കേരളം

kerala

ETV Bharat / sports

IPL 2023 | ഇടിമിന്നലായി പെയ്‌തിറങ്ങി 'സാംപ', റോയലായി ജയിച്ചുകയറി രാജസ്ഥാന്‍; അടിതെറ്റി ധോണിപ്പട

കൃത്യമായ ഇടവേളകളിൽ ചെന്നൈയുടെ നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ആദം സാംപയാണ് രാജസ്ഥാൻ്റെ വിജയം സുഗമമാക്കിയത്

ipl 2023 Rajasthan Royals wins  Rajasthan Royals wins against chennai super kings  Rajasthan Royals  chennai super kings  ഇടിമിന്നലായി പെയ്‌തിറങ്ങി സാംപ  റോയലായി ജയിച്ചുകയറി രാജസ്ഥാന്‍  അടിതെറ്റി ധോണിപ്പട  രാജസ്ഥാന്‍ റോയല്‍സ്  രാജസ്ഥാന്‍  ചെന്നൈ  ആദം സാംപ  സാംപ  ipl  ipl 2023
ഇടിമിന്നലായി പെയ്‌തിറങ്ങി 'സാംപ', റോയലായി ജയിച്ചുകയറി രാജസ്ഥാന്‍; അടിതെറ്റി ധോണിപ്പട

By

Published : Apr 27, 2023, 11:35 PM IST

ജയ്‌പൂര്‍:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 'രാജകീയ പോരാട്ടത്തില്‍' ചെന്നൈയെ തകര്‍ത്തെറിഞ്ഞ് റോയൽ വിജയം നേടി രാജസ്ഥാന്‍. ബാറ്റിങ് കരുത്തില്‍ രാജസ്ഥാന്‍ പടുത്തുയര്‍ത്തിയ 204 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയുടെ മറുപടി ബാറ്റിങ് 6 വിക്കറ്റ് നഷ്‌ടത്തില്‍ 170 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. വിജയത്തോടെ ചെന്നൈയെ മറികടന്ന് പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്തേക്കെത്തി.

മികച്ച കൂട്ടുകെട്ടുകളിലൂടെ അനായാസം വിജയം കണ്ടെത്താമെന്നുള്ള ചെന്നൈയുടെ ബാറ്റിങ് കരുത്തിനെയും പ്രതീക്ഷകളെയും രാജസ്ഥാന്‍ ബോളര്‍മാര്‍ തച്ചുടയ്‌ക്കുകയായിരുന്നു. ഓള്‍റൗണ്ട് മികവുകൊണ്ട് രാജസ്ഥാന്‍ മുന്നില്‍ വച്ച വിജയലക്ഷ്യം മറികടക്കാമെന്ന ആത്മവിശ്വാസത്തില്‍ തന്നെയായിരുന്നു ചെന്നൈ മറുപടി ബാറ്റിങ് ആരംഭിച്ചത്. അതുകൊണ്ടുതന്നെ സീസണില്‍ ഇതുവരെ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കാഴ്‌ച്ച വച്ച റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ എന്നിവരില്‍ ആരാധകരില്‍ വലിയ പ്രതീക്ഷകളുമുണ്ടായിരുന്നു.

സാമാന്യം നല്ല രീതിയില്‍ ബാറ്റുവീശിയ ഇരുവരും പവര്‍പ്ലേയില്‍ സ്‌കോര്‍ ബോര്‍ഡിന് ചലനങ്ങളുമുണ്ടാക്കി. എന്നാല്‍ അഞ്ചാമത്തെ ഓവറിലെ അവസാന പന്തില്‍ കോണ്‍വേയെ മടക്കി ആദം സാംപ രാജസ്ഥാന്‍റെ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടു. പക്ഷെ രഹാനെയും റായിഡുവും ഉള്‍പ്പെടുന്ന ചെന്നൈയുടെ സന്നാഹ ബലത്തെ ഇതുകൊണ്ട് പരിക്കേല്‍പ്പിക്കാനാവില്ലെന്ന് രാജസ്ഥാന് തീര്‍ച്ചയുണ്ടായിരുന്നു.

തുടർന്ന് ക്രീസിലെത്തിയ രഹാനയെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിര്‍ത്തി ഗെയ്‌ക്‌വാദ് വെടിക്കെട്ട് തുടർന്നത് ചെന്നൈയെ സംബന്ധിച്ച് വലിയ പ്രതീക്ഷകള്‍ നല്‍കി. എന്നാല്‍ തന്‍റെ രണ്ടാമത്തെ ഓവറില്‍ ഗെയ്‌ക്‌വാദിനെയും മടക്കി സാംപ തന്‍റെ വരവ് വെറുതേയല്ലെന്ന് തീര്‍ച്ചപ്പെടുത്തി. 29 പന്തില്‍ അര്‍ധ സെഞ്ചുറിയുടെ പടിവാതില്‍ക്കല്‍ 47 റണ്‍സ് നേടി ദേവ്‌ദത്ത് പടിക്കലിന് ക്യാച്ച് നല്‍കിയായിരുന്നു ഗെയ്‌ക്‌വാദിന്‍റെ തിരിച്ചുകയറ്റം.

പിന്നാലെ അജിങ്ക്യ രഹാനെയുടെ മടക്കം കൂടിയായതോടെ ചെന്നൈ ക്യാമ്പില്‍ ആശങ്കയുയര്‍ന്നു. 13 പന്തില്‍ 15 റണ്‍സ് മാത്രമായിരുന്നു രഹാനെ എന്ന ക്ലാസിക് ബാറ്ററുടെ സമ്പാദ്യം. അശ്വിനായിരുന്നു രഹാനെയുടെ മടക്കം വേഗത്തിലാക്കിയത്. തൊട്ടുപിറകെ എത്തിയ അമ്പാട്ടി റായിഡുവിനെ സംപൂജ്യനായി മടക്കി അശ്വിന് ചെന്നൈക്ക് ഇരട്ട പ്രഹരം സമ്മാനിച്ചു.

തുടര്‍ന്ന് ക്രീസിലെത്തിയ മൊയിൻ അലിയും ക്രീസില്‍ നിലയുറപ്പിച്ചിരുന്ന ശിവം ദുബെയും ചേര്‍ന്ന് സിക്‌സറുകള്‍ നിറഞ്ഞ കൂട്ടുകെട്ടിലൂടെ ചെന്നൈ കൂടാരത്തില്‍ പ്രതീക്ഷകളെ വീണ്ടും തട്ടിയുണര്‍ത്തി. എന്നാല്‍ തന്‍റെ മൂന്നാം ഓവറിൽ മൊയിൻ അലിയെയും മടക്കി സാംപ ചെന്നൈ സംഘത്തിന് മുന്നില്‍ ഇടിമിന്നലായി. 12 പന്തില്‍ 23 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ രാജസ്ഥാന്‍ നായകന്‍ സഞ്ജുവാണ് മൊയിന്‍ അലിയെ മടക്കുന്നത്.

ഇതിന് പിറകെ ഇടംകയ്യന്‍ വെടിക്കെട്ട് ബാറ്റര്‍ രവീന്ദ്ര ജഡേജ ക്രീസിലെത്തി. അപ്പോഴേക്കും ചെന്നൈക്ക് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു വിജയ ലക്ഷ്യം. ഇതിനിടെ ശിവം ദുബെ തൻ്റെ അർധ സെഞ്ച്വറിയും പൂർത്തിയാക്കി. അവസാന ഓവറുകളിൽ ദുബെയും ജഡേജയും ചേർന്ന് കൂറ്റനടികൾക്ക് ശ്രമിച്ചെങ്കിലും രാജസ്ഥാൻ ബോളർമാർ ശ്രമമെല്ലാം വിഫലമാക്കുകയായിരുന്നു.

അവസാന പന്തിൽ ശിവം ദുബെ പുറത്തായി. 33 പന്തിൽ 4 സിക്സും രണ്ട് ഫോറുമടക്കം 52 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം. രവീന്ദ്ര ജഡേജ (15 പന്തിൽ 23) പുറത്താകാതെ നിന്നു. രാജസ്ഥാന്‍ റോയല്‍സിനായി ആദം സാംപ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ രവിചന്ദ്രൻ അശ്വിന്‍ രണ്ട് വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും നേടി.

ജയ്സ്വാൾ വിളയാട്ടം: നേരത്തെ ടോസ്‌ നേടി ബാറ്റിങ് തെരഞ്ഞെടുത്തപ്പോള്‍ തന്നെ തകര്‍ത്തടിക്കുകയാണ് ലക്ഷ്യമെന്ന രാജസ്ഥാന്‍റെ നിലപാട് വ്യക്തമായിരുന്നു. ഓപ്പണര്‍മാരായെത്തിയ യശസ്വി ജയ്‌സ്വാളും ജോസ്‌ ബട്‌ലറും ഈ ദൗത്യം വിജയകരമായി നടപ്പാക്കി. പവര്‍പ്ലേ പിന്നിടുമ്പോഴും വിക്കറ്റ് നഷ്‌ടപ്പെടുത്താതെ മുന്നേറിയ രാജസ്ഥാന്‍റെ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ക്കാന്‍ ചെന്നൈ ബൗളര്‍മാര്‍ വലഞ്ഞു.

ഒടുവില്‍ എട്ടാമത്തെ ഓവറില്‍ ചെന്നൈയ്‌ക്കായി രവീന്ദ്ര ജഡേജയാണ് ജോസ്‌ ബട്‌ലറെ മടക്കിയത്. 21 പന്തില്‍ 27 റണ്‍സ് മാത്രം നേടി ശിവം ദുബെയ്‌ക്ക് ക്യാച്ച് നല്‍കിയായിരുന്നു ബട്‌ലര്‍ കൂടാരം കയറിയത്. തൊട്ടുപിന്നാലെ രാജസ്ഥാന്‍ നായകന്‍ സഞ്‌ജു സാംസണ്‍ ക്രീസിലെത്തിയെങ്കിലും 17 പന്തില്‍ 17 റണ്‍സ് മാത്രം ടീം സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ക്കാനെ താരത്തിന് കഴിഞ്ഞുള്ളു.

തുഷാര്‍ ദേശ്‌പാണ്ഡെയുടെ മൂന്നാമത്തെ ഓവറിലെ ആദ്യ പന്തില്‍ റുതുരാജ് ഗെയ്‌ക്‌വാദാണ് സഞ്ജുവിനെ മടക്കിയത്. പിന്നാലെയെത്തിയ പവര്‍ ഹിറ്റര്‍ ഹെറ്റ്‌മെയര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. 10 പന്തില്‍ എട്ട് റണ്‍സ് മാത്രം നേടിയായിരുന്നു ഹെറ്റ്‌മെയറുടെ മടക്കം. തുടര്‍ന്ന് ധ്രുവ് ജൂറല്‍ രാജസ്ഥാന്‍ ഇന്നിങ്‌സിന് കരുത്തുപകര്‍ന്നു. അവസാന ഓവറിലെ മൂന്നാമത്തെ പന്തില്‍ ധ്രുവ് റണ്ണൗട്ടിലൂടെ മടങ്ങി.

നിര്‍ണായക സമയത്ത് 15 പന്തില്‍ 34 റണ്‍സ് നേടിയായിരുന്നു ധ്രുവിന്‍റെ മടക്കം. 13 പന്തില്‍ 27 റണ്‍സുമായി ദേവ്ദത്ത് പടിക്കലും ഒരു പന്തില്‍ ഒരു റണ്‍ നേടിയ അശ്വിനുമാണ് റോയല്‍സിന്‍റെ മറ്റ് സ്‌കോറര്‍മാര്‍. ചെന്നൈയ്‌ക്കായി തുഷാര്‍ ദേശ്‌പാണ്ഡെ രണ്ടും മഹീഷ് തീക്ഷ്‌ണ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

ABOUT THE AUTHOR

...view details