കേരളം

kerala

ETV Bharat / sports

IPL 2023: സംഹാര താണ്ഡവമാടി 'കിങ് കോലി', അടിച്ചൊതുക്കി ഡുപ്ലസിസ്; സണ്‍റൈസേഴ്‌സിനെ ചാരമാക്കി ബാംഗ്ലൂരിന്‍റെ തേരോട്ടം

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 187 വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മറികടക്കുകയായിരുന്നു. വിരാട് കോലിയുടെ തകർപ്പൻ സെഞ്ച്വറിയാണ് ബാംഗ്ലൂരിന് തകർപ്പൻ ജയം സമ്മാനിച്ചത്.

Royal Challengers Bangalore  Sunrisers Hyderabad  Thrilling batting of Virat kohli and Faf Duplessis  Virat kohli and Faf Duplessis  Virat kohli  Faf Duplessis  വെടിക്കെട്ടിന് തിരികൊളുത്തി കിങും ഫാഫും  കിങും ഫാഫും  സണ്‍റൈസേഴ്‌സ് ചാരം  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  സണ്‍റൈസേഴ്‌സ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  റോയല്‍ ചലഞ്ചേഴ്‌സ്  ബാംഗ്ലൂര്‍  ഹെന്‍റിച്ച് ക്ലാസന്‍റെ സെഞ്ചുറി പാഴായി
ipl 2023 ബാംഗ്ലൂർ സൺറൈസേഴ്സ്

By

Published : May 18, 2023, 11:25 PM IST

ഹൈദരാബാദ് :ഐപിഎല്ലിന്‍റെ പ്ലേ ഓഫില്‍ തങ്ങളും കാണാമെന്ന സൂചന നല്‍കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. വഴിമുടക്കാനെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ നട്ടെലൊടിച്ചാണ് ബാംഗ്ലൂര്‍ അത്യുഗ്രന്‍ വിജയം സ്വന്തമാക്കിയത്. നിശ്ചിത ഓവറില്‍ സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 187 വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ നാല് പന്തുകൾ ശേഷിക്കെ ബാംഗ്ലൂര്‍ മറികടക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ 172 റൺസിൻ്റെ കൂട്ടുകെട്ട് തീർത്ത കോലിയും ഡുപ്ലസിസും ചേർന്നാണ് ബാംഗ്ലൂരിന് അനായാസ ജയം സമ്മാനിച്ചത്.

കിങ്- ഫാഫ് അഴിഞ്ഞാട്ടം:ടോസ്‌ ജയിച്ചയുടന്‍ തന്നെ ബോളിങ് തെരഞ്ഞെടുത്ത ബാംഗ്ലൂര്‍ ഉദ്യേശം വ്യക്തമാക്കിയിരുന്നുവെങ്കില്‍ ബാറ്റിങിനിറങ്ങിയപ്പോള്‍ അതൊന്നുകൂടി ദൃഢമായി. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി വിരാട് കോലി അതിന്‍റെ വിളംബരവും നടത്തി. പിന്നീട് ക്രീസില്‍ കണ്ടത് കോലിയുടെയും ഫാഫ് ഡുപ്ലെസിസിന്‍റെയും അഴിഞ്ഞാട്ടമായിരുന്നു. ഇരുവരുടെയും ബാറ്റുകൊണ്ട് തലങ്ങും വിലങ്ങും അടികിട്ടി ഹൈദരാബാദ് ബൗളര്‍മാര്‍ വിയര്‍ത്തു.

ഈ കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ ആദ്യ ഓവര്‍ മുതല്‍ ശ്രമിച്ച ഹൈദരാബാദ് തന്ത്രം ഫലം കണ്ടത് പതിനെട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു. വിരാട് കോലിയെ തിരിച്ചയച്ച് ഭുവനേശ്വര്‍ കുമാര്‍ താല്‍കാലിക ആശ്വാസം നല്‍കുമ്പേഴേക്കും മത്സരം ഹൈദരാബാദ് കൈവിട്ടിരുന്നു. 63 പന്തില്‍ നാല് സിക്‌സറുകളും 12 ബൗണ്ടറികളുമായി സെഞ്ച്വറി തികച്ച് രാജകീയമായി തന്നെയായിരുന്നു വിരാട് കോലിയുടെ മടക്കം.

172 റൺസിൻ്റെ അവിശ്വസനീയ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റിൽ കോലിയും ഡുപ്ലസിസും ചേർന്ന് സമ്മാനിച്ചത്. തൊട്ടുപിന്നാലെ 19-ാം ഓവറിലെ രണ്ടാം പന്തില്‍ ഡുപ്ലസിസിനെ നടരാജന്‍ മടക്കിയെങ്കിലും ഈ സമയം ബാംഗ്ലൂര്‍ മത്സരത്തിന്‍റെ സര്‍വാധിപത്യം നേടിക്കഴിഞ്ഞിരുന്നു. മൂന്ന് പന്തില്‍ അഞ്ച് റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും, നാല് പന്തില്‍ നാല് റണ്‍സ് നേടിയ മൈക്കള്‍ ബ്രേസ്‌വെല്ലുമാണ് ബാംഗ്ലൂരിന്‍റെ മറ്റ് ബാറ്റര്‍മാര്‍.

ക്ലാസൻ്റെ ക്ലാസ് സെഞ്ച്വറി: മത്സരത്തില്‍ സണ്‍റൈസേഴ്‌സിനായി ഓപ്പണര്‍മാരായെത്തിയ അഭിഷേക് ശര്‍മയും രാഹുൽ ത്രിപാഠിയും തുടക്കം മുതല്‍ തകര്‍ത്തടി ആരംഭിച്ചിരുന്നു. ഓപ്പണിങ് കൂട്ടുകെട്ട് ദൃഢമായാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും ബാംഗ്ലൂര്‍ മനസിലാക്കി. ഇതിന്‍റെ ഭാഗമായി അഞ്ചാമത്തെ ഓവറിലെ ആദ്യ പന്തില്‍ അഭിഷേക് ശര്‍മയെ മടക്കി മിച്ചൽ ബ്രേസ്വെൽ ബാംഗ്ലൂരിന് ആശ്വാസ ബ്രേക്ക് ത്രൂ നല്‍കി. 14 പന്തില്‍ രണ്ട് ബൗണ്ടറികളുമായി നില്‍ക്കെയാണ് അഭിഷേക്, ലോംറോറിന് ക്യാച്ച് നല്‍കി മടങ്ങിയത്.

രണ്ട് പന്തുകള്‍ക്കിപ്പുറം രാഹുല്‍ ത്രിപാഠിയും കൂടാരം കയറി. ഒരു സിക്‌സും രണ്ട് ബൗണ്ടറികളുമായി 15 റണ്‍സുമായി നിന്ന ത്രിപാഠി ഹര്‍ഷല്‍ പട്ടേലിന് ക്യാച്ച് നല്‍കിയാണ് തിരിച്ചുനടന്നത്. പിന്നാലെയെത്തിയ ക്യാപ്‌റ്റന്‍ എഡന്‍ മാര്‍ക്രമും ക്ലാസനും ചേര്‍ന്ന് സണ്‍റൈസേഴ്‌സ് നിരയുടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ 13-ാം ഓവറില്‍ ഷഹ്‌ബാസ് അഹമ്മദിന്‍റെ പന്തില്‍ മാര്‍ക്രം മടങ്ങിയതോടെ സണ്‍റൈസേഴ്‌സ് ക്യാമ്പ് നിശബ്‌ദമായി. 20 പന്തില്‍ 18 റണ്‍സ് മാത്രമായിരുന്നു സണ്‍റൈസേഴ്‌സ് നായകന്‍റെ സമ്പാദ്യം.

പകരമെത്തിയ ഹാരി ബ്രൂക്ക് അര്‍ധ സെഞ്ച്വറി കഴിഞ്ഞ് കുതിക്കുന്ന ക്ലാസന് മികച്ച പിന്തുണ നല്‍കി. ഈ പിന്തുണയുടെ സഹായത്തോടെ ക്ലാസന്‍ സെഞ്ച്വറി വിരിയിച്ചു. ഇതോടെ സണ്‍റൈസേഴ്‌സ് വഴിമുടക്കിയാവുമെന്ന തോന്നലും ബാംഗ്ലൂര്‍ നിരയില്‍ പ്രകടമായി. സെഞ്ച്വറി നേടിയതോടെ അപകടകാരിയാകാന്‍ സാധ്യതയുള്ള ക്ലാസനെ 19-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ മടക്കി.

ശേഷിക്കുന്ന പന്തുകളില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്താതിരിക്കാന്‍ ബാറ്റര്‍മാര്‍ ശ്രദ്ധിച്ചതോടെ പിന്നാലെയെത്തിയ ഗ്ലെന്‍ ഫിലിപ്പിനെ കൂടെക്കൂട്ടി ഹാരി ബ്രൂക്ക് 186 റണ്‍സില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. ബാംഗ്ലൂരിനായി ബ്രേസ്‌വെല്‍ രണ്ടും ഹര്‍ഷല്‍ പട്ടേല്‍, ഷഹബാസ് അഹമ്മദ്, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

ABOUT THE AUTHOR

...view details