ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടേറ്റ വമ്പന്‍ തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. ഏറെ നിര്‍ണായകമായ മത്സരത്തില്‍ 112 റണ്‍സിന്‍റെ വമ്പന്‍ തോല്‍വിയാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്. ഇതോടെ പോയിന്‍റ് പട്ടികയില്‍ അഞ്ചാമതുണ്ടായിരുന്ന രാജസ്ഥാന്‍ ആറാം സ്ഥാനത്തേക്ക് വീണു.
മറുവശത്താവാട്ടെ ഏഴാം സ്ഥാനത്തുണ്ടായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തുകയും ചെയ്‌തു. സീസണില്‍ ആദ്യം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും വിജയിക്കാന്‍ സഞ്‌ജു സാംസണിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ രാജസ്ഥാന് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കളിച്ച എട്ട് മത്സരങ്ങളിൽ രണ്ടെണ്ണത്തില്‍ മാത്രമാണ് ടീമിന് വിജയിക്കാന്‍ കഴിഞ്ഞതെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
ഇപ്പോഴിതാ സീസണിലെ മികച്ച തുടക്കത്തിന് ശേഷം രാജസ്ഥാന് എന്താണ് സംഭവിച്ചതെന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് നായകന്‍ സഞ്‌ജു സാംസണ്‍. തന്‍റെ പക്കല്‍ അതിനുള്ള ഉത്തരമില്ലെന്നാണ് സഞ്‌ജു പറഞ്ഞിരിക്കുന്നത്.
"യഥാർഥത്തിൽ അതൊരു വലിയ ചോദ്യമാണ്. എവിടെയാണ് തെറ്റ് പറ്റിയത്, ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ എന്‍റെ പക്കല്‍ ഉത്തരമില്ല. ക്ഷമിക്കണം", സഞ്‌ജു സാംസൺ പറഞ്ഞു.
"ഐപിഎല്ലിന്‍റെ സ്വഭാവം നമുക്കെല്ലാവർക്കും അറിയാം. കുറച്ച് ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ മാറി മറിയുമെന്നും. ലീഗ് ഘട്ടങ്ങളുടെ അവസാനത്തിൽ പലപ്പോഴും തമാശയും രസകരവുമായ കാര്യങ്ങൾ സംഭവിക്കുന്നു. നമ്മൾ ശക്തരായിരിക്കണം, പ്രൊഫഷണലായിരിക്കണം.