മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മുംബൈ ഇന്ത്യന്‍സിന്‍റെ തകര്‍പ്പന്‍ വിജയം ആഘോഷിക്കുകയാണ് ആരാധകര്‍. വാങ്കഡെയില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ റണ്‍മല കയറിയാണ് മുംബൈ ഇന്ത്യന്‍സ് വിജയക്കൊടി നാട്ടിയത്. ഇതോടെ മുംബൈക്ക് സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളിലും ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ഇക്കൂട്ടര്‍ വിശ്വസിക്കുന്നത്.
എന്നാല്‍, രാജസ്ഥാനെതിരായ മത്സരം വിജയിക്കാന്‍ കഴിഞ്ഞതോടെ മുംബൈ ക്യാമ്പില്‍ എല്ലാം ശരിയായെന്ന് തോന്നുമെങ്കിലും അതങ്ങനെയല്ലെന്നാണ് ഇന്ത്യയുടെ മുന്‍ താരം റോബിന്‍ ഉത്തപ്പ പറയുന്നത്. ഡെത്ത് ഓവറുകളില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ബോളിങ് യൂണിന്‍റെ പ്രകടനത്തിലാണ് ഉത്തപ്പ ആശങ്ക പങ്കുവയ്‌ക്കുന്നത്.
"രാജസ്ഥാനെതിരെ ജയിച്ചതോടെ എല്ലാം ശരിയായെന്ന തോന്നല്‍ ഒരു പക്ഷെ മുംബൈ ഇന്ത്യന്‍സിനുണ്ടായേക്കാം. പക്ഷേ അത് അങ്ങനെയല്ല. ബോളിങ്ങിനിറങ്ങുമ്പോള്‍ 15-ാം ഓവർ വരെ അവർ വളരെ മാന്യമായാണ് കളിക്കുന്നത്.
പക്ഷെ ഡെത്ത് ഓവറുകളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങാതെ ഇന്നിങ്‌സ് എങ്ങനെ പൂർത്തിയാക്കാമെന്നതിന് അവര്‍ വഴി കണ്ടെത്തേണ്ടതുണ്ട്. പലപ്പോഴും 170, 180 റണ്‍സൊക്കെയാവും എതിര്‍ ടീം നേടുകയെന്ന് തോന്നും. പക്ഷെ, ഡെത്ത് ഓവറുകളില്‍ അവര്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്നതാണ് കാണാന്‍ കഴിയുന്നത്.
പ്രത്യേകിച്ച് അവസാനത്തെ മൂന്ന് മത്സരങ്ങളില്‍. അവസാന അഞ്ച് ഓവറിൽ അറുപതും എഴുപതും എണ്‍പതും തൊണ്ണൂറും റൺസ് വിട്ടുനല്‍കുന്നത് ടീമിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ്. ഈ പ്രശ്‌നം പരിഹരിക്കാതെ വിജയങ്ങള്‍ നേടുകയെന്നത് അത്ര എളുപ്പമാകില്ല", റോബിന്‍ ഉത്തപ്പ പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സ് ഇന്നിങ്‌സിന്‍റെ അവസാനത്തെ ആറ് ഓവറില്‍ 69 റണ്‍സാണ് മുംബൈ ബോളര്‍മാര്‍ വിട്ട് നല്‍കിയത്. റിലേ മെറിഡിത്തും അർഷാദ് ഖാനുമായിരുന്നു കൂടുതല്‍ റണ്‍സ് വഴങ്ങിയത്. തന്‍റെ നാല് ഓവര്‍ സ്‌പെല്ലില്‍ ദയനീയ പ്രകടനമായിരുന്നു റിലേ മെറിഡിത്ത് നടത്തിയത്.