കേരളം

kerala

ETV Bharat / sports

IPL 2023 | ചെപ്പോക്കില്‍ നിറഞ്ഞാടി റിതുരാജ്; ലഖ്‌നൗവിന് വിജയലക്ഷ്യം 218 റണ്‍സ് - റിതുരാജ് ഗെയ്‌ക്‌വാദ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 218 റണ്‍സ് വിജയ ലക്ഷ്യം. ചെന്നൈക്കായി റിതുരാജ് ഗെയ്‌ക്‌വാദ് അര്‍ധ സെഞ്ചുറി നേടി.

IPL  Chennai Super Kings vs Lucknow Super Giant  Chennai Super Kings  Lucknow Super Giant  CSK vs LSG score updates  Ruturaj Gaikwad  MS Dhoni  KL Rahul  IPL 2023  ഐപിഎല്‍  ഐപിഎല്‍ 2023  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്  എംഎസ്‌ ധോണി  റിതുരാജ് ഗെയ്‌ക്‌വാദ്  കെഎല്‍ രാഹുല്‍
IPL 2023 | ചെപ്പോക്കില്‍ നിറഞ്ഞാടി റിതുരാജ്

By

Published : Apr 3, 2023, 9:43 PM IST

ചെന്നൈ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടി ചെന്നൈ സൂപ്പര്‍ കിങ്‌സ്. സ്വന്തം തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത ഓവറില്‍ എഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 217 റണ്‍സാണ് നേടിയത്. വെടിക്കെട്ട് അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ പ്രകടനമാണ് ടീമിനെ മികച്ച നിലയിലേക്ക് നയിച്ചത്.

31 പന്തില്‍ മൂന്ന് ഫോറുകളും നാല് സിക്‌സും സഹിതം 57 റണ്‍സാണ് താരം നേടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് റിതുരാജ് അര്‍ധ സെഞ്ചുറി അടിക്കുന്നത്. ഡെവൺ കോൺവേ ( 29 പന്തില്‍ 47), അമ്പാട്ടി റായിഡു (14 പന്തില്‍ 27) എന്നിവരും നിര്‍ണായകമായി.

മികച്ച തുടക്കമായിരുന്നു ഓപ്പണര്‍മാരായ റിതുരാജും ഡെവൺ കോൺവേയും നല്‍കിയത്. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഇരുവരും ചേര്‍ന്ന് 79 റണ്‍സ് ടീം ടോട്ടലില്‍ ചേര്‍ത്തിരുന്നു. റിതുരാജായിരുന്നു കൂടുതല്‍ അപകടകാരി. പവര്‍പ്ലേക്ക് പിന്നാലെ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 25 പന്തില്‍ നിന്നായിരുന്നു റിതുരാജ് 50ല്‍ എത്തിയത്.

തുടര്‍ന്ന് 8ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് ചെന്നൈയെ 100 കടത്തി. എന്നാല്‍ 10ാം ഓവറിന്‍റെ ആദ്യ പന്തില്‍ റിതുരാജിനെ വീഴ്‌ത്തി രവി ബിഷ്‌ണോയി ലഖ്‌നൗവിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. അധികം വൈകാതെ കോണ്‍വേയും വീണു. മാര്‍ക്ക് വുഡിന്‍റെ പന്തില്‍ ക്രുണാല്‍ പിടികൂടിയായിരുന്നു താരത്തിന്‍റെ മടക്കം.

തുടര്‍ന്ന് ഒന്നിച്ച ശിവം ദുബെയും മൊയിന്‍ അലിയും ചേര്‍ന്ന് ചെന്നൈയെ മുന്നോട്ട് നയിച്ചു. എന്നാല്‍ ദുബെയെ (16 പന്തില്‍ 27) മാര്‍ക്ക് വുഡിന്‍റെ കയ്യിലെത്തിച്ച് രവി ബിഷ്‌ണോയ് ഈ കൂട്ടുകെട്ട് പൊളിച്ചു. 32 റണ്‍സാണ് ദുബെയും അലിയും കൂട്ടിച്ചേര്‍ത്തത്. വൈകാതെ മോയിന്‍ അലിയും (13 പന്തില്‍ 19) തിരിച്ച് കയറി.

പിന്നീടെത്തിയ ബെന്‍ സ്റ്റോക്‌സിന് (8 പന്തില്‍ 8) കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിനിടെ അമ്പാട്ടി റായിഡു ഒരറ്റത്ത് നിന്നെങ്കിലും രവീന്ദ്ര ജഡേജ (6 പന്തില്‍ 3) നിരാശപ്പെടുത്തി. എട്ടാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ എംഎസ്‌ ധോണി നേരിട്ട ആദ്യ രണ്ട് പന്തുകളിലും സിക്‌സര്‍ പറത്തിയെങ്കിലും മൂന്നാം പന്തില്‍ മാര്‍ക്ക് വുഡിന് വിക്കറ്റ് നല്‍കി മടങ്ങി. അമ്പാട്ടി റായിഡുവിനൊപ്പം മിച്ചല്‍ സാന്‍റ്‌നര്‍ (1 പന്തില്‍ 1) പുറത്താവാതെ നിന്നു. ലഖ്‌നൗവിനായി രവി ബിഷ്‌ണോയ്‌, മാര്‍ക്ക് വുഡ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

നേരത്തെ ടോസ് നേടിയ ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ചെന്നൈയെ ബാറ്റിങ്ങിന് അയയ്‌ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെ ചെന്നൈ ഇറങ്ങിയപ്പോള്‍ ലഖ്‌നൗ ഒരു മാറ്റം വരുത്തി. പേസര്‍ ജയ്ദേവ് ഉനദ്ഘട്ട് പുറത്തായപ്പോള്‍ യാഷ് താക്കൂറാണ് ടീമിലിടം നേടിയത്.

ചെന്നൈ സൂപ്പർ കിങ്‌സ് (പ്ലേയിങ്‌ ഇലവൻ): ഡെവൺ കോൺവേ, റിതുരാജ് ഗെയ്‌ക്‌വാദ്, മൊയിൻ അലി, ബെൻ സ്‌റ്റോക്‌സ്, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, മിച്ചൽ സാന്റ്‌നർ, ദീപക് ചാഹർ, ആർഎസ് ഹംഗാർഗെക്കർ.

ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് (പ്ലേയിങ്‌ ഇലവൻ): കെ എൽ രാഹുൽ (ക്യാപ്റ്റന്‍), കെയ്ൽ മേയേഴ്‌സ്, ദീപക് ഹൂഡ, ക്രുനാൽ പാണ്ഡ്യ, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പര്‍), കൃഷ്ണപ്പ ഗൗതം, മാർക്ക് വുഡ്, രവി ബിഷ്ണോയ്, യാഷ് താക്കൂർ, അവേഷ് ഖാൻ.

ABOUT THE AUTHOR

...view details