ബെംഗളൂരു:ഐപിഎല്‍ 2023 ആദ്യ സൂപ്പര്‍ സണ്‍ഡേയിലെ കിടിലം പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ബെംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ രാത്രി 7.30 മുതലാണ് മത്സരം. കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ മറക്കാന്‍ മുംബൈ ഇറങ്ങുമ്പോള്‍ ആദ്യ കിരീടം തേടിയുള്ള യാത്ര ജയത്തോടെ തുടങ്ങാനാകും ആര്‍സിബിയുടെ ശ്രമം.
തിരിച്ചുവരവിന് മുംബൈ ഇന്ത്യന്‍സ്: അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ രോഹിതും സംഘവും കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായാണ് മടങ്ങിയത്. കളിച്ച 14 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമായിരുന്നു ടീം ജയിച്ചത്. ഇക്കുറി വമ്പന്‍ തിരിച്ചുവരവാണ് മുംബൈ ലക്ഷ്യമിടുന്നത്.
രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നീ ഇന്ത്യന്‍ താരങ്ങളാല്‍ ശക്തമാണ് മുബൈ ബാറ്റിങ് നിര. ഡെവാള്‍ഡ് ബ്രെവിസ് കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ് എന്നീ വിദേശ താരങ്ങള്‍ ബാറ്റിങ് വിസ്‌ഫോടനം തീര്‍ക്കാന്‍ കഴിവുള്ളവരാണ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ താരമായ കാമറൂണ്‍ ഗ്രീനിന്‍റെ പ്രകടനം ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
പരിക്കേറ്റ ജസ്‌പ്രീത് ബുംറ ഇല്ലാത്തത് ടീമിന്‍റെ ഫാസ്റ്റ് ബോളിങ് യൂണിറ്റിന്‍റെ മൂര്‍ച്ച കുറച്ചിട്ടുണ്ട്. ജോഫ്രെ ആര്‍ച്ചറിലൂടെ ബുംറയുടെ അഭാവം മറികടക്കാന്‍ ടീമിന് സാധിക്കുമെന്നണ് ആരാധകരുടെ പ്രതീക്ഷ. സ്‌പിന്‍ യൂണിറ്റില്‍ വമ്പന്‍ പേരുകളൊന്നുമില്ലാത്തതും ടീമിന് തിരിച്ചടിയാണ്.
പ്രതീക്ഷകളുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: കഴിഞ്ഞ തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളിലും ഐപിഎല്‍ പ്ലേ ഓഫില്‍ കടക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനക്കാരായി മുന്നേറിയ ടീം രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാനോട് തോറ്റാണ് പുറത്തായത്. ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിലേക്ക് മത്സരങ്ങള്‍ തിരിച്ചെത്തുമ്പോള്‍ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ.
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മോശം ഹോം റെക്കോഡുള്ള ടീം ആണ് ആര്‍സിബി. ഇവിടെ കളിച്ചിട്ടുള്ള 77 മത്സരങ്ങളില്‍ 36 എണ്ണത്തില്‍ മാത്രമാണ് ആര്‍സിബിക്ക് വിജയം നേടാന്‍ കഴിഞ്ഞിട്ടുള്ളത്. ഫാഫ് ഡു പ്ലെസിസിക്ക് കീഴില്‍ ആദ്യ കിരീടം ലക്ഷ്യമിടുന്ന ആര്‍സിബിയുടെ ആദ്യ എട്ട് മത്സരങ്ങളില്‍ ആറും ചിന്നസ്വാമിയിലാണ് നടക്കുന്നത്. ഇതിലെ പ്രകടനമായിരിക്കും ഇക്കുറി ടീമിന്‍റെ ഭാവി നിര്‍ണയിക്കുക.