കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ രണ്ടാം മത്സരത്തില്‍ ടോസ് ജയിച്ച് പഞ്ചാബ് കിങ്സ്. ടോസ് നേടിയ പഞ്ചാബ് ക്യാപ്‌റ്റന്‍ ശിഖര്‍ ധവാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. പ്ലേ ഓഫ് സാധ്യതകള്‍ തുലാസില്‍ നിര്‍ത്താതെയും കാല്‍ക്കുലേറ്ററുകളില്ലാതെയും ഇരു ടീമുകള്‍ക്കും കടന്നുകൂടാനുള്ള നിര്‍ണായക പോരാട്ടത്തിനാണ് ഇതോടെ ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷിയാകുന്നത്.
ടോസ് ജയിച്ച് പഞ്ചാബ്:പിച്ചിന്‍റെയും മത്സരത്തിന്‍റെയും ഗതി പരിഗണിച്ചാണ് ബാറ്റിങ് തെരഞ്ഞെടുത്തതെന്ന് ടോസിന് ശേഷം ധവാന്‍ പ്രതികരിച്ചു. മികച്ച ടോട്ടല്‍ കണ്ടെത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും അതിനാലാണ് ബാറ്റിങിലേക്ക് നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം തന്നെ 200ലധികം റണ്‍സ് നേടാനായത് ശുഭസൂചകമായി കാണുന്നതായും ധവാന്‍ വ്യക്തമാക്കി. പ്രധാനപ്പെട്ട മത്സരത്തില്‍ മാത്യു ഷോര്‍ട്ടിന് പകരം ശ്രീലങ്കന്‍ ബാറ്റര്‍ ഭാനുക രജപക്‌സെയെ ടീമില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് മത്സരത്തിന് പരിഗണിച്ചിരിക്കുന്നതെന്ന് കൊല്‍ക്കത്ത നായകന്‍ നിതീഷ് റാണ അറിയിച്ചു.
പട്ടികയില്‍ മുന്നിലാര്, പിന്നിലാര്:പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനക്കാരാണ് പഞ്ചാബ് കിങ്‌സ്. 10 പോയിന്‍റാണ് നിലവില്‍ പഞ്ചാബിന്‍റെ പോക്കറ്റിലുള്ളത്. എന്നാല്‍ പഞ്ചാബിനും പിന്നിലായി എട്ട് പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് കൊല്‍ക്കത്തയുള്ളത്. സീസണിന്‍റെ തുടക്കത്തില്‍ ഇരു ടീമും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം പഞ്ചാബിനൊപ്പമായിരുന്നു. അന്ന് ഏഴ് റണ്‍സിന്‍റെ വിജയമായിരുന്നു പഞ്ചാബ് സ്വന്തമാക്കിയിരുന്നത്.