അഹമ്മദാബാദ്:ഐപിഎല്ലില്‍ ഫൈനലിലേക്കുള്ള മരണപ്പോരില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് കൂറ്റന്‍ സ്‌കോര്‍. 60 പന്തില്‍ 129 റണ്‍സുമായി മുംബൈ ബൗളര്‍മാരെ നിലംപരിശാക്കിയ ശുഭ്‌മാന്‍ ഗില്ലാണ് ഗുജറാത്തിന് വന്‍ സ്‌കോര്‍ സമ്മാനിച്ചത്. അതേസമയം എലിമിനേറ്റര്‍ പോരാട്ടത്തില്‍ താളം കണ്ടെത്തിയ മുംബൈ ബോളിങ് നിര അടപടലം വീഴുന്ന കാഴ്‌ചയായിരുന്നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കണ്ടത്.
മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്തിനെ പോലെ ശക്തമായൊരു ഓള്‍റൗണ്ട് കരുത്തുള്ള ടീമിനെ താരതമ്യേന നിസാരക്കാരായ ബോളിങ് നിരയെ ഉപയോഗിച്ച് പിടിച്ചുകെട്ടുക അസാധ്യമാണെന്ന് വ്യക്തമായതോടെയാണ് മുംബൈ ചേസിങിലേക്ക് കടക്കുന്നത്. ഇതുപ്രകാരം ഗുജറാത്തിനായി ഓപണര്‍മാരായ ശുഭ്‌മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ക്രീസിലെത്തി.
ഗില്ലിന്‍റെ അഴിഞ്ഞാട്ടം:ആദ്യ ഓവറുകളില്‍ കുറഞ്ഞ റണ്‍സ് മാത്രം വഴങ്ങിയ മുംബൈ ബോളിങ് നിര മത്സരം കൈപ്പിടിയിലാക്കുന്നതായ പ്രതീതി നല്‍കിയെങ്കിലും മൂന്നാം ഓവറോടെ കളിയുടെ ഗതി മാറി. എതിര്‍വശത്തെത്തുന്ന ഓരോ ബൗളര്‍മാരെയും ഉപയോഗിച്ച് ബൗണ്ടറിയളന്ന് ശുഭ്‌മാന്‍ ഗില്‍ കരുത്തുകാട്ടി. വിക്കറ്റിനായി ദാഹിച്ച നിമിഷത്തില്‍ കൈവന്ന ഭാഗ്യം ടിം ഡേവിഡിന്‍റെ കൈകളില്‍ നിന്ന് പാഴായതോടെ ഗുജറാത്ത് കുറച്ചധികം അക്രമകാരികളായി. ഗില്ലും സാഹയും ബാറ്റുകൊണ്ട് മുംബൈയെ പ്രഹരമേല്‍പ്പിക്കവെ ഏഴാമത്തെ ഓവറിലെ രണ്ടാം പന്തില്‍ സാഹയെ മടക്കി പിയൂഷ് ചൗള മുംബൈയ്‌ക്ക് അശ്വാസ വിക്കറ്റ് നല്‍കി. 16 പന്തില്‍ മൂന്ന് ബൗണ്ടറികളുമായി 18 റണ്‍സുമായി നില്‍ക്കവെയാണ് വൈഡ് ബോളില്‍ സ്‌റ്റംസില്‍ കുരുക്കി സാഹയെ ഇഷാന്‍ കിഷന്‍ തിരികെ അയച്ചത്.
കൂറ്റന്‍ സ്‌കോറുമായി ഗുജറാത്ത്:എന്നാല്‍ ഈ സമയം ശുഭ്‌മാന്‍ ഗില്‍ അക്രമകാരിയാവുകയായിരുന്നു. മറുവശത്ത് സായ് സുദര്‍ശനെ കൂടെക്കൂട്ടി ഗില്‍ സെഞ്ചുറിയും നേടി. പിന്നീടൊരു വിക്കറ്റിനായി 17 ഓവറിലെ അവസാന പന്ത് വരെ മുംബൈയ്‌ക്ക് കാത്തിരിക്കേണ്ടതായി വന്നു. ആകാശ് മധ്വാളിന്‍റെ പന്തില്‍ ടിം ഡേവിഡിന് ക്യാച്ച് നല്‍കി ഗില്‍ മടങ്ങവെ 10 സിക്‌സറുകളും ഏഴ് ബൗണ്ടറികളുമായി 129 റണ്‍സ് എന്ന ഭീമന്‍ സ്‌കോറായിരുന്നു അദ്ദേഹത്തിന്‍റെ സമ്പാദ്യം. തൊട്ടുപിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയിറങ്ങി. ഹാര്‍ദിക് - സുദര്‍ശന്‍ കൂട്ടുകെട്ട് 19 ഓവര്‍ വരെ നീണ്ടു. റിട്ടേഡ് ഓട്ടായി മടങ്ങുമ്പോള്‍ 31 പന്തില്‍ 43 റണ്‍സായിരുന്നു സുദര്‍ശന്‍ സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. പിന്നാലെയെത്തിയ റാഷിദ് ഖാനെ കൂടെക്കൂട്ടി ഹാര്‍ദിക് പാണ്ഡ്യ 233 റണ്‍സില്‍ നിശ്ചിത ഓവറില്‍ കളി അവസാനിപ്പിക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ (28), റാഷിദ് ഖാന്‍ (5) എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകള്‍.
എന്നാല്‍ എലിമിനേറ്റർ പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരെ തകർപ്പൻ ജയം നേടിയാണ് മുംബൈ രണ്ടാം ക്വാളിഫയറിനെത്തുന്നത്. കരുത്തരായ ലഖ്‌നൗവിനെതിരെ 81 റണ്‍സിന്‍റെ കൂറ്റൻ ജയമാണ് മുംബൈ അന്ന് സ്വന്തമാക്കിയത്. പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരിൽ നിന്ന് ക്വാളിഫയർ വരെ എത്തി എന്നത് തന്നെയാണ് മുംബൈയെ കരുത്തരാക്കുന്നത്. ഈ സീസണിൽ ഇരു ടീമുകളും നേർക്കുനേർ വരുന്ന മൂന്നാമത്തെ മത്സരമാണിത്. ലീഗ് ഘട്ടത്തിൽ നടന്ന രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരങ്ങളിൽ വീതം വിജയം നേടിയിരുന്നു. അഹമ്മദാബാദിൽ നടന്ന ആദ്യ മത്സരത്തിൽ ഗുജറാത്ത് 55 റൺസിന് ജയിച്ചപ്പോൾ വാങ്കഡെയിൽ നടന്ന രണ്ടാം മത്സരത്തിൽ 27 റൺസിന്‍റെ ജയമാണ് മുംബൈ നേടിയത്.