ബെംഗളൂരു: ഐപിഎല്ലില്‍ ടേബിള്‍ ടോപ്പേഴ്‌സായ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് ഏഴ് റണ്‍സിനാണ് സഞ്‌ജുവും സംഘവും കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ നേടിയ 189 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
അര്‍ധ സെഞ്ച്വറി നേടിയ ദേവ്‌ദത്ത് പടിക്കലാണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍. വലിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍റെ തുടക്കം ഞെട്ടലോടെയായിരുന്നു. ആദ്യ ഓവറിന്‍റെ നാലാം പന്തില്‍ തന്നെ ജോസ് ബട്‌ലറെ (2 പന്തില്‍ 0) മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. തുടര്‍ന്ന് ക്രീസിലൊന്നിച്ച യശസ്വി ജയ്‌സ്വാൾ-ദേവ്‌ദത്ത് സഖ്യം രാജസ്ഥാനെ മികച്ച രീതിയില്‍ മുന്നോട്ട് നയിച്ചു. ഒടുവില്‍ 12ാം ഓവറിന്‍റെ നാലാം പന്തില്‍ പടിക്കലിനെ മടക്കിയ ടേവിഡ് വില്ലിയാണ് ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ നല്‍കിയത്.
34 പന്തില്‍ 52 റണ്‍സ് നേടിയ പടിക്കലിനെ ലോങ്-ഓണില്‍ വിരാട് കോലി പിടികൂടുകയായിരുന്നു. ഒരു സിക്‌സും ഏഴ് ഫോറുകളും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്. രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാളിനൊപ്പം 98 റണ്‍സാണ് പടിക്കല്‍ ചേര്‍ത്തത്. പിന്നാലെ ജയ്‌സ്വാളും മടങ്ങുമ്പോള്‍ 13.4 ഓവറില്‍ 108 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. 37 പന്തില്‍ 47 റണ്‍സെടുത്ത ജയ്‌സ്വാളിനെ ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ കോലി പിടികൂടുകയായിരുന്നു.
രണ്ട് സിക്‌സും അഞ്ച് ഫോറുകളുമായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. പിന്നീടെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ നന്നായി തുടങ്ങിയെങ്കിലും ഏറെ നേരം പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. 15 പന്തില്‍ 22 റണ്‍സെടുത്ത സഞ്‌ജു ഹര്‍ഷലിന്‍റെ പന്തില്‍ ഷഹ്ബാസിന്‍റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു.
അഞ്ചാം നമ്പറിലെത്തിയ ഹെറ്റ്‌മെയര്‍ (9 പന്തില്‍ 3) റണ്ണൗട്ടായത് മത്സരത്തില്‍ വഴിത്തിരിവായി. തുടര്‍ന്ന് ഒന്നിച്ച ധ്രുവ് ജുറലും ആര്‍ അശ്വിനും പ്രതീക്ഷ നല്‍കിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ 20 റണ്‍സായിരുന്നു രാജസ്ഥാന് വിജയത്തിനായി വേണ്ടിയിരുന്നത്.
ഹര്‍ഷല്‍ പട്ടേലിനെയായിരുന്നു ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി പന്തേല്‍പ്പിച്ചത്. ആദ്യ പന്തില്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന ആര്‍ അശ്വിന്‍ ബൗണ്ടറി കണ്ടെത്തി. രണ്ടാം പന്തില്‍ ഡബിളോടിയ താരം മൂന്നാം പന്തില്‍ വീണ്ടും ബൗണ്ടറിയടിച്ചു. ഇതോടെ അവസാന മൂന്ന് പന്തില്‍ രാജസ്ഥാന്‍റെ ലക്ഷ്യം 10 റണ്‍സ് എന്ന നിലയിലെത്തി.
എന്നാല്‍ നാലാം പന്തില്‍ സിക്‌സര്‍ കണ്ടെത്താനുള്ള അശ്വിന്‍റെ (6 പന്തില്‍ 12) ശ്രമം സുയാഷിന്‍റെ കയ്യില്‍ അവസാനിച്ചതോടെ രാജസ്ഥാന്‍റെ പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചു. തുടര്‍ന്നുള്ള പന്തുകള്‍ക്കായി മലയാളി താരം അബ്‌ദുള്‍ ബാസിത് (2 പന്തില്‍ 1) ഇംപാക്‌ട് പ്ലെയര്‍ ആയെത്തിയെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ബാസിത്തിനൊപ്പം ധ്രുവ് ജുറലും (16 പന്തില്‍ 34*) പുറത്താവാതെ നിന്നു. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.