ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയല്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലിന്‍റെ 16-ാം സീസണിലെ 36-ാം മത്സരമാണിത്.
ബാംഗ്ലൂരിന്‍റെ സ്ഥിരം നായകന്‍ ഫാഫ് ഡുപ്ലെസിസിന് പരിക്കേറ്റതോടെയാണ് വിരാട് കോലിക്ക് ചുമതല ലഭിച്ചത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെയും പോലെ ഇംപാക്‌ട് പ്ലെയറായി ഡുപ്ലെസിസ് എത്തുമെന്ന് കോലി അറിയിച്ചു. അടുത്ത മത്സരത്തിൽ ടീമിന്‍റെ ക്യാപ്റ്റന്‍സിയിലേക്ക് താരത്തിന് മടങ്ങിയെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും കോലി വ്യക്തമാക്കി.
വിക്കറ്റ് മികച്ചതാണെന്ന് തോന്നുന്നതായും ബാംഗ്ലൂര്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു. ടൂര്‍ണമെന്‍റിന്‍റെ രണ്ടാം ഘട്ടത്തിനാണ് തുടക്കമാകുന്നതെന്നും തങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട മത്സരമാണിതെന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ നിതീഷ് റാണ പ്രതികരിച്ചു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് കൊല്‍ക്കത്ത കളിക്കുന്നത്.
കുൽവന്തിന് വേണ്ടി വൈഭവ് അറോറ പ്ലേയിങ് ഇലവനിലെത്തി. പരിക്ക് ഭേദമാവാത്തതിനാല്‍ ശാർദുല്‍ താക്കൂര്‍, ഗുർബാസ് അഹമ്മദ് എന്നിവര്‍ക്ക് ടീമില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞില്ല.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): വിരാട് കോലി(ക്യാപ്റ്റന്‍), ഷഹബാസ് അഹമ്മദ്, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോംറോർ, ദിനേഷ് കാർത്തിക്(വിക്കറ്റ് കീപ്പര്‍), സുയാഷ് പ്രഭുദേശായി, വാനിന്ദു ഹസരംഗ, ഡേവിഡ് വില്ലി, വിജയ്‌കുമാർ വൈശാഖ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിംഗ് ഇലവൻ): എൻ ജഗദീശൻ (വിക്കറ്റ് കീപ്പര്‍), ജേസൺ റോയ്, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രേ റസൽ, സുനിൽ നരെയ്ൻ, ഡേവിഡ് വീസ്, വൈഭവ് അറോറ, ഉമേഷ് യാദവ്, വരുൺ ചക്രവര്‍ത്തി.
ബാംഗ്ലൂരിന്‍റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. 16-ാം സീസണില്‍ തങ്ങളുടെ എട്ടാം മത്സരത്തിനാണ് കൊല്‍ക്കത്തയും ബാംഗ്ലൂരും ഇറങ്ങുന്നത്. കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നും നാല് ജയമുള്ള ബാംഗ്ലൂര്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാമതാണ്.
അവസാനം കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച സംഘം വിജയത്തുടര്‍ച്ചയാണ് ലക്ഷ്യം വയ്‌ക്കുന്നത്. മറുവശത്ത് കളിച്ച ഏഴ് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമുള്ള കൊല്‍ക്കത്ത നിലവിലെ പോയിന്‍റ് പട്ടികയില്‍ എട്ടാമതാണ്. അവസാനം കളിച്ച നാല് മത്സരങ്ങളിലും ടീം തോറ്റിരുന്നു. ഇതോടെ ബാംഗ്ലൂരിനെതിരെ മത്സരം പിടിച്ച് വിജയ വഴിയില്‍ തിരിച്ചെത്താനാവും സംഘത്തിന്‍റെ ശ്രമം.
മുന്‍ കണക്ക്:ഐപിഎല്ലിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നേരിയ മുന്‍ തൂക്കമുണ്ട്. നേരത്തെ 31 മത്സരങ്ങളിലാണ് ഇരു ടീമുകളും നേര്‍ക്കുനേരെത്തിയത്. ഇതില്‍ 17 മത്സരങ്ങളില്‍ കൊല്‍ക്കത്ത വിജയം പിടിച്ചപ്പോള്‍ 14 മത്സരങ്ങളാണ് ബാംഗ്ലൂരിനൊപ്പം നിന്നത്.
16-ാം സീസണില്‍ നേരത്തെ നേര്‍ക്കുനേരെത്തിയപ്പോള്‍ ബാംഗ്ലൂരിനെതിരെ 81 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം നേടാന്‍ കൊല്‍ക്കത്തയ്‌ക്ക് കഴിഞ്ഞിരുന്നു. ഇന്ന് ഈ കണക്ക് തീര്‍ക്കാന്‍ കൂടിയാവും ബാംഗ്ലൂര്‍ ലക്ഷ്യം വയ്‌ക്കുക.
ALSO READ: IPL 2023| ലജ്ജ തോന്നുന്നു; 'ബെല്‍ജിയം കഥ'യ്‌ക്കെതിരെ തുറന്നടിച്ച് ജോഫ്ര ആര്‍ച്ചര്‍