കൊല്‍ക്കത്ത:ഐപിഎല്‍ പതിനാറാം പതിപ്പ് അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ യുവതാരം യശസ്വി ജയ്‌സ്വാളിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറക്കുമെന്ന് മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്‌ത്രി. ആരൊക്കെ പുറത്ത് പോയാലും ഇല്ലെങ്കിലും അധികം വൈകാതെ തന്നെ ജയ്സ്വാളിന് അവസരം ലഭിക്കുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും ശാസ്‌ത്രി പറഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ജയ്‌സ്വാള്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ശാസ്‌ത്രിയുടെ പ്രതികരണം.
'തന്‍റെ മത്സരങ്ങള്‍ വീക്ഷിക്കുന്നവരെയെല്ലാം ജയ്‌സ്വാള്‍ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഓഫ് സൈഡിലേക്ക് അവന്‍ പായിക്കുന്ന ഷോട്ടുകള്‍ എല്ലാം കുറ്റമറ്റതാണ്. ഐപിഎല്‍ അവസാനിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ അവന്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തും.
സെലക്‌ടര്‍മാര്‍ക്കെല്ലാം ഇഷ്‌ടപ്പെടുന്ന തരത്തിലാണ് അവന്‍റെ ഓരോ പ്രകടനവും. നീണ്ട കാലത്തിന് ശേഷം എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ മികവുള്ള ഒരാളെ ഉള്‍പ്പെടുത്താന്‍ അവര്‍ താത്‌പര്യപ്പെടും. വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്ക് വരുമ്പോള്‍ പ്രത്യേകിച്ച് ടി20 ക്രിക്കറ്റില്‍, അവിടെ ആരൊക്കെ ഉണ്ടാകും എന്ന് പരിഗണിക്കാതെ തന്നെ ആദ്യം തെരഞ്ഞെടുക്കാന്‍ പോകുന്നത് അവനെയായിരിക്കും', രവി ശാസ്‌ത്രി പറഞ്ഞു.
തന്‍റെ കുട്ടിക്കാലത്ത് അവന്‍ അനുഭവിച്ച കഷ്‌ടതകളും മറ്റും ഇനി വരാനിരിക്കുന്ന കഠിനമായ യാത്രകളില്‍ പോരാടാന്‍ അവനെ മാനസികമായി മാത്രമെ സഹായിക്കൂവെന്നും രവി ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയ്‌ക്കെതിരായ ജയ്‌സ്വാളിന്‍റെ 98, സെഞ്ച്വറിക്ക് തുല്യം ആണെന്നും ശാസ്‌ത്രി അഭിപ്രായപ്പെട്ടിരുന്നു.
Also Read :IPL 2023| 'അന്ന് ധോണിയും കോലിയും, ഇന്ന് സഞ്‌ജുവും ജയ്‌സ്വാളും'; 2014 ടി20 ലോകകപ്പിലെ അവിസ്‌മരണീയ നിമിഷം ഓര്‍മിപ്പിച്ച് രാജസ്ഥാന്‍
ജയ്‌സ്വാള്‍ തകര്‍ത്തടിച്ച മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 13.1 ഓവറിലാണ് രാജസ്ഥാന്‍ റോയല്‍സ് മറികടന്നത്. രാജസ്ഥാന്‍ റോയല്‍സിനായി ബാറ്റ് ചെയ്യാനെത്തിയത് മുതല്‍ തകര്‍പ്പനടികളുമായി ജയ്‌സ്വാള്‍ കളം നിറഞ്ഞിരുന്നു. ആദ്യ ഓവര്‍ മുതല്‍ അടി തുടങ്ങിയ ജയ്‌സ്വാള്‍ നേരിട്ട 13-ാം പന്തില്‍ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.
ഐപിഎല്‍ ചരിത്രത്തില്‍ ഒരു താരം ഏറ്റവും വേഗത്തില്‍ സ്വന്തമാക്കുന്ന അര്‍ധസെഞ്ച്വറിയായിരുന്നുവിത്. കെഎല്‍ രാഹുല്‍, പാറ്റ് കമ്മിന്‍സ് എന്നിവരുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് കൊല്‍ക്കെത്തയ്‌ക്കെതിരെ തകര്‍ത്തടിച്ച് ജയ്‌സ്വാള്‍ തന്‍റെ പേരിലേക്ക് മാറ്റിയെഴുതിയത്.
മത്സരത്തില്‍ കൊല്‍ക്കത്തയുടെ ബോളര്‍മാരെല്ലാം ജയ്‌സ്വാളിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. 47 പന്ത് നേരിട്ടായിരുന്നു ജയ്‌സ്വാള്‍ കൊല്‍ക്കത്തയ്‌ക്കെതിരെ 98 റണ്‍സ് നേടിയത്. 12 ഫോറും അഞ്ച് സിക്‌സും മത്സരത്തില്‍ യുവതാരത്തിന്‍റെ ഇന്നിങ്സിന് മാറ്റ് കൂട്ടി.
കൊല്‍ക്കത്തയ്‌ക്കെതിരായ ജയത്തോടെ പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനും രാജസ്ഥാന്‍ റോയല്‍സിനായി. നിലവില്‍ 12 മത്സരങ്ങളില്‍ 12 പോയിന്‍റുമായി രാജസ്ഥാന്‍ മുന്നാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയം പിടിക്കാനായാല്‍ സഞ്‌ജുവിനും സംഘത്തിനും തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്ലേഓഫില്‍ കളിക്കാം.
Also Read :IPL 2023: 'ജയ്‌സ്വാളിന്‍റെ ബാറ്റിങ് ആസ്വദിച്ചു, ചഹല്‍ ഇതിഹാസം'; ഈഡനിലെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ സഞ്‌ജു സാംസണ്‍