കേരളം

kerala

ETV Bharat / sports

രാഹുലിന്‍റെ മേല്‍ ഒരു കുറ്റവുമില്ല, ലഖ്‌നൗവിനെ തോല്‍പ്പിച്ചത് മറ്റുള്ളവര്‍; പിന്തുണയുമായി ടോം മൂഡി - കെഎല്‍ രാഹുലിനെ പിന്തുണച്ച് ടോം മൂഡി

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ പ്രകടനത്തിന് കടുത്ത വിമര്‍ശനം നേരിടുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെഎല്‍ രാഹുലിനെ പിന്തുണച്ച് ടോം മൂഡി.

IPL 2023  Tom Moody on KL Rahul  Tom Moody  KL Rahul  lucknow super giants  Tom Moody Support KL Rahul  കെഎല്‍ രാഹുല്‍  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  ടോം മൂഡി  ഗുജറാത്ത് ടൈറ്റന്‍സ്  കെഎല്‍ രാഹുലിനെ പിന്തുണച്ച് ടോം മൂഡി
രാഹുലിന്‍റെ മേല്‍ ഒരു കുറ്റവുമില്ല

By

Published : Apr 25, 2023, 7:07 PM IST

മുംബൈ: ടി20 ഫോര്‍മാറ്റിലെ സ്‌ട്രൈക്ക് റേറ്റിന്‍റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന താരമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍. ഐപിഎല്ലില്‍ ടീമിന്‍റെ വിജയത്തിന് പകരം ഓറഞ്ച് ക്യാപ്പിന് വേണ്ടിയാണ് രാഹുല്‍ കളിക്കുന്നതെന്നാണ് വിമര്‍ശകരുടെ പക്ഷം. ഐപിഎല്ലില്‍ കഴിഞ്ഞ ശനിയാഴ്‌ച ഗുജറാത്ത് ടൈറ്റന്‍സിനോട് ലഖ്‌നൗ തോല്‍വി വഴങ്ങിയപ്പോളും വിമര്‍ശകര്‍ വിരല്‍ ചൂണ്ടിയത് നായകന്‍ കെഎല്‍ രാഹുലിന് നേരെയാണ്.

മത്സരത്തിന്‍റെ അവസാന ഓവര്‍ വരെ ബാറ്റ് ചെയ്‌തുവെങ്കിലും ലഖ്‌നൗ ഓപ്പണറായ രാഹുലിന് ടീമിന്‍റെ വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 61 പന്തില്‍ എട്ട് ബൗണ്ടറികളോടെ 68 റണ്‍സായിരുന്നു താരം നേടിയത്. 111.48 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.

ഗുജറാത്ത് ജയന്‍റ്‌സിനെതിരെ സ്വന്തം തട്ടകമായ ഏക്‌ന സ്റ്റേഡിയത്തില്‍ ഏഴ്‌ റണ്‍സിനായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ഉയര്‍ത്തിയ136 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് നിശ്ചിത ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 128 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗവിന് ഓപ്പണര്‍മാരായ കെഎല്‍ രാഹുലും കെയ്‌ൽ മേയേഴ്‌സും ചേർന്ന് മികച്ച തുടക്കമായിരുന്നു നല്‍കിയത്. ഓപ്പണിങ്‌ വിക്കറ്റിൽ 55 റൺസായിരുന്നു ഇരുവരും കൂട്ടിച്ചേര്‍ത്തത്. കെയ്‌ൽ മേയേഴ്‌സിന്‍റെ പുറത്താവലിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയായിരുന്നു ഗുജറാത്ത് ജയം പിടിച്ചത്.

ഇതിന് പിന്നാലെ രാഹുലിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കും മൂര്‍ച്ച കൂടിയിരുന്നു. രാഹുലിന്‍റെ മെല്ലെപ്പോക്കാണ് ലഖ്‌നൗവിനെ തോല്‍വിയിലേക്ക് തള്ളിവിട്ടതെന്നായിരുന്നു ഇക്കൂട്ടരുടെ ആരോപണം. എന്നാല്‍ രാഹുലിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഓസീസിന്‍റെ മുന്‍ താരവും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ മുന്‍ പരിശീലകനുമായിരുന്ന ടോം മൂഡി.

രാഹുലിന് മറ്റ് താരങ്ങളുടെ പിന്തുണ ലഭിക്കാതിരുന്നതോടെയാണ് ലഖ്‌നൗ ഗുജറാത്തിനോട് തോല്‍വി വഴങ്ങിയതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. "ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ തോല്‍വിയില്‍ കെഎൽ രാഹുലിന്‍റെ മേൽ കുറ്റമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

ടീമിലെ മറ്റ് താരങ്ങളുടെ പ്രകടനമാണ് തോല്‍വിക്ക് വഴിയൊരുക്കിയത്. രാഹുലും കെയ്‌ല്‍ മേയേഴ്‌സും ചേർന്ന് കുറഞ്ഞ ലക്ഷ്യം പിന്തുടരുന്നതിനായി മികച്ച അടിത്തറയൊരുക്കിയിരുന്നു. ക്രുണാൽ പാണ്ഡ്യ മൂന്നാം നമ്പറിൽ വരണമായിരുന്നോ ഇല്ലയോ എന്നത് അവശേഷിക്കുന്ന ഒരു ചോദ്യമാണ്.

മികച്ച തുടക്കത്തിന് ശേഷമുള്ള രാഹുലിന്‍റെ സംഭാവനയും പര്യാപ്‌തമായിരുന്നു. പക്ഷെ തുടര്‍ന്നുള്ള ബാറ്റിങ്‌ ഓർഡറിനെ ചുറ്റിപ്പറ്റിയുള്ള തന്ത്രത്തിലെന്നപോലെ ടീമിലെ ബാക്കിയുള്ളവരുടെ പ്രകടനവും വ്യത്യസ്‌തമായിരുന്നു", ടോം മൂഡി പറഞ്ഞു. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടായിരുന്നു സണ്‍റൈസേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച പരിശീലകന്‍റെ വാക്കുകള്‍.

2016- സീസണിലായിരുന്നു ടോം മൂഡിക്ക് കീഴിലിറങ്ങിയ ഹൈദരാബാദ് ചാമ്പ്യന്മാരായത്. അതേസമയം ഗുജറാത്തിനെതിരെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌ത രാഹുലിന് ആദ്യ ഓവറില്‍ റണ്‍സൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. 2014ന് ശേഷം ഐപിഎല്ലില്‍ താരം മെയ്‌ഡന്‍ ആക്കുന്ന പതിനൊന്നാമത്തെ ആദ്യ ഓവര്‍ ആയിരുന്നുവിത്. എന്നാല്‍ തുടര്‍ന്ന് താളം കണ്ടെത്തിയ രാഹുല്‍ 38 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു.

ALSO READ:ഉമ്രാനെ വിശ്വാസമില്ലെങ്കില്‍ പിന്നെ എന്തിന് കളിപ്പിക്കുന്നു?; ഹൈദരാബാദിനോട് കടുപ്പിച്ച് വസീം ജാഫര്‍

ABOUT THE AUTHOR

...view details