മൊഹാലി:ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്‌സിനെതിരെ 24 റണ്‍സിന്‍റെ തകർപ്പൻ ജയവുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ബാംഗ്ലൂരിന്‍റെ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബ് കിങ്സ് 18.2 ഓവറിൽ 150 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജാണ് പഞ്ചാബിനെ തകർത്തെറിഞ്ഞത്. 46 റണ്‍സ് നേടിയ പ്രഭ്‌സിമ്രാൻ സിങിന് മാത്രമാണ് പഞ്ചാബ് നിരയിൽ പിടിച്ച് നിൽക്കാനായത്.
ബാംഗ്ലൂരിന്‍റെ വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന്‍റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. മത്സരത്തിന്‍റെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ അഥർവ ടൈഡെയെ പഞ്ചാബിന് നഷ്‌ടമായി. നാല് റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തുടർന്നിറങ്ങിയ മാത്യു ഷോർട്ടും അധികം വൈകാതെ തന്നെ കൂടാരം കയറി. എട്ട് റണ്‍സെടുത്ത താരം വനിന്ദു ഹസരങ്കയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു.
തൊട്ടടുത്ത ഓവറിൽ തന്നെ സൂപ്പർ താരം ലിയാം ലിവിങ്‌സ്റ്റണെ (2) പുറത്താക്കി മുഹമ്മദ് സിറാജ് പഞ്ചാബിനെ ഞെട്ടിച്ചു. ഇതോടെ 3.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 27 റണ്‍സ് എന്ന നിലയിലായി പഞ്ചാബ്. പിന്നാലെ ഹർപ്രീത് സിങ് ഭാട്ടിയ ക്രീസിലെത്തി. അതേസമയം വിക്കറ്റുകൾ പൊഴിയുമ്പോഴും ഒരു വശത്ത് ഇംപാക്‌ട് പ്ലയറായി കളത്തിലെത്തിയ പ്രഭ്‌സിമ്രാൻ സിങ് തകർത്തടിക്കുകയായിരുന്നു.
ടീം സ്കോർ 43 ൽ നിൽക്കെ ഹർപ്രീത് സിങ് ഭാട്ടിയയും (13) റണ്‍ഔട്ടിലൂടെ പുറത്തായി. ഇതോടെ ക്രീസിലെത്തിയ നായകൻ സാം കറനെ കൂട്ടുപിടിച്ച് പ്രഭ്‌സിമ്രാൻ സിങ് സ്കോർ ഉയർത്തിക്കൊണ്ടിരുന്നു. എന്നാൽ ടീം സ്കോർ 76ൽ നിൽക്കെ സാം കറനും (10) റണ്‍ഔട്ട് ആയി. 11-ാം ഓവറിൽ അർധ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന പ്രഭ്‌സിമ്രാൻ സിങിനെയും പുറത്താക്കി ബാംഗ്ലൂർ വിജയം ഉറപ്പിച്ചു.