ന്യൂഡല്‍ഹി : ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്‍റെ 16ാം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ രണ്ടാം വിജയം ഒരുക്കുന്നതില്‍ നിര്‍ണായകമായ പ്രകടനം നടത്തിയ താരമാണ് സായ് സുദര്‍ശന്‍. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 21കാരനായ സായ് സുദര്‍ശന്‍ നേടിയ അപരാജിത അര്‍ധ സെഞ്ചുറിയായിരുന്നു ഗുജറാത്തിന് വിജയം ഉറപ്പിച്ചത്. ഡല്‍ഹി നേടിയ 162 റൺസ് പിന്തുടർന്നിറങ്ങിയ ഗുജറാത്തിന്‍റെ മുന്‍നിര ബാറ്റര്‍മാര്‍ വേഗത്തില്‍ തിരിച്ച് കയറിയപ്പോള്‍ ഒരറ്റത്ത് നിലയുറപ്പിച്ചായിരുന്നു 21കാരന്‍ പൊരുതിയത്.
ഒടുവില്‍ 48 പന്തിൽ നാല് ഫോറുകളും രണ്ട് സിക്‌സും സഹിതം 62* റണ്‍സുമായി പുറത്താവാതെ നിന്നായിരുന്നു താരം ഗുജറാത്തിന്‍റെ വിജയം ഉറപ്പിച്ചത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സായ് സുദര്‍ശനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ സ്‌പിന്നര്‍ അനില്‍ കുംബ്ലെ. സായ് സുദര്‍ശന്‍ മികച്ച താരമാണെന്നും പേസിനേയും സ്‌പിന്നിനേയും ഒരു പോലെ നേരിടാന്‍ താരത്തിന് കഴിയുന്നുണ്ടെന്നും ഇന്ത്യയുടെയും പഞ്ചാബ് കിങ്‌സിന്‍റെയും മുന്‍ പരിശീലകന്‍ കൂടിയായ കുംബ്ലെ പറഞ്ഞു.
"അവന്‍ വളരെ മികച്ച താരമാണ്. പേസര്‍മാര്‍ക്കെതിരെയും സ്‌പിന്നര്‍മാര്‍ക്കെതിരെയും നല്ല രീതിയിലാണ് കളിക്കുന്നത്. ആദ്യ മത്സരത്തില്‍ ഒരു ഇംപാക്‌ട് പ്ലെയറായാണ് അവന്‍ കളിച്ചത്. തീർച്ചയായും ഒരു ഇംപാക്ട് സൃഷ്ടിച്ചു. അവന്‍ ഒരു കാമിയോ റോളാണ് കളിച്ചത്" - അനിൽ കുംബ്ലെ പറഞ്ഞു.
ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത് സായ് സുദര്‍ശനും വിജയ് ശങ്കറും ചേര്‍ന്നാണെന്നും അനില്‍ കുംബ്ലെ കൂട്ടിച്ചേര്‍ത്തു. "ഡല്‍ഹിക്കെതിരെ തുടക്കത്തില്‍ തന്നെ ഗുജറാത്തിന് മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. പ്രധാന താരങ്ങളാണ് തിരിച്ച് കയറിയത്. ആദ്യം വൃദ്ധിമാന്‍ സാഹയും പിന്നാലെ ശുഭ്‌മാന്‍ ഗില്ലും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും പുറത്തായി. തുടര്‍ന്നൊന്നിച്ച തമിഴ്‌നാട് താരങ്ങളാണ് (സായ് സുദര്‍ശന്‍-വിജയ് ശങ്കര്‍) ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്" - അനിൽ കുംബ്ലെ വ്യക്തമാക്കി.