കേരളം

kerala

ETV Bharat / sports

IPL 2023 | പടിക്കൽ കലമുടച്ച് രാജസ്ഥാൻ; ലഖ്‌നൗവിന് 10 റൺസിൻ്റെ വിജയം

ഒരു ഘട്ടത്തിൽ 11.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 87 എന്ന ശക്തമായ നിലയിലായിരുന്നു രാജസ്ഥാൻ. എന്നാൽ തുടരെ വിക്കറ്റുകൾ പൊഴിഞ്ഞത് രാജസ്ഥാനെ തോൽവിയിലേക്ക് എത്തിക്കുകയായിരുന്നു.

kyle mayers  IPL 2023  Rajasthan Royals vs Lucknow Super Giants  Rajasthan Royals  Lucknow Super Giants  RR vs LSG highlights  KL Rahul  sanju samson  Yashasvi Jaiswal  Jos Buttler  രാജസ്ഥാന്‍ റോയല്‍സ്  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  കെയ്‌ല്‍ മേയേഴ്‌സ്  സഞ്‌ജു സാംസണ്‍  കെഎല്‍ രാഹുല്‍  ജോസ്‌ ബട്‌ലര്‍
IPL 2023 | രാജസ്ഥാൻ ലഖ്‌നൗ

By

Published : Apr 19, 2023, 11:50 PM IST

ജയ്‌പൂര്‍:ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെ 10 റൺസിന് പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പർ ജയൻ്റ്സ്. ലഖ്‌നൗവിൻ്റെ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസേ നേടാനായുള്ളു. വിജയം ഉറപ്പിച്ച് മുന്നേറിയ രാജസ്ഥാൻ അവസാന നിമിഷം പടിക്കൽ കലമുടയ്ക്കുകയായിരുന്നു.

താരതമ്യേന കുറഞ്ഞ ലക്ഷ്യത്തിലേക്ക് കരുതലോടെയാണ് രാജസ്ഥാന്‍ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും ബാറ്റ് വീശിയത്. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 47 റണ്‍സാണ് രാജസ്ഥാന് നേടാന്‍ കഴിഞ്ഞത്. മികച്ച രീതിയില്‍ പോകുകയായിരുന്ന രാജസ്ഥാന്‍റെ ഓപ്പണിങ് കൂട്ടുകെട്ട് 13ാം ഓവറിന്‍റെ നാലാം പന്തില്‍ യശസ്വി ജയ്‌സ്വാളിനെ വീഴ്‌ത്തിയ മാർക്കസ് സ്റ്റോയിനിസാണ് പൊളിച്ചത്. 35 പന്തില്‍ നാല് ഫോറുകളും രണ്ട് സിക്‌സും സഹിതം 44 റണ്‍സെടുത്ത ജയ്‌സ്വാളിനെ ആവേശ്‌ ഖാന്‍ പിടികൂടുകയായിരുന്നു.

ഇതോടെ ലഖ്‌നൗ മത്സരത്തിലേക്ക് തിരിച്ചെത്തി. ജയ്സ്വാളിന് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ (4 പന്തില്‍ 2) തൊട്ടടുത്ത ഓവറില്‍ ഇല്ലാത്ത റൺസിനായി ഓടി റണ്ണൗട്ടായി. പിന്നാലെ ബട്‌ലറും മടങ്ങിയതോടെ രാജസ്ഥാന്‍ 13.3 ഓവറില്‍ 97 റണ്‍സ് എന്ന നിലയിലായി. 41 പന്തില്‍ 40 റണ്‍സെടുത്ത ബട്‌ലറെ സ്റ്റോയിനിസ് രവി ബിഷ്‌ണോയിയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു.

മത്സരം കൈവിട്ട് രാജസ്ഥാൻ: തൊട്ടടുത്ത ഓവറിൽ തന്നെ രാജസ്ഥാൻ 100 കടന്നു. എന്നാൽ തൊട്ടുപിന്നാലെ രാജസ്ഥാനെ ഞെട്ടിച്ച് കൊണ്ട് ഷിമ്‌റോൺ ഹെറ്റ്‌മെയറും പുറത്തായി. രണ്ട് റൺസ് മാത്രമായിരുന്നു കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ്റെ വിജയശിൽപ്പിയായ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞത്.

തുടർന്ന് ദേവ്ദത്ത് പടിക്കൽ റിയാൻ പരാഗിനെ കൂട്ടുപിടിച്ച് സ്കോർ ഉയർത്താൻ തുടങ്ങി. ഇരുവരും ചേർന്ന് മികച്ച നിലയിൽ കളിച്ചെങ്കിലും അവസാന ഓവറിൽ പടിക്കൽ പുറത്തായി. 21 പന്തിൽ 26 റൺസ് നേടിയ താരത്തെ ആവേശ് ഖാൻ പുരാൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.

തുടർന്ന് ക്രീസിലെത്തിയ ധ്രുവ് ജൂറലും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ഇതോടെ രാജസ്ഥാൻ പരാജയം ഉറപ്പിക്കുകയായിരുന്നു. റിയാൻ പരാഗ് 15 റൺസുമായും അശ്വിൻ മൂന്ന് റൺസുമായും പുറത്താകാതെ നിന്നു. ലഖ്‌നൗവിനായി ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്കസ് സ്റ്റോയിൻസ് രണ്ട് വിക്കറ്റും നേടി.

കെയ്‌ല്‍ മേയേഴ്‌സിന് അര്‍ധ സെഞ്ചുറി:നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ലഖ്‌നൗവിന് നിശ്ചിത ഓവറില്‍ ഏഴ്‌ വിക്കറ്റിന് 154 റണ്‍സ് എന്ന നിലയില്‍ രാജസ്ഥാന്‍ ബോളര്‍മാര്‍ പിടിച്ച് കെട്ടുകയായിരുന്നു. കെയ്‌ല്‍ മേയേഴ്‌സാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. 42 പന്തില്‍ നാല് ഫോറുകളും മൂന്ന് സിക്‌സും സഹിതം 51 റണ്‍സാണ് താരം കണ്ടെത്തിയത്.

ഇഴഞ്ഞ് നീങ്ങിയ പവര്‍പ്ലേ: ലഖ്‌നൗവിന് ലഭിച്ചത് പതിഞ്ഞ തുടക്കമായിരുന്നു. ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവര്‍ ലഖ്‌നൗ ഓപ്പണര്‍ കെഎല്‍ രാഹുല്‍ മെയ്‌ഡനാക്കി. സന്ദീപ് ശര്‍മയുടെ രണ്ടാം ഓവറില്‍ കെയ്‌ല്‍ മേയേഴ്‌സാണ് സംഘത്തിന്‍റെ അക്കൗണ്ട് തുറന്നത്.

പവര്‍പ്ലേയില്‍ 37 റണ്‍സ് മാത്രമാണ് ഇരുവരും ചേര്‍ന്ന് കണ്ടെത്തിയത്. ഇതിനിടെ രാഹുലിന് രണ്ട് തവണ ജീവന്‍ ലഭിക്കുകയും ചെയ്‌തിരുന്നു. സന്ദീപ് ശര്‍മയുടെ പന്തില്‍ ലഭിച്ച അനായാസ ക്യാച്ച് ആദ്യം യശ്വസി ജയ്‌സ്വാള്‍ പാഴാക്കുകയായിരുന്നു. പിന്നീട് ട്രെന്‍റ്‌ ബോള്‍ട്ടിന്‍റെ ഓവറില്‍ ലഭിച്ച അവസരം ജേസന്‍ ഹോള്‍ഡറും കളഞ്ഞ് കുളിച്ചു.

അശ്വിന്‍റെ ഇരട്ട പ്രഹരം: ഒടുവില്‍ രാഹുലിനെ 11-ാം ഓവറിന്‍റെ നാലാം പന്തില്‍ ബട്‌ലറുടെ കയ്യിലെത്തിച്ച് ഹോള്‍ഡര്‍ പ്രായശ്ചിത്തം ചെയ്‌തു. 32 പന്തില്‍ നാല് ഫോറുകളും ഒരു സിക്‌സും സഹിതം 39 റണ്‍സായിരുന്നു രാഹുലിന്‍റെ സമ്പാദ്യം. 82 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ രാഹുലും മേയേഴ്‌സും ചേര്‍ന്ന് നേടിയത്. മൂന്നാമന്‍ ആയുഷ്‌ ബദോനിയെ (4 പന്തില്‍ 1) പുറകെ തന്നെ ബോള്‍ട്ട് തിരിച്ച് കയറ്റി.

തുടര്‍ന്നെത്തിയ ദീപക് ഹൂഡയും (4 പന്തില്‍ 2) മേയേഴ്‌സിനെയും ഒരേ ഓവറില്‍ മടക്കിയ അശ്വിന്‍ ലഖ്‌നൗവിനെ പ്രതിരോധത്തിലാക്കി. ഹൂഡയെ ഷിമ്രോണ്‍ ഹെറ്റ്‌മെയറുടെ കൈകളിലെത്തി അശ്വിന്‍ മേയേഴ്‌സിന്‍റെ കുറ്റി പിഴുതാണ് തിരിച്ച് കയറ്റിയത്. ഇതോടെ 10.4 ഓവറില്‍ ഒന്നിന് 82 റണ്‍സ് എന്ന നിലയില്‍ നിന്നും 13.5 ഓവറില്‍ നാലിന് 104 റണ്‍സ് എന്ന നിലയിലേക്ക് ലഖ്‌നൗ വീണു.

വമ്പനടിക്കാരെ പിടിച്ച് കെട്ടി ബോളര്‍മാര്‍:അഞ്ചാം വിക്കറ്റില്‍ വമ്പനടിക്കാരായ മാർക്കസ് സ്റ്റോയിനിസും നിക്കോളാസ് പുരാനും ക്രീസിലൊന്നിച്ചെങ്കിലും രാജസ്ഥാന്‍ ബോളര്‍മാര്‍ വരിഞ്ഞ് മുറുക്കി. 20-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ സ്റ്റോയിനിസ് (16 പന്തില്‍ 21) വിക്കറ്റ് കീപ്പര്‍ സഞ്‌ജു സാംസണിന്‍റെ കയ്യില്‍ ഒതുങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. സന്ദീപ് ശര്‍മയ്‌ക്കായിരുന്നു വിക്കറ്റ്.

ഒരു പന്തിന്‍റെ ഇടവേളയില്‍ നിക്കോളാസ് പുരാനെ (20 പന്തില്‍ 29) മികച്ച ഒരു ത്രോയിലൂടെ സഞ്‌ജു തന്നെ റണ്ണൗട്ടാക്കി. അവസാന പന്തില്‍ റണ്ണൗട്ടായ യുധ്‌വീർ സിങ് ചരകാണ് (1 പന്തില്‍ 1) പുറത്തായ മറ്റൊരു താരം. ക്രുണാല്‍ പാണ്ഡ്യ (2 പന്തില്‍ 4* ) പുറത്താവാതെ നിന്നു. രാജസ്ഥാനായി ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ട്രെന്‍റ് ബോള്‍ട്ട്, ജേസന്‍ ഹോള്‍ഡര്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി.

ABOUT THE AUTHOR

...view details