ജയ്‌പൂര്‍: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തി രാജസ്ഥാൻ റോയല്‍സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സാണ് അടിച്ച് കൂട്ടിയത്. അര്‍ധ സെഞ്ചുറി നേടിയ നായകന്‍ സഞ്‌ജു സാംസണ്‍, ജോസ് ബട്‌ലര്‍ എന്നിവരുടെ മികവിലാണ് രാജസ്ഥാന്‍ മിന്നും സ്‌കോര്‍ നേടിയത്.
58 പന്തില്‍ 95 റണ്‍സ് നേടിയ ബട്‌ലറാണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍. സഞ്‌ജു സാംസണ്‍ പുറത്താവാതെ 38 പന്തില്‍ 66 റണ്‍സാണ് അടിച്ചെടുത്തത്. മികച്ച തുടക്കമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന് ലഭിച്ചത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 61 റണ്‍സായിരുന്നു രാജസ്ഥാന് നേടാന്‍ കഴിഞ്ഞത്.
തകര്‍പ്പനടികളുമായി കളം നിറഞ്ഞ യശസ്വി ജയ്‌സ്‌വാളിനെ (18 പന്തില്‍ 35) അഞ്ചാം ഓവറിന്‍റെ അവസാന പന്തില്‍ മടക്കിയ മാർക്കോ ജാൻസെനാണ് ഹൈദരാബാദിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തുടര്‍ന്ന് ഒന്നിച്ച ക്യാപ്റ്റന്‍ സഞ്‌ജു സാംസണും ജോസ് ബട്‌ലറും പതിഞ്ഞാണ് തുടങ്ങിയത്. എന്നാല്‍ മായങ്ക് മാർക്കണ്ഡെ എറിഞ്ഞ ഒമ്പതാം ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ സഞ്‌ജുവും അവസാന പന്തില്‍ ബട്‌ലറും സിക്‌സറടിച്ചുകൊണ്ട് ഗിയര്‍ മാറ്റി.
തൊട്ടടുത്ത ഓവറില്‍ രാജസ്ഥാന്‍ നൂറ് കടന്നു. 12-ാം ഓവറില്‍ ബട്‌ലര്‍ അര്‍ധ സെഞ്ചുറിയിലെത്തി. 32 പന്തുകളില്‍ നിന്നാണ് ബട്‌ലര്‍ അര്‍ധ സെഞ്ചുറിയില്‍ എത്തിയത്. ഇതിന് ശേഷം കളം നിറഞ്ഞ് കളിക്കുന്ന ബട്‌ലറെയാണ് കാണാന്‍ കഴിഞ്ഞത്. സണ്‍റൈസേഴ്‌സ് ബോളര്‍മാരെ അനായാസ നേരിട്ട സഞ്‌ജുവും ബട്‌ലറും ചേര്‍ന്ന് 15-ാം ഓവറില്‍ രാജസ്ഥാനെ 150 റണ്‍സ് കടത്തി. 18-ാം ഓവറില്‍ 33 പന്തില്‍ നിന്നും സഞ്‌ജുവും അര്‍ധ സെഞ്ചുറിയിലെത്തി.