ഗുവാഹത്തി: ആദ്യ മത്സരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം മത്സരത്തില്‍ പ്രതീക്ഷിച്ച ഫലമായിരുന്നില്ല ഉണ്ടായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 197 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ റോയല്‍സിന്‍റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 192 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
198 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന്‍ റോയല്‍സിനായി നായകന്‍ സഞ്‌ജു സാംസണ്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്‌ചവച്ചത്. രാജസ്ഥാന്‍ 3.2 ഓവറില്‍ 26-2 എന്ന നിലയില്‍ നിന്നപ്പോഴാണ് സഞ്‌ജു ക്രീസിലേക്കെത്തിയത്. നാലാമനായി ക്രീസിലെത്തിയ സഞ്‌ജു 25 പന്ത് നേരിട്ട് 42 റണ്‍സ് അടിച്ചുകൂട്ടി.
അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു സഞ്‌ജുവിന്‍റെ ഇന്നിങ്‌സ്. അതിവേഗം റണ്‍സ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ 11-ാം ഓവര്‍ എറിഞ്ഞ നാഥന്‍ എല്ലിസിന്‍റെ പന്തിലാണ് സഞ്‌ജു പുറത്തായത്. പഞ്ചാബിനെതിരായ 42 റണ്‍സ് പ്രകടനത്തിലൂടെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായും സഞ്‌ജു സാംസണ്‍ മാറി.
ടീമിലെ മുന്‍ വെറ്ററന്‍ താരം അജിങ്ക്യ രഹാനെയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് സഞ്‌ജു ഇന്നലെ മറികടന്നത്. രാജസ്ഥാന് വേണ്ടി 118 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ സഞ്‌ജു ഇതുവരെ 30.46 ശരാശരിയില്‍ 3138 റണ്‍സാണ് നേടിയിട്ടുള്ളത്. രഹാനെ 106 മത്സരങ്ങളില്‍ നിന്നും 3096 റണ്‍സ് റോയല്‍സിന് വേണ്ടി നേടിയിരുന്നു.