ജയ്‌പൂര്‍:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ജയ്‌പൂരില്‍ വീണ്ടും കളിക്കുന്നത് സന്തോഷകരമാണെന്ന് സഞ്‌ജു സാംസണ്‍ പറഞ്ഞു.
വിക്കറ്റ് മികച്ചതായി തോന്നുന്നുവെന്നും താരം പ്രതികരിച്ചു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ആദം സാംപ പുറത്തായപ്പോള്‍ ജേസൺ ഹോൾഡറാണ് പ്ലേയിങ് ഇലവനിലെത്തിയത്. റിയാന്‍ പരാഗിന്‍റെ പ്രകടനത്തില്‍ ഏറെ വിമര്‍ശനങ്ങളുയരുന്നുണ്ടെങ്കിലും താരത്തിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്.
ആദ്യം ബോള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍ പ്രതികരിച്ചു. ക്വിന്‍റണ്‍ ഡി കോക്ക് ഈ മത്സരത്തിലും കളിക്കുന്നില്ലെന്നും താരത്തിനൊപ്പം ഓപ്പണിങ്ങിനിറങ്ങുന്നത് ഏറെ ആസ്വദിച്ചിരുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലേയിങ് ഇലവൻ): കെ എൽ രാഹുൽ (ക്യാപ്റ്റന്‍), കൈൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, നവീൻ ഉൾ ഹഖ്, ആവേശ് ഖാൻ, യുധ്‌വീർ സിങ് ചരക്, രവി ബിഷ്‌ണോയി.
രാജസ്ഥാൻ റോയൽസ് (പ്ലേയിങ് ഇലവൻ): ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), റിയാൻ പരാഗ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, ട്രെന്‍റ് ബോൾട്ട്, സന്ദീപ് ശർമ, യുസ്‌വേന്ദ്ര ചഹൽ.
ഐപിഎല്‍ 16-ാം സീസണില്‍ തങ്ങളുടെ ആറാം മത്സരത്തിനാണ് രാജസ്ഥാന്‍ റോയല്‍സും ലഖ്‌നൗ ജയന്‍റ്‌സും ഇറങ്ങുന്നത്. കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലും വിജയിച്ച സഞ്‌ജുവും സംഘവും നിലവിലെ പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് തുടരുകയാണ്. സീസണില്‍ വിജയത്തുടക്കം നേടിയ രാജസ്ഥാന്‍ രണ്ടാം മത്സരത്തില്‍ തോല്‍വി വഴങ്ങിയിരുന്നു.
തുടര്‍ന്ന് കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചാണ് സംഘം പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. ഇതോടെ വിജയത്തുടര്‍ച്ചയാണ് സഞ്‌ജുവും സംഘവും ലഖ്‌നൗവിനെതിരെ ലക്ഷ്യം വയ്‌ക്കുന്നത്.
മറുവശത്ത് കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്ന് വിജയം നേടിയ ലഖ്‌നൗ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ്. അവസാനം കളിച്ച മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് സംഘം തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ രാജസ്ഥാനെ കീഴടക്കി വിജയ വഴിയില്‍ തിരിച്ചെത്താനാവും രാഹുലിന്‍റേയും സംഘത്തിന്‍റെയും ശ്രമം.
മുന്‍ കണക്ക്: ഐപിഎല്ലില്‍ ഇതേവരെയുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിക്കാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണില്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ലഖ്‌നൗവും തമ്മില്‍ നേരത്തെ രണ്ട് തവണയാണ് ഏറ്റുമുട്ടിയത്. രണ്ട് തവണയും വിജയം രാജസ്ഥാനൊപ്പമായിരുന്നു. സവായി മാൻസിങ് സ്റ്റേഡിയത്തിലിറങ്ങുമ്പോള്‍ രാജസ്ഥാനെതിരെ ഈ കടം വീട്ടുകയെന്ന ലക്ഷ്യം കൂടെ ലഖ്‌നൗവിന്‍റെ മനസിലുണ്ടാവുമെന്നുറപ്പ്.
മത്സരം കാണാന്‍: ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് vs ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം ടിവിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലൂടെയാണ് തത്സമയം കാണാന്‍ സാധിക്കുക. കൂടാതെ ജിയോ സിനിമാസിന്‍റെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും രാജസ്ഥാന്‍-ലഖ്‌നൗ മത്സരത്തിന്‍റെ തത്സമയ സ്‌ട്രീമിങ്ങുണ്ട്.
ALSO READ: 'അക്കാര്യത്തില്‍ സഞ്‌ജു ധോണിയെപ്പോലെ'; വമ്പന്‍ പ്രശംസയുമായി ഹര്‍ഭജന്‍ സിങ്