കേരളം

kerala

ETV Bharat / sports

IPL 2023 | ലഖ്‌നൗവിനെ പിടിച്ച് കെട്ടി ബോളര്‍മാര്‍; രാജസ്ഥാന് 155 റണ്‍സ് വിജയ ലക്ഷ്യം - രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നിശ്ചിത ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 154 റണ്‍സെടുത്തു.

IPL 2023  IPL  RR vs LSG score updates  KL Rahul  Sanju Samson  kyle mayers  ഐപിഎല്‍  ഐപിഎല്‍ 2023  രാജസ്ഥാന്‍ റോയല്‍സ്  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്
ലഖ്‌നൗവിനെ പിടിച്ച് കെട്ടി ബോളര്‍മാര്‍

By

Published : Apr 19, 2023, 9:37 PM IST

ജയ്‌പൂര്‍: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 155 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ലഖ്‌നൗവിനെ നിശ്ചിത ഓവറില്‍ ഏഴ്‌ വിക്കറ്റിന് 154 റണ്‍സ് എന്ന നിലയില്‍ രാജസ്ഥാന്‍ ബോളര്‍മാര്‍ പിടിച്ച് കെട്ടുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ കെയ്‌ല്‍ മേയേഴ്‌സാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍.

42 പന്തില്‍ നാല് ഫോറുകളും മൂന്ന് സിക്‌സും സഹിതം 51 റണ്‍സാണ് താരം നേടിയത്. പതിഞ്ഞ തുടക്കമായിരുന്നു ലഖ്‌നൗവിന് ലഭിച്ചത്. ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ ഓപ്പണറായ കെഎല്‍ രാഹുലിന് റണ്‍സ് നേടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സന്ദീപ് ശര്‍മയുടെ രണ്ടാം ഓവറില്‍ കെയ്‌ല്‍ മേയേഴ്‌സാണ് ലഖ്‌നൗവിന്‍റെ അക്കൗണ്ട് തുറന്നത്.

ഇരുതാരങ്ങളും കൂടുതല്‍ വമ്പന്‍ അടികള്‍ക്ക് മുതിരാതിരുന്നതോടെ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 37 റണ്‍സ് മാത്രമാണ് ലഖ്‌നൗവിന് നേടാന്‍ കഴിഞ്ഞത്. ഇതിനിടെ ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുലിന് രണ്ട് തവണ ജീവന്‍ ലഭിക്കുകയും ചെയ്‌തിരുന്നു. ആദ്യം സന്ദീപ് ശര്‍മയുടെ പന്തില്‍ ലഭിച്ച അനായാസ ക്യാച്ച് യശ്വസി ജയ്‌സ്വാള്‍ പാഴാക്കി. തുടര്‍ന്ന് ട്രെന്‍റ്‌ ബോള്‍ട്ടിന്‍റെ ഓവറില്‍ ലഭിച്ച അവസരം ജേസന്‍ ഹോള്‍ഡറും നിലത്തിട്ടു.

ഒടുവില്‍ 11-ാം ഓവറിന്‍റെ നാലാം പന്തില്‍ രാഹുലിനെ ബട്‌ലറുടെ കയ്യിലെത്തിച്ച് ഹോള്‍ഡര്‍ പ്രായശ്ചിതം ചെയ്‌തതോടെയാണ് രാജസ്ഥാന് കാത്തിരുന്ന ബ്രേക്ക് ത്രൂ ലഭിച്ചത്. 32 പന്തില്‍ നാല് ഫോറുകളും ഒരു സിക്‌സും സഹിതം 39 റണ്‍സാണ് ലഖ്‌നൗ നായകന് നേടാന്‍ കഴിഞ്ഞത്. ഒന്നാം വിക്കറ്റില്‍ 82 റണ്‍സാണ് രാഹുല്‍- മേയേഴ്‌സ് സഖ്യം ചേര്‍ത്തത്.

തുടര്‍ന്നെത്തിയ ആയുഷ്‌ ബദോനിയെ (4 പന്തില്‍ 1) ബോള്‍ട്ട് തിരിച്ച് കയറ്റി. പിന്നാലെ നാലാമന്‍ ദീപക് ഹൂഡയും (4 പന്തില്‍ 2) മേയേഴ്‌സിനെയും ഒരേ ഓവറില്‍ മടക്കിയ അശ്വിന്‍ ലഖ്‌നൗവിന് ഇരട്ട പ്രഹരം നല്‍കി. ഹൂഡയെ ഹെറ്റ്‌മെയറുടെ കയ്യിലെത്തിച്ച അശ്വിന്‍ മേയേഴ്‌സിനെ ബൗള്‍ഡ് ആക്കുകയായിരുന്നു. ഈ സമയം 13.5 ഓവറില്‍ നാലിന് 104 റണ്‍സ് എന്ന നിലയിലായിരുന്നു ലഖ്‌നൗ.

തുടര്‍ന്ന് ഒന്നിച്ച മാർക്കസ് സ്റ്റോയിനിസ്- നിക്കോളാസ് പുരാന്‍ സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ ഇന്നിങ്‌സിന് വേണ്ടത്ര വേഗമുണ്ടായിരുന്നില്ല. ഒടുവില്‍ 20-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ സ്റ്റോയിനിസിനെ (16 പന്തില്‍ 21) സന്ദീപ് ശര്‍മ വിക്കറ്റ് കീപ്പര്‍ സഞ്‌ജു സാംസണിന്‍റെ കയ്യിലെത്തിച്ചതോടെയാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്.

ഒരു പന്തിന്‍റെ ഇടവേളയില്‍ പുരാനെ (20 പന്തില്‍ 29) മികച്ച ഒരു ത്രോയിലൂടെ സഞ്‌ജു റണ്ണൗട്ടാക്കി. അവസാന പന്തില്‍ യുധ്‌വീർ സിങ് ചരകും (1 പന്തില്‍ 1) റണ്ണൗട്ടായി. ക്രുണാല്‍ പാണ്ഡ്യ(2 പന്തില്‍ 4* ) പുറത്താവാതെ നിന്നു. രാജസ്ഥാനായി അശ്വിന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. ട്രെന്‍റ് ബോള്‍ട്ട്, ജേസന്‍ ഹോള്‍ഡര്‍, സന്ദീപ് ശര്‍മ എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.

ALSO READ:'അക്കാര്യത്തില്‍ സഞ്‌ജു ധോണിയെപ്പോലെ'; വമ്പന്‍ പ്രശംസയുമായി ഹര്‍ഭജന്‍ സിങ്‌

ABOUT THE AUTHOR

...view details