ബാംഗ്ലൂർ: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മടക്ക ടിക്കറ്റ് നൽകി ഗുജറാത്ത് ടൈറ്റൻസ്. ബാംഗ്ലൂരിന്‍റെ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് 5 പന്തുകൾ ശേഷിക്കെ നാല് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. തകർപ്പൻ സെഞ്ച്വറി നേടി കളം നിറഞ്ഞ ശുഭ്മാൻ ഗില്ലാണ് ബാംഗ്ലൂരിന്‍റെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായത്. ബാംഗ്ലൂർ തോറ്റതോടെ 16 പോയിന്‍റുമായി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലേക്ക് യോഗ്യത നേടി.
ബാംഗ്ലൂരിന്‍റെ വലിയ ടോട്ടൽ പിന്തുടർന്നിറങ്ങിയ ഗുജറാത്തിന്‍റെ തുടക്കം മികച്ചതായിരുന്നില്ല. രണ്ടാം ഓവറിന്‍റെ അവസാന പന്തിൽ തന്നെ ഓപ്പണർ വൃദ്ധിമാൻ സാഹയെ ഗുജറാത്തിന് നഷ്‌ടമായി. 14 പന്തിൽ 12 റൺസ് നേടിയ സാഹയെ മുഹമ്മദ് സിറാജാണ് മടക്കിയത്. എന്നാൽ പിന്നാലെ ക്രീസിലെത്തിയ വിജയ് ശങ്കറിനെ കൂട്ടുപിടിച്ച് ശുഭ്മാൻ ഗിൽ സ്കോർ ഉയർത്തുകയായിരുന്നു.
ഇരുവരും ചേർന്ന് തകർത്തടിച്ചതോടെ ഗുജറാത്തിന്‍റെ സ്കോർ അതിവേഗം ഉയർന്നു. ഇതിനിടെ ശുഭ്മാൻ ഗിൽ തന്‍റെ അർധ സെഞ്ച്വറി പൂർത്തിയാക്കി. തൊട്ടു പിന്നാലെ തന്നെ ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തി. പിന്നീടും ഗില്ലും ശങ്കറും ചേർന്ന് കൂറ്റനടികൾ തുടർന്നുകൊണ്ടിരുന്നു. പിന്നാലെ 14-ാം ഓവറിൽ വിജയ് ശങ്കറും 34 പന്തിൽ നിന്ന് തന്‍റെ അർധ സെഞ്ച്വറി പൂർത്തിയാക്കി.
എന്നാൽ തൊട്ടടുത്ത പന്തിൽ തന്നെ താരം പുറത്താകുകയും ചെയ്തു. 35 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 53 റൺസ് നേടിയാണ് ശങ്കർ പുറത്തായത്. തുടർന്ന് ക്രീസിലെത്തിയ ദസുൻ ശനക സംപൂജ്യനായി മടങ്ങി. പിന്നാലെയെത്തിയ ഡേവിഡ് മില്ലറും (6) വളരെ പെട്ടന്ന് പുറത്തായതോടെ ബാംഗ്ലൂർ വിജയം മുന്നിൽ കണ്ടു. എന്നാൽ ഒരു വശത്ത് ബാംഗ്ലൂരിന് വിലങ്ങു തടിയായി ശുഭ്മാൻ ഗിൽ തകർത്തടിക്കുന്നുണ്ടായിരുന്നു.
ഇതോടെ അവസാന ഓവറിൽ ബാംഗ്ലൂരിന്‍റെ വിജയ ലക്ഷ്യം എട്ട് റൺസായി മാറി. എന്നാൽ വെയ്ൻ പാർനെൽ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ നോബോളായി മാറി. ഫ്രീ ഹിറ്റ് പന്തിൽ കൂറ്റനൊരു സിക്സ് നേടി ശുഭ്മാൻ ഗിൽ തന്‍റെ സെഞ്ച്വറിയും ഗുജറാത്തിന്‍റെ വിജയവും സ്വന്തമാക്കുകയായിരുന്നു. ഗിൽ 52 പന്തിൽ എട്ട് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 104 റൺസുമായും രാഹുൽ തെവാട്ടിയ നാല് റൺസുമായും പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ വൈശാഖ് വിജയ് കുമാർ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി.