അമിത് മിശ്ര, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ, മാർക്ക് വുഡ്, മായങ്ക് യാദവ്, രവി ബിഷ്‌ണോയ്, ജയദേവ് ഉനദ്ഘട്ട്, സ്വപ്നിൽ സിങ്, നവീൻ ഉൾ ഹഖ്, യുധ്‌വീർ ചരക്, യാഷ് താക്കൂർ, പ്രേരക് മങ്കാഡ്.