ലഖ്‌നൗ:ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകർപ്പൻ ജയം. ബാംഗ്ലൂരിൻ്റെ 127 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്‌നൗവിൻ്റെ ഇന്നിങ്സ് 19.5 ഓവറിൽ 108 റൺസിൽ അവസാനിക്കുകയായിരുന്നു. അടിക്ക് തിരിച്ചടിയെന്നോണം തകർത്തെറിഞ്ഞ ബാംഗ്ലൂർ ബോളിങ് നിരയാണ് ലഖ്‌നൗവിൽ നിന്ന് വിജയം തട്ടിയെടുത്തത്.
കുഞ്ഞന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗവിനായി കെയ്‌ല്‍ മെയേഴ്‌സിനൊപ്പം ആയുഷ് ബദോനിയായിരുന്നു ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ഫീഡിങ്ങിനിടെ കെഎല്‍ രാഹുലിന് പരിക്കേറ്റതോടെയാണ് ബദോനിക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. എന്നാല്‍ ആദ്യ ഓവറിന്‍റെ രണ്ടാം പന്തില്‍ തന്നെ മെയേഴ്‌സിനെ പുറത്താക്കിയ മുഹമ്മദ് സിറാജ് സംഘത്തിന് കനത്ത പ്രഹരം നല്‍കി. അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന മെയേഴ്‌സിനെ അനൂജ് റാവത്ത് പിടികൂടുകയായിരുന്നു.
ക്രുണാല്‍ പാണ്ഡ്യയാണ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ഒന്നാം ഓവറില്‍ സിറാജ് എറിഞ്ഞ ഒരു വൈഡില്‍ നിന്നും ലഭിച്ച റണ്‍സ് മാത്രമായിരുന്നു ലഖ്‌നൗ അക്കൗണ്ടില്‍ കയറിയത്. ജോഷ് ഹേസൽവുഡ് എറിഞ്ഞ രണ്ടാം ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് പിറന്നത്. എന്നാല്‍ മൂന്നാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് സിറാജിനെ ഹാട്രിക് ബൗണ്ടറികളോടെ ക്രുണാല്‍ ആക്രമിച്ചു. പക്ഷെ തൊട്ടടുത്ത ഓവറില്‍ ക്രുണാലിനെ (11 പന്തില്‍ 14) മാക്‌സ്‌വെല്‍ മടക്കി.
തുടര്‍ന്ന് ബദോനിയും (11 പന്തില്‍ 4) ദീപക് ഹൂഡയും (2 പന്തില്‍1) നിലയുറപ്പിക്കാന്‍ കഴിയാതെ മടങ്ങിയതോടെ പവര്‍പ്ലേ പിന്നിടുമ്പോള്‍ ലഖ്‌നൗ 35/4 എന്ന നിലയിലേക്ക് തകര്‍ന്നു. തുടർന്നിറങ്ങിയ നിക്കോളാസ് പുരാനും അധിക സമയം പിടിച്ച് നിൽക്കാനായില്ല. 9 റൺസ് മാത്രം നേടിയ താരത്തെ കരൺ ശർമ പുറത്താക്കുകയായിരുന്നു.
പിന്നാലെയെത്തിയ മാർക്കസ് സ്റ്റോയിൻസ്(13), കൃഷ്ണപ്പ ഗൗതം (23), രവി ബിഷ്ണോയ് (5) എന്നിവരും പുറത്തായതോടെ ലഖ്‌നൗ പരാജയം ഉറപ്പിച്ചു. തുടർന്ന് ക്രീസിലെത്തിയ അമിത് മിശ്രയും നവീൻ ഉൾ ഹക്കും ചേർന്ന് അൽപ സമയം പിടിച്ച് നിന്നു. എന്നാൽ ടീം സ്കോർ 103ൽ നിൽക്കെ നവീനിനെയും (13) ലഖ്‌നൗവിന് നഷ്ടമായി. തുടർന്ന് പരിക്കേറ്റ നായകൻ കെഎൽ രാഹുൽ അവസാനക്കാരനായി കളത്തിലെത്തി.
അവസാന ഓവറിൽ 23 റൺസായിരുന്നു ലഖ്‌നൗവിൻ്റെ വിജയലക്ഷ്യം. എന്നാൽ ഓവറിലെ അഞ്ചാം പന്തിൽ അമിത് മിശ്രയെ(19) പുറത്താക്കി ഹർഷൽ പട്ടേൽ ലഖ്‌നൗവിൻ്റെ ഇന്നിങ്സിന് തിരശ്ശീലയിടുകയായിരുന്നു. ബാംഗ്ലൂരിനായി ജോഷ് ഹേസൽവുഡ്, കരൺ ശർമ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്‌സ്‌വെൽ, വനിന്ദു ഹസരങ്ക, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി.
തകർന്ന് വീണ് ബാംഗ്ലൂർ ബാറ്റിങ് നിര: നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ലഖ്‌നൗ സ്‌പിന്നര്‍മാര്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 126 റണ്‍സിന് പിടിച്ച് കെട്ടുകയായിരുന്നു. ലഖ്‌നൗവിനായി നവീൻ ഉൾ ഹഖ് മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ രവി ബിഷ്‌ണോയ്, അമിത് മിശ്ര എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.