ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിങ്‌സിനെ നേരിടും. തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്. ഗുവാഹത്തിയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം. രാജസ്ഥാന്‍റെ രണ്ടാം ഹോം ഗ്രൗണ്ടാണ് ഗുവാഹത്തി. ആദ്യമായൊരു ഐപിഎൽ മത്സരം വടക്കു കിഴക്കൻ മേഖലയിൽ നടക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. രാജസ്ഥാന്‍റെ രണ്ട് മത്സരങ്ങളാണ് ഇവിടെ നിശ്ചയിച്ചിട്ടുള്ളത്.
ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിലിറങ്ങുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 72 റണ്‍സിന്‍റെ കൂറ്റൻ വിജയമായിരുന്നു രാജസ്ഥാൻ സ്വന്തമാക്കിയത്. ബാറ്റിങ്, ബോളിങ് യൂണിറ്റുകൾ ഒരുപോലെ ശക്‌തമാണ് സഞ്ജുവിന്‍റെ രാജസ്ഥാനിൽ.
ഓപ്പണർമാരായ ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാൾ കൂട്ടുകെട്ടാണ് രാജസ്ഥാന്‍റെ കരുത്ത്. ഇരുവരും ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറിയുമായി തങ്ങളുടെ വരവറിയിച്ചിരുന്നു. ക്യാപ്‌റ്റൻ സഞ്ജു സാംസണും സണ്‍റൈസേഴ്‌സിനെതിരെ അർധ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. പിന്നാലെയെത്തുന്ന ദേവ്‌ദത്ത് പടിക്കൽ, ഷിമ്രോണ്‍ ഹെറ്റ്‌മെയർ, റിയാൻ പരാഗ് എന്നിവരും വെടിക്കെട്ട് തീർക്കാൻ കഴിവുള്ള താരങ്ങളാണ്.
ആർ അശ്വിൻ, ജേസൻ ഹോൾഡർ തുടങ്ങിയ താരങ്ങളും വാലറ്റത്ത് വിസ്‌ഫോടനം തീർക്കാൻ കെൽപ്പുള്ളവരാണ്. ബോളിങ് നിരയാണ് രാജസ്ഥാന്‍റെ മറ്റൊരു കരുത്ത്. രവിചന്ദ്ര അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ എന്നീ സ്‌പിന്നർമാർ ഏത് കരുത്തരേയും കറക്കി വീഴ്‌ത്താൻ കെൽപ്പുള്ളവരാണ്. ട്രെന്‍റ് ബോൾട്ട് നയിക്കുന്ന പേസ് നിരയിൽ കെ എം ആസിഫ്, നവ്‌ദീപ് സൈനി എന്നിവരും എതിരാളികളെ വിറപ്പിക്കാൻ കഴിവുള്ള താരങ്ങളാണ്.
ശക്‌തമല്ല പഞ്ചാബ്: അതേസമയം ആദ്യ മത്സരത്തിൽ മഴ നിയമത്തിന്‍റെ ആനുകൂല്യത്തിൽ കൊൽക്കത്തക്കെതിരെ വിജയം നേടിയാണ് ശിഖാർ ധവാൻ നയിക്കുന്ന പഞ്ചാബ് കിങ്‌സ് എത്തുന്നത്. ക്യാപ്‌റ്റൻ ശിഖർ ധവാൻ തന്നെയാണ് ടീമിന്‍റെ ബാറ്റിങ് കരുത്ത്. ഭാനുക രാജപക്‌സെ, സിക്കന്തർ റാസ, സാം കറണ്‍ എന്നിവരും വെടിക്കെട്ട് തീർക്കാൻ കെൽപ്പുള്ള താരങ്ങളാണ്. ഇംഗ്ലണ്ടിന്‍റെ സൂപ്പർ താരം ലിയാം ലിവിങ്‌സ്റ്റണ്‍ ഇന്നും കളിക്കാൻ സാധ്യതയില്ല.