കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ തന്‍റെ 100-ാം മത്സരത്തിനാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ പ്രീമിയം ബോളര്‍ റാഷിദ് ഖാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇറങ്ങിയത്. പക്ഷെ റാഷിദ് ഖാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദിവസമാകുമിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം നാല് ഓവര്‍ എറിഞ്ഞ താരത്തിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ലെന്ന് മാത്രമല്ല, നാല് ഓവര്‍ എറിഞ്ഞ താരം 54 റണ്‍സാണ് താരം വഴങ്ങിയത്.
ഐപിഎല്ലില്‍ താരത്തിന്‍റെ മോശം സ്‌പെല്ലുകളുടെ പട്ടികയില്‍ രണ്ടാമത്തെ പ്രകടനമായും ഇതുമാറി. 2019-ല്‍ പഞ്ചാബ് കിങ്‌സിന് എതിരെ നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തിയതാണ് ഐപിഎല്ലില്‍ റാഷിദിന്‍റെ ഏറ്റവും ചിലവേറിയ പ്രകടനം. 2022ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നാല് ഓവറില്‍ ഒരു വിക്കറ്റ് വീഴ്‌ത്തിയ താരം 49 റണ്‍സ് വഴങ്ങിയിരുന്നു.
അതേസമയം റാഷിദിനെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയത് അഫ്‌ഗാനിസ്ഥാന്‍ ടീമില്‍ സഹതാരമായ റഹ്‌മാനുള്ള ഗുര്‍ബാസാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഓപ്പണറായ റഹ്‌മാനുള്ള ഗുര്‍ബാസ് റാഷിദിന്‍റെ 11 പന്തുകള്‍ നേരിട്ടപ്പോള്‍ 30 റണ്‍സാണ് അടിച്ച് കൂട്ടിയത്. പിന്നീടെത്തിയ ആന്ദ്രെ റസ്സലും കടന്ന് ആക്രമിച്ചതോടെയാണ് താരത്തിന്‍റെ നല്ല ദിനം നശിപ്പിക്കപ്പെട്ടത്.
അര്‍ധ സെഞ്ചുറി നേടിയ ഗുര്‍ബാസിനെ ഗുജറാത്തിന്‍റെ മറ്റൊരു അഫ്‌ഗാന്‍ താരമായ നൂര്‍ അഹമ്മദാണ് പുറത്താക്കിയത്. നൂര്‍ അഹമ്മദിനെ സിക്‌സറിന് പറത്താനുള്ള ഗുര്‍ബാസിന്‍റെ ശ്രമം റാഷിദ് ഖാന്‍റെ കയ്യിലാണ് അവസാനിച്ചതെന്നത് രസകരമായ മറ്റൊരു കാര്യമാണ്.