ഹൈദരാബാദ്:ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ വിജയത്തുടക്കമിടാന്‍ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സിന് കഴിഞ്ഞിരുന്നു. തങ്ങളുടെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചത്. 72 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമായിരുന്നു സഞ്ജു സാംസണും സംഘവും നേടിയത്.
ഈ വിജയത്തില്‍ നിര്‍ണായകമായ താരമാണ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍. നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങിയ ചഹല്‍ നാല് വിക്കറ്റുകളായിരുന്നു വീഴ്‌ത്തിയത്. ഈ പ്രകടനത്തോടെ ടി20 ക്രിക്കറ്റില്‍ 300 വിക്കറ്റുകളെന്ന നാഴികകല്ല് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമാവാനും ചഹലിന് കഴിഞ്ഞു. എന്നാല്‍ മത്സരവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ട ഒരു വിഡിയോയില്‍ ഇന്ത്യയുടെ യുവ പേസര്‍ ഉമ്രാന്‍ മാലിക് നടത്തിയ വെല്ലുവിളി വെളിപ്പെടുത്തിയിരിക്കുകയാണ് ചഹല്‍.
അവതാരകന്‍റെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനിടെയാണ് ചഹല്‍ ഉമ്രാന്‍റെ വെല്ലുവിളി ഓര്‍ത്തെടുത്തത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ താങ്കള്‍ക്ക് കഴിഞ്ഞിരുന്നുവല്ലോ, താങ്കളുടെ ഒരു മികച്ച ഡെലിവറി ഉമ്രാന്‍ മാലിക് തടഞ്ഞിരുന്നില്ലെങ്കില്‍ വിക്കറ്റുകളുടെ എണ്ണം അഞ്ചാകുമായിരുന്നില്ലേ, അഞ്ച് വിക്കറ്റ് നേട്ടം നഷ്‌ടപ്പെടുത്തിയ ഉമ്രാനോട് എന്താണ് പറയാനുള്ളതെന്നായിരുന്നു അവതാരകന്‍ യുസ്‌വേന്ദ്ര ചഹലിനോട് ചോദിച്ചത്.
ചഹലിന്‍റെ മറുപടി ഇങ്ങനെ... "അധികം ഒന്നുമില്ല... ഞങ്ങള്‍ കണ്ടുമുട്ടുമ്പോഴൊക്കെയും എനിക്കെതിരെ മൂന്ന് സിക്‌സറുകൾ അടിക്കുമെന്ന് അവൻ എന്നോട് പറഞ്ഞതായി ഞാൻ ഓർക്കുന്നു. പക്ഷേ അവൻ ചെയ്‌തില്ല... അതു വളരെ മോശമായിപ്പോയി...!", ഒരു ചിരിയോടെ ചഹൽ പറഞ്ഞു.