മൊഹാലി :ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്‌സിനെതിരെ മികച്ച സ്‌കോറുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 174 റണ്‍സ് നേടി. ഓപ്പണർമാരായ ഫഫ് ഡുപ്ലസിസിന്‍റെയും (84) നായകൻ വിരാട് കോലിയുടേയും (59) അർധ സെഞ്ച്വറി പ്രകടനമാണ് ബാംഗ്ലൂരിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനായി ഓപ്പണർമാരായ കോലിയും ഡുപ്ലസിസും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 137 റണ്‍സാണ് അടിച്ച് കൂട്ടിയത്. പവർപ്ലേയിൽ 59 റണ്‍സായിരുന്നു ഓപ്പണിങ് സഖ്യം സ്വന്തമാക്കിയത്. പഞ്ചാബ് ബോളർമാരെ സസൂക്ഷ്മം നേരിട്ട ഇരുവരും മോശം പന്തുകൾ തെരഞ്ഞ് പിടിച്ച് അടിക്കുകയായിരുന്നു.
ഇതിനിടെ 9-ാം ഓവറിന്‍റെ അവസാന പന്തിൽ ഫഫ് ഡുപ്ലസിസ് അർധ സെഞ്ച്വറി പൂർത്തിയാക്കി. ഐപിഎല്ലിലെ തന്‍റെ 29-ാം അർധ സെഞ്ച്വറിയായിരുന്നു ഡുപ്ലസിസ് മൊഹാലിയിൽ സ്വന്തമാക്കിയത്. 12-ാം ഓവറിലാണ് ബാംഗ്ലൂരിന്‍റെ ടീം സ്‌കോർ 100 കടന്നത്. പിന്നാലെ 14-ാം ഓവറിൽ വിരാട് കോലിയും അർധ സെഞ്ച്വറി പൂർത്തിയാക്കി. 40 പന്തിൽ നിന്നാണ് കോലി 50 റണ്‍സ് നേടിയത്.
ഇരട്ട പ്രഹരവുമായി ഹർപ്രീത് ബ്രാർ : അർധ സെഞ്ച്വറി പൂർത്തിയാക്കിയതോടെ ഡു പ്ലസിസ് ഗിയർ മാറ്റി. പഞ്ചാബ് ബോളർമാർക്കെതിരെ കൂറ്റനടികളുമായി കളം നിറഞ്ഞ താരം സ്‌കോർ ബോർഡിന്‍റെ വേഗം കൂട്ടി. ഇരുവരും ചേർന്ന് ബാംഗ്ലൂരിനെ കൂറ്റൻ സ്കോറിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചു. എന്നാൽ 16-ാം ഓവറിന്‍റെ ആദ്യ പന്തിൽ വിരാട് കോലിയെ ഹർപ്രീത് ബ്രാർ കീപ്പർ ജിതേഷ് ശർമയുടെ കൈകളിൽ എത്തിച്ച് ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു.