കൊൽക്കത്ത : ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ്. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസണ്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റവുമായാണ് രാജസ്ഥാൻ ഇന്ന് കളത്തിലിറങ്ങുന്നത്. മുരുകൻ അശ്വിന് പകരം കെ എം ആസിഫും കുൽദീപ് യാദവിന് പകരം ട്രെന്‍റ് ബോൾട്ടും ടീമിൽ ഇടം നേടി. കൊൽക്കത്തയിൽ വൈഭവ് അറോറയ്‌ക്ക് പകരം അൻകുൽ റോയ് ഇടം പിടിച്ചു.
പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്ന് ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. നിലവില്‍ 11 കളിയില്‍ 10 പോയിന്‍റാണ് കൊല്‍ക്കത്തയ്‌ക്കും രാജസ്ഥാനുമുള്ളത്. ഇന്ന് ജയിക്കുന്ന ടീമിന് അവസാന നാലിലെത്താനുള്ള സാധ്യതകള്‍ സജീവമാക്കാം. രാജസ്ഥാന് ഇന്ന് വിജയിക്കാനായാൽ മുംബൈയെ പിൻതള്ളി മൂന്നാം സ്ഥാനത്തേക്ക് എത്താൻ സാധിക്കും. കൊൽക്കത്തയ്‌ക്ക് വിജയിക്കാനായാൽ ലഖ്‌നൗവിനെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് എത്താൻ കഴിയും.
തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് കൊൽക്കത്ത ഇന്ന് കളത്തിലിറങ്ങുന്നത്. വരുണ്‍ ചക്രവർത്തി, നിതീഷ് റാണ, റിങ്കു സിങ് എന്നിവരുടെ കരുത്തിലാണ് കൊൽക്കത്ത മുന്നേറുന്നത്. പവർ ഹിറ്റർ ആന്ദ്രേ റസൽ ഫോമിലേക്കുയർന്നതും ടീമിന് ആശ്വാസം നൽകുന്നു. ബോളിങ്ങിൽ സുനിൽ നരെയ്‌ന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയാത്തത് ടീമിനെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.
കലമുടച്ച് രാജസ്ഥാൻ : മറുവശത്ത് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിന്ന് താഴേക്ക് വീണ ടീമാണ് രാജസ്ഥാൻ റോയൽസ്. അവസാന ആറ് മത്സരങ്ങളിൽ നാലിലും രാജസ്ഥാൻ തോൽവി വഴങ്ങിയിരുന്നു. നിരന്തരമുള്ള പരീക്ഷണങ്ങളാണ് ഒരു പരിധി വരെ ടീമിന് തിരിച്ചടിയാകുന്നത്. ഇംപാക്‌ട് പ്ലെയറെ കൃത്യമായി ഉപയോഗിക്കാൻ കഴിയാത്തതും ടീമിന് തിരിച്ചടിയായി.