ധരംശാല:ഐപിഎല്ലില്‍ പ്ലേ ഓഫ് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. നിശ്ചിത ഓവറില്‍ പഞ്ചാബ് കിങ്‌സ് മുന്നോട്ടുവച്ച 188 റണ്‍സ് വിജയ ലക്ഷ്യം ആറ് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാന്‍ റോയല്‍സ് മറികടക്കുകയായിരുന്നു. മുന്നേറ്റ നിരയില്‍ പക്വമായി കളിച്ച ദേവ്‌ദത്ത് പടിക്കല്‍ (51) യശസ്വി ജയ്‌സ്വാള്‍ (50) എന്നിവരുടെ ബാറ്റിങ് കരുത്താണ് പഞ്ചാബിനെ സീസണില്‍ നിന്നും യാത്രയാക്കാന്‍ രാജസ്ഥാന് സഹായകരമായത്.
വിജയം നേടിയെങ്കിലും രാജസ്ഥാൻ്റെ പ്ലേ ഓഫ് സാധ്യതകൾ തുലാസിൽ തന്നെയാണ്. നിലവിൽ 14 മത്സരങ്ങളിൽ നിന്ന് 14 പോയിൻ്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ. 18.5 ഓവറില്‍ വിജലക്ഷ്യം മറികടന്നാല്‍ മാത്രമെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ നെറ്റ് റണ്‍റേറ്റ് മറികടന്ന് രാജസ്ഥാന് നാലാം സ്ഥാനത്തെത്താന്‍ സാധിക്കുമായിരുന്നുള്ളു.
പഞ്ചാബ് ഉയര്‍ത്തിയ വിജയലക്ഷ്യം അനായാസം മറികടക്കാമെന്ന ഉദ്യേശവുമായെത്തിയ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമല്ലായിരുന്നു. രാജസ്ഥാന്‍റെ നട്ടെല്ലാകാറുള്ള യശസ്വി ജയ്‌സ്വാള്‍ - ജോസ് ബട്‌ലര്‍ കൂട്ടുകെട്ട് തകര്‍ക്കുക എന്നതു തന്നെയായിരുന്ന പഞ്ചാബിന്‍റെ പ്രഥമ ലക്ഷ്യം. രണ്ടാം ഓവറിലെ നാലാം പന്തില്‍ ബട്‌ലറെ സംപൂജ്യനായി മടക്കി പഞ്ചാബ് അതില്‍ വിജയം കണ്ടു. എന്നാല്‍ പിന്നാലെയെത്തിയ ദേവ്‌ദത്ത് പടിക്കലുമായി ചേര്‍ന്ന് യശസ്വി രാജസ്ഥാന് ജീവന്‍ നല്‍കുന്ന കാഴ്‌ചയാണ് പിന്നീട് ക്രീസില്‍ കണ്ടത്.
യശസ്വി-ദേവ്‌ദത്ത് പോരാട്ടം പത്താം ഓവര്‍ വരെ സുഗമമായി കടന്നുപോയി. എന്നാല്‍ ദേവ്‌ദത്ത് പടിക്കലിനെ ഹര്‍പ്രീത് ബ്രാറിന്‍റെ കൈകളിലെത്തിച്ച് അര്‍ഷ്‌ദീപാണ് ഈ കൂടുകെട്ടിനെ തകര്‍ത്തെറിഞ്ഞത്. 30 പന്തില്‍ നിന്നും മൂന്ന് സിക്‌സറുകളും അഞ്ച് ബൗണ്ടറികളുമായി അര്‍ധ സെഞ്ചുറി നേടിയായിരുന്നു പടിക്കല്‍ മടങ്ങിക്കയറിയത്. തൊട്ടുപിന്നാലെയെത്തിയ സഞ്‌ജുവിന് കാര്യമായി ഒന്നും തന്നെ ചെയ്യാനായില്ല. കേവലം രണ്ട് റണ്‍ മാത്രമായിരുന്നു നിര്‍ണായക പോരാട്ടത്തില്‍ രാജസ്ഥാന്‍ നായകന്‍റെ സംഭാവന.
പിന്നാലെയെത്തിയ ഹെറ്റ്‌മെയര്‍ ജയ്‌സ്വാളിന് മികച്ച പിന്തുണ നല്‍കി. എന്നാല്‍ 15-ാം ഓവറില്‍ യശസ്വിയും പുറത്തായി. 36 പന്തിൽ എട്ട് ഫോർ ഉൾപ്പെടെ 50 റൺസ് നേടിയാണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ റിയാൻ പരാഗ് (20) റബാഡയുടെ ഓവറിൽ തുടർച്ചയായി രണ്ട് സിക്സുകളുമായി രാജസ്ഥാന് പ്രതീക്ഷ നൽകിയെങ്കിലും 17-ാം ഓവറിൻ്റെ അവസാന പന്തിൽ പുറത്തായി.
പിന്നാലെ ധ്രുവ് ജൂറൽ ഇംപാക്ട് പ്ലയറായി ക്രീസിലെത്തി. ഇതിനിടെ സാം കറൻ എറിഞ്ഞ 18-ാം ഓവറിൽ രണ്ട് ഫോറുകൾ പായിച്ച് ഹെറ്റ്മെയർ രാജസ്ഥാനെ വിജയത്തിനരികിലെത്തിച്ചു. എന്നാൽ ഓവറിൻ്റെ അഞ്ചാം പന്തിൽ തകർപ്പനൊരു ക്യാച്ചിലൂടെ ശിഖാർ ധവാൻ ഹെറ്റ്മെയറെ പുറത്താക്കി. 28 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 46 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം.
ഇതോടെ രാജസ്ഥാൻ തകർച്ച മുന്നിൽ കണ്ടു. അവസാന ഓവറിൽ ഒൻപത് റൺസായിരുന്നു രാജസ്ഥാൻ്റെ വിജയ ലക്ഷ്യം. സ്പിന്നൽ രാഹുൽ ചഹാറിനെയാണ് നായകൻ ശിഖാൻ ധവാൻ പന്ത് ഏൽപ്പിച്ചത്. എന്നാൽ ഓവറിലെ നാലാം പന്തിൽ തകർപ്പനൊരു സിക്സിലൂടെ ജൂറൽ രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു. പഞ്ചാബിനായി കാഗിസോ റബാഡ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ സാം കറൻ, അർഷ്ദീപ് സിങ്, നാഥൻ എല്ലിസ്, രാഹുൽ ചഹാർ എന്നിവർ ഓരോ വിക്കറ്റും നേടി.
മത്സരത്തിന് മുമ്പ് ടോസ് നേടി പഞ്ചാബിനെ ബാറ്റിങിനയച്ച രാജസ്ഥാന്‍റെ തന്ത്രങ്ങള്‍ വ്യക്തമായിരുന്നു. വേഗത്തില്‍ പഞ്ചാബിനെ തിരിച്ചയച്ച് മികച്ച ചേസോടു കൂടി റണ്‍ റേറ്റ് വര്‍ധിപ്പിച്ച് കാല്‍കുലേറ്ററില്ലാതെ പ്ലേ ഓഫില്‍ കടന്നുകൂടാനായിരുന്നു രാജസ്ഥാന്‍ ശ്രമം. ഇത് ശരിയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു രാജസ്ഥാന്‍റെ ബോളിങ്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ പ്രഭ്‌സിമ്രാന്‍ സിങിനെ മടക്കിയയച്ച് ട്രെന്‍റ് ബോള്‍ട്ട് രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ ആദ്യ വിക്കറ്റില്‍ പരിഭ്രമിക്കാതെ അഥർവ ടൈഡെയെ കൂടെ കൂട്ടി മത്സരം മുന്നോട്ട് കൊണ്ടുപോകാനായിരുന്നു പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍റെ മറുതന്ത്രം.
എന്നാല്‍ നാലാമത്തെ ഓവറില്‍ അഥര്‍വയെ മടക്കി രാജസ്ഥാന്‍റെ വജ്രായുധം നവ്‌ദീപ് സൈനി കരുത്തുകാട്ടി. തൊട്ടുപിന്നാലെ ആറാം ഓവറില്‍ പഞ്ചാബിനായി തന്ത്രം മെനഞ്ഞ ധവാനെ തന്നെ കൂടാരം കയറ്റി സാംബ രാജസ്ഥാന്‍റെ തലവേദനയ്‌ക്ക് വീണ്ടും താല്‍കാലിക ആശ്വാസം നല്‍കി. ഒന്നു ചിന്തിക്കും മുമ്പേ സെന്‍സിബിള്‍ ഇന്നിങ്‌സുമായി കളം നിറയാറുള്ള ലിയാം ലിവിങ്‌സറ്റനെ സൈനി മടക്കിയതോടെ പഞ്ചാബ് ക്യാമ്പില്‍ പരാജയ ഭീതി നിഴലിച്ചു നിന്നു. എന്നാല്‍ നായകന്‍റെ അസാന്നിധ്യത്തില്‍ നായക കുപ്പായമണിയാറുള്ള സാം കറന്‍ ഈ സമയം പഞ്ചാബിന്‍റെ ദൈവപുത്രനായി അവതരിക്കുകയായിരുന്നു.
ക്രീസിന്‍റെ ഇരുവശത്ത് നിന്നായി സാം കറനും ജിതേഷ് ശര്‍മയും തകര്‍ത്തടിച്ചതോടെ പഞ്ചാബിന് ശ്വാസം നീട്ടിക്കിട്ടി. എന്നാല്‍ 14 -ാം ഓവറിലെ അഞ്ചാം പന്തില്‍ ജിതേഷിനെ തിരികെ നടത്തിച്ച സൈനി പഞ്ചാബിന്‍റെ സുഗമമായ ഓട്ടത്തിന് തടയിട്ടു. എന്നാല്‍ 28 പന്തില്‍ മൂന്ന് വീതം സിക്‌സറുകളും ബൗണ്ടറികളുമായി 44 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തായിരുന്നു ജിതേഷ് കളംവിട്ടത്.
ഈ സമയം ക്രീസിലുണ്ടായിരുന്ന കറന്‍ പതറിയില്ല. പുതുതായെത്തിയ ഷാറൂഖ് ഖാനെ കൂടെക്കൂട്ടി കറന്‍ പഞ്ചാബെന്ന രഥം മുന്നോട്ടുനയിക്കുകയായിരുന്നു. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 31 പന്തില്‍ രണ്ട് സിക്‌സറുകളും നാല് ബൗണ്ടറികളുമായി പുറത്താകാതെ 49 റണ്‍സായിരുന്നു കറന്‍റെ സമ്പാദ്യം.
അതേസമയം നിര്‍ണായക ഘടത്തില്‍ കറന് മികച്ച പിന്തുണയും പഞ്ചാബിന് ദീര്‍ഘശ്വാസവും നല്‍കിയ ഷാറൂഖ് 23 പന്തില്‍ നിന്നും രണ്ട് സിക്‌സറുകളും നാല് ബൗണ്ടറികളുമായി 41 റണ്‍സാണ് അടിച്ചുകൂട്ടിയത്. രാജസ്ഥാനായി നവ്‌ദീപ് സൈനി മൂന്നും, ആദം സാംപ, ട്രെന്‍റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.