ഹൈദരാബാദ് :ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ്. ടോസ് നേടിയ ബാംഗ്ലൂർ നായകൻ ഫാഫ് ഡു പ്ലസിസ് ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ബാംഗ്ലൂർ ഇന്ന് സണ്‍റൈസേഴ്‌സിനെ നേരിടാനൊരുങ്ങുന്നത്.
മറുവശത്ത് അഞ്ച് മാറ്റങ്ങളുമായാണ് സണ്‍റൈസേഴ് ഇന്ന് എത്തുന്നത്. മായങ്ക് മാർക്കണ്ഡെ, മാർക്കോ ജാൻസെൻ, ടി നടരാജൻ, സൻവീർ സിങ്, ഫസൽഹഖ് ഫാറൂഖി എന്നിവർക്ക് പകരം ഹാരി ബ്രൂക്ക്, ഗ്ലെൻ ഫിലിപ്‌സ്, കാർത്തിക് ത്യാഗി, മായങ്ക് ദാഗർ, നിതീഷ് റെഡ്ഡി എന്നിവർ ടീമിൽ ഇടം നേടി.
ബാംഗ്ലൂരിന് ജയിച്ചേ തീരൂ : പ്ലേഓഫ് ഉറപ്പിക്കാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇന്നത്തെ മത്സരം വളരെ നിർണായകമാണ്. 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുള്ള ബാംഗ്ലൂർ നിലവിൽ പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ ബാംഗ്ലൂരിന് ആദ്യ നാലിൽ കടക്കാൻ സാധിക്കുകയുള്ളൂ. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ വീഴ്‌ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍ ഇന്ന് കളത്തിലിറങ്ങുന്നത്.
ക്യാപ്‌റ്റന്‍ ഫാഫ് ഡുപ്ലെസിസിലും, ഗ്ലെൻ മാക്‌സ്‌വെല്ലിലുമാണ് ടീമിന്‍റെ പ്രതീക്ഷ. ബാറ്റിങ്ങില്‍ നഷ്‌ടപ്പെട്ട താളം വിരാട് കോലി കൂടി വീണ്ടെടുത്താൽ ഹൈദരാബാദ് ബൗളിങ് നിര വിയർക്കേണ്ടി വരും. അവസാന രണ്ട് മത്സരങ്ങളിലും കോലിക്ക് ബാറ്റ് കൊണ്ട് കാര്യമായ സംഭാവനകളൊന്നും നല്‍കാനായിരുന്നില്ല. കൂടാതെ താരത്തിന്‍റെ മെല്ലെപ്പോക്കും ടീമിന് തിരിച്ചടിയാകുന്നുണ്ട്.
ബാംഗ്ലൂരിന്‍റെ ബോളർമാർ മികച്ച ഫോമിൽ തന്നെയാണ് കളിക്കുന്നത്. മുഹമ്മദ് സിറാജ്, വെയ്‌ൻ പാർനെൽ എന്നിവർ അടങ്ങുന്ന പേസ് നിരയും കരണ്‍ ശർമയുടെ നേതൃത്വത്തിലുള്ള സ്‌പിൻ നിരയും ബാറ്റർമാരെ വീഴ്‌ത്താൻ കെൽപ്പുള്ളവരാണ്. അടുത്ത മത്സരം ശക്‌തരായ ഗുജറാത്തിനെതിരെയായതിനാൽ ഇന്നത്തെ മത്സരത്തിൽ വലിയ വിജയം നേടി പോയിന്‍റ് പട്ടികയിൽ മുന്നേറാനാകും ബാംഗ്ലൂരിന്‍റെ ശ്രമം.