ഹൈദരാബാദ്:ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ മത്സരത്തിന് സഞ്‌ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഇറങ്ങും. ഉപ്പല്‍ സ്റ്റേഡിയം വേദിയാകുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് റോയല്‍സിന്‍റെ എതിരാളികള്‍. വൈകുന്നേരം 3.30 മുതലാണ് മത്സരം.
കഴിഞ്ഞ സീസണിലെ റണ്ണര്‍ അപ്പുകളാണ് രാജസ്ഥാന്‍ റോയല്‍സ്. ഇക്കുറിയും അതേ പ്രകടനം ആവര്‍ത്തിച്ച് കൈ അകലത്തില്‍ നഷ്‌ടപ്പെട്ട കിരീടം നേടാനായിരിക്കും ടീം ശ്രമിക്കുക. സ്‌പെഷ്യലിസ്റ്റ് താരങ്ങളാല്‍ സമ്പന്നമാണെങ്കിലും മികച്ച ഓള്‍റൗണ്ടര്‍മാരില്ലാത്തതാണ് റോയല്‍സിന്‍റെ പ്രധാന ദൗര്‍ബല്യം.
അവസാന സീസണില്‍ എട്ടാം സ്ഥാനക്കാരായി മടങ്ങേണ്ടി വന്ന ടീം ആണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കഴിഞ്ഞ വര്‍ഷത്തെ ടീമില്‍ നിന്നും വമ്പന്‍ അഴിച്ച് പണികള്‍ നടത്തിയാണ് ഓറഞ്ച് പട പുതിയ സീസണിലേക്ക് ഒരുങ്ങിയിരിക്കുന്നത്. പുതിയ നായകനും പരിശീലകനും കീഴില്‍ കഴിഞ്ഞ സീസണിലെ നാണക്കേട് മാറ്റാനാകുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ.
മാര്‍ക്രം ഇല്ല, ഭുവി നയിക്കും:രാജസ്ഥാന്‍ റോയല്‍സിനെ നേരിടാന്‍ ക്യാപ്‌റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം ഇല്ലാതെയാണ് സണ്‍റൈസേഴ്‌സ് ഇന്ന് ഇറങ്ങുക. മാര്‍ക്രമിന്‍റെ അഭാവത്തില്‍ പേസ് ബോളര്‍ ഭുവനേശ്വര്‍ കുമാര്‍ ആണ് ടീമിനെ നയിക്കുക. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിനൊപ്പമുള്ള മാര്‍ക്രം നാളെ ഇന്ത്യയിലെത്തും.
വെടിക്കെട്ട് തീര്‍ക്കാന്‍ ബാറ്റര്‍മാര്‍:തുടക്കം മുതല്‍ തന്നെ ബാറ്റിങ്ങ് വെടിക്കെട്ട് തീര്‍ക്കാന്‍ ശേഷിയുള്ള താരങ്ങള്‍ ഇരു നിരയിലുമുണ്ട്. രാജസ്ഥാന് തകര്‍പ്പന്‍ തുടക്കം നല്‍കാന്‍ ജോസ് ബട്‌ലര്‍, യശ്വസി ജെയ്‌സ്വാള്‍ എന്നിവര്‍ ഇറങ്ങുമ്പോള്‍ മറുവശത്ത് മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ എന്നിവരാകും ഹൈദരാബാദിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഓപ്പണര്‍ ബാറ്ററായി മികവ് തെളിയിച്ചിട്ടുള്ള താരമാണ് ഹൈദരാബാദിന്‍റെ രാഹുല്‍ ത്രിപാഠിയും.
ക്യാപ്‌റ്റന്‍ സഞ്ജു സാംസണ്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്‌ദത്ത് പടിക്കല്‍ തുടങ്ങിയ താരങ്ങളും റോയല്‍സ് ബാറ്റിങ്ങ് ഓര്‍ഡറിന്‍റെ കരുത്താണ്. രവിചന്ദ്ര അശ്വിന്‍, ജേസന്‍ ഹോള്‍ഡര്‍ തുടങ്ങിയ താരങ്ങളും വാലറ്റത്ത് ബാറ്റിങ് വിസ്‌ഫോടനം തീര്‍ക്കാന്‍ ശേഷിയുള്ളവരാണ്.
മധ്യനിരയില്‍ ഹാരി ബ്രൂക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ പ്രധാന ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ താരലേലത്തില്‍ 13.25 കോടി ചെലവാക്കിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൂടാരത്തിലെത്തിച്ചത്. ഗ്ലെന്‍ ഫിലിപ്‌സ്, അബ്‌ദുല്‍ സമദ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ പ്രകടനും ആതിഥേയര്‍ക്ക് നിര്‍ണായകമാകും.
പേസും സ്‌പിന്നും : ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍മാരാണ് ആതിഥേയരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ കരുത്ത്. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ഫാസ്റ്റ് ബോളിങ് നിരയില്‍ ഉമ്രാന്‍ മാലിക്, ടി നടരാജന്‍ എന്നിവരും അണിനിരക്കും. നടരാജന്‍റെ മടങ്ങി വരവ് ടീമിന്‍റെ ഡെത്ത് ഓവര്‍ ബോളിങ്ങിലെ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കുന്നതാണ്.
സ്‌പിന്‍ ബോളര്‍മാരാണ് റോയല്‍സിന്‍റെ കരുത്ത്. രവിചന്ദ്ര അശ്വിന്‍ യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഏത് ബാറ്റിങ് നിരയേയും കറക്കി വീഴ്‌ത്താന്‍ കെല്‍പ്പുള്ളവരാണ്. ഓസീസ് സ്‌പിന്നര്‍ ആദം സാംപയും ഇക്കുറി ടീമിനൊപ്പമുണ്ട്.
കണക്കില്‍ തുല്യശക്തികള്‍: ഐപിഎല്‍ ചരിത്രത്തില്‍ ഇരു ടീമുകളും ഇതുവരെ 16 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ രണ്ട് ടീമുകള്‍ക്ക് എട്ട് വീതം ജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്ന് എണ്ണത്തില്‍ റോയല്‍സ് ആയിരുന്നു ജയം നേടിയത്.
കഴിഞ്ഞ സീസണില്‍ ഇരു ടീമും നേര്‍ക്കുനേര്‍ വന്ന മത്സരത്തിലും ഹൈദരാബാദിന് തോറ്റ് മടങ്ങേണ്ടി വന്നിരുന്നു. അതേസമയം രാജീവ് ഗാന്ധി ഇന്‍റര്‍നാഷ്‌ണല്‍ സ്റ്റേഡിയത്തില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ രാജസ്ഥാനോട് തോല്‍വി വഴങ്ങിയിട്ടില്ലെന്നുള്ളത് ഹൈദരാബാദിന് ആത്മവിശ്വാസം നല്‍കുന്ന കണക്കാണ്.
ലൈവായി കാണാം:സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് ഐപിഎല്‍ പതിനാറാം സീസണിലെ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും മത്സരം ഓണ്‍ലൈനായും സ്ട്രീം ചെയ്യും.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്‌ക്വാഡ്:മായങ്ക് അഗര്‍വാള്‍, ഹാരി ബ്രൂക്ക്, എയ്‌ഡന്‍ മാര്‍ക്രം, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, ഗ്ലെന്‍ ഫിലിപ്‌സ്, അബ്‌ദുള്‍ സമദ്, ഹെൻറിച്ച് ക്ലാസന്‍, വാഷിങ്ടണ്‍ സുന്ദര്‍, ആദില്‍ റഷീദ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, കാര്‍ത്തിക് ത്യാഗി, ടി നടരാജന്‍, മാര്‍കോ ജാന്‍സെന്‍, മായങ്ക് മര്‍കണ്ഡെ, വിവ്രാന്ത് ശര്‍മ, ഫസല്‍ഹഖ് ഫാറൂഖി, അകെയ്ല്‍ ഹുസൈന്‍, സമര്‍തഥ് വ്യാസ്, സന്‍വീര്‍ സിങ്, ഉപേന്ദ്ര സിങ് യാദവ്, മായങ്ക് ദാഗര്‍, നിതീഷ് കുമാര്‍ റെഡ്ഡി, അന്‍മോല്‍പ്രീത് സിങ്.
രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്: സഞ്ജു സാംസൺ (സി), യശസ്വി ജയ്‌സ്‌വാൾ, ഷിമ്രോൺ ഹെറ്റ്‌മെയർ, ദേവ്ദത്ത് പടിക്കൽ, ജോസ് ബട്‌ലർ, ധ്രുവ് ജുറൽ, റിയാൻ പരാഗ്, സന്ദീപ് ശർമ, ട്രെന്‍റ് ബോൾട്ട്, ഒബേദ് മക്കോയ്, നവ്ദീപ് സൈനി, കുൽദീപ് സെൻ, കുൽദീപ് യാദവ്, ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, കെസി കരിയപ്പ, ജേസൺ ഹോൾഡർ, ഡോണോവൻ ഫെരേര, കുനാൽ റാത്തോഡ്, ആദം സാംപ, കെഎം ആസിഫ്, മുരുകൻ അശ്വിൻ, ആകാശ് വസിഷ്‌ഠ്, അബ്‌ദുല്‍ പിഎ, ജോ റൂട്ട്.