കേരളം

kerala

ETV Bharat / sports

IPL 2023| പക, അത് വീട്ടാനുള്ളതാണ്.. ആളിക്കത്തി ഇഷാനും സൂര്യയും; പഞ്ചാബിനെ പഞ്ചറാക്കി മുംബൈ

പഞ്ചാബിൻ്റെ 215 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ ഇന്ത്യൻസ് 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

By

Published : May 3, 2023, 11:31 PM IST

IPL 2023  Punjab Kings  Mumbai Indians  PBKS vs MI highlights  Liam Livingstone  Jitesh Sharma  ഐപിഎല്‍  മുംബൈ ഇന്ത്യന്‍സ്  പഞ്ചാബ് കിങ്‌സ്  ലിയാം ലിവിങ്‌സ്റ്റണ്‍  ജിതേഷ് ശര്‍മ
IPL 2023 മുംബൈ പഞ്ചാബ്

മൊഹാലി:ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ തകർപ്പൻ ജയവുമായി മുംബൈ ഇന്ത്യൻസ്. പഞ്ചാബിൻ്റെ 215 എന്ന കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ മുംബൈ ഏഴ് പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇഷാൻ കിഷൻ്റെയും സൂര്യകുമാർ യാദവിൻ്റെയും തകർപ്പൻ സെഞ്ച്വറി കൂട്ടുകെട്ടാണ് മുംബൈക്ക് അടിപൊളി വിജയം സമ്മാനിച്ചത്.

കൂറ്റന്‍ ലക്ഷ്യം പിന്തുടരാനിറങ്ങിയ മുംബൈ ഇന്ത്യൻസിന് ഋഷി ധവാന്‍ ഏറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയെ നഷ്‌ടമായി. മൂന്ന് പന്തുകള്‍ നേരിട്ട രോഹിത്തിന് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നെത്തിയ കാമറൂണ്‍ ഗ്രീന്‍ ഇഷാന്‍ കിഷനൊപ്പം ചേര്‍ന്ന് മുംബൈയെ മുന്നോട്ട് നയിച്ചു. എന്നാല്‍ പവര്‍പ്ലേയുടെ അവസാന പന്തില്‍ ഗ്രീനിനെ (18 പന്തില്‍ 23) മടക്കിയ നഥാന്‍ എല്ലിസ് പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. രണ്ടാം വിക്കറ്റില്‍ 54 റണ്‍സാണ് ഇഷാന്‍-ഗ്രീന്‍ സഖ്യം ചേര്‍ത്തത്.

താണ്ഡവമാടി ഇഷാനും-സൂര്യയും:പിന്നീട് ഒന്നിച്ച ഇഷാനും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞതോടെ മുംബൈ സ്‌കോര്‍ കുതിച്ചു. 11-ാം ഓവില്‍ സംഘം നൂറ് റണ്‍സ് കടന്നിരുന്നു. തൊട്ടടുത്ത ഓവറില്‍ 29 പന്തുകളില്‍ നിന്നും ഇഷാന്‍ അര്‍ധ സെഞ്ചുറി തികച്ചു. സാം കറന്‍ എറിഞ്ഞ 13-ാം ഓവറില്‍ രണ്ട് സിക്‌സും രണ്ട് ഫോറും സഹിതം 23 റണ്‍സാണ് സൂര്യകുമാര്‍ അടിച്ച് കൂട്ടിയത്.

ഈ ഓവറില്‍ സൂര്യയും അന്‍പത് കടന്നിരുന്നു. 23 പന്തുകളില്‍ നിന്നാണ് താരം അര്‍ധ സെഞ്ചുറി തികച്ചത്. 15 ഓവര്‍ കഴിയുമ്പോള്‍ 170/2 എന്ന നിലയിലായിരുന്നു മുംബൈ. എന്നാല്‍ തൊട്ടുത്ത ഓവറിന്‍റെ ആദ്യ പന്തില്‍ സൂര്യയെ മടക്കിയ നഥാന്‍ എല്ലിസ് പഞ്ചാബിന് ആശ്വാസം നല്‍കി. 31 പന്തില്‍ എട്ട് ഫോറുകളും രണ്ട് സിക്‌സും സഹിതം 66 റണ്‍സായിരുന്നു സൂര്യ അടിച്ച് കൂട്ടിയത്. മൂന്നാം വിക്കറ്റില്‍ 116 റണ്‍സാണ് ഇഷാനും സൂര്യയും ചേര്‍ന്ന് നേടിയത്.

പിന്നാലെ ഇഷാനെ അര്‍ഷ്‌ദീപ് സിങ്ങ് തിരിച്ച് കയറ്റി. 41 പന്തില്‍ ഏഴ്‌ ഫോറുകളും നാല് സിക്സും സഹിതം 75 റണ്‍സടിച്ച ഇഷാനെ ഋഷി ധവാന്‍ പിടികൂടുകയായിരുന്നു. ഇതോടെ മത്സരത്തിലേക്ക് തിരിച്ചെത്താമെന്ന് പഞ്ചാബ് സ്വപ്നം കണ്ടു തുടങ്ങി. എന്നാൽ തുടർന്ന് ക്രീസിലൊന്നിച്ച ടിം ഡേവിഡും തിലക് വർമയും ചേർന്ന് പഞ്ചാബിൻ്റെ സ്വപ്നങ്ങളെല്ലാം തകർക്കുകയായിരുന്നു.

പഞ്ചാബ് ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും ചേർന്ന് മുംബൈക്ക് അസാധ്യമെന്ന് കരുതിയ വിജയം ഒരോവർ ശേഷിക്കെ നേടിക്കൊടുക്കുകയായിരുന്നു. പഞ്ചാബിനായി നാഥൻ എല്ലിസ് രണ്ട് വിക്കറ്റ് നേടിയപ്പോൾ, റിഷി ധവാൻ, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

അടിച്ച് തകർത്ത് പഞ്ചാബ്: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് 214 റണ്‍സ് അടിച്ച് കൂട്ടിയത്. ലിയാം ലിവിങ്സ്റ്റണും (42 പന്തില്‍ 82*) ജിതേഷ് ശര്‍മയും (27 പന്തില്‍ 49*) മുംബൈ ബോളര്‍മാരെ തല്ലിക്കൂട്ടിയാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത്. നാലാം വിക്കറ്റില്‍ അപരാജിതരായി നിന്ന ലിവിങ്‌സ്റ്റണും ജിതേഷും ചേര്‍ന്ന് 53 പന്തുകളില്‍ നിന്നായി 119 റണ്‍സാണ് അടിച്ചെടുത്തത്.

അവസാന ഓവറുകളിലാണ് ഇക്കുറിയും മുംബൈ ബോളര്‍മാര്‍ കൂടുതല്‍ റണ്‍ വഴങ്ങിയത്. 10 ഓവറില്‍ 136 റണ്‍സാണ് മുംബൈ ബോളർമാർ വിട്ടുകൊടുത്തത്. ഇന്നിങ്‌സിന്‍റെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ പ്രഭ്‌സിമ്രാൻ സിങ്ങിനെ (7 പന്തില്‍ 9) പഞ്ചാബിന് നഷ്‌ടമായിരിന്നു. ആര്‍ഷാദ് ഖാന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് താരത്തെ പിടികൂടിയത്.

രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ശിഖര്‍ ധവാനും മാത്യു ഷോര്‍ട്ടും ചേര്‍ന്ന് പവര്‍പ്ലേ പിന്നിടുമ്പോള്‍ പഞ്ചാബിനെ 50/1 എന്ന നിലയിലേക്ക് എത്തിച്ചു. തൊട്ടടുത്ത ഓവറില്‍ ധവാനെ പിടികൂടാനുള്ള അവസരം ബാക്ക്‌വാര്‍ഡ് പോയിന്‍റില്‍ ആര്‍ച്ചര്‍ പാഴാക്കി. എന്നാല്‍ എട്ടാം ഓവറില്‍ ധവാന്‍ (20 പന്തില്‍ 30) മടങ്ങി. പിയൂഷ് ചൗളയെ ആക്രമിക്കാന്‍ ക്രീസ് വിട്ടിറങ്ങിയ താരത്തെ ഇഷാന്‍ കിഷന്‍ സ്‌റ്റംപ് ചെയ്യുകയായിരുന്നു.

വൈകാതെ ഷോര്‍ട്ടിനെയും (26 പന്തില്‍ 27) പിയൂഷ് മടക്കി. ഇതോടെ 11.2 ഓവറില്‍ 95/3 എന്ന നിലയിലേക്ക് പഞ്ചാബ് വീണു. പക്ഷെ തുടര്‍ന്ന് ഒന്നിച്ച ലിയാം ലിവിങ്‌സ്റ്റണും ജിതേഷ് ശര്‍മയും സംഘത്തെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. ഇരുവരും കടന്നക്രമിച്ചതോടെ മുംബൈ ബോളര്‍മാര്‍ ഏറെ റണ്‍സ് വഴങ്ങി. പേസര്‍മാരായ അര്‍ഷാദ് ഖാനും ജോഫ്ര ആര്‍ച്ചറുമാണ് നിലം തൊടാതെ പറന്നത്.

16-ാം ഓവര്‍ പൂര്‍ത്തിയാപ്പോള്‍ പഞ്ചാബ് 150 റണ്‍സ് പിന്നിട്ടിരുന്നു. പിന്നാലെ 32 പന്തുകളില്‍ നിന്നും ലിയാം ലിവിങ്സ്റ്റണ്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 19-ാം ഓവര്‍ എറിയാനെത്തിയ അര്‍ച്ചറെ ഹാട്രിക് സിക്‌സോടെ ലിവിങ്‌സറ്റണ്‍ വരവേറ്റപ്പോള്‍ 27 റണ്‍സാണ് ആര്‍ച്ചര്‍ വഴങ്ങിയത്. ഇതോടെ പഞ്ചാബ് 200 റണ്‍സ് കടന്നു. ആകാശ് മധ്‌വാള്‍ എറിഞ്ഞ അവസാന ഓവറില്‍ പഞ്ചാബ് താരങ്ങള്‍ക്ക് ബൗണ്ടറി കണ്ടെത്താന്‍ കഴിയാത്തത് മുംബൈയ്‌ക്ക് ആശ്വാസമായി.

മുംബൈ ഇന്ത്യന്‍സിനായി പിയൂഷ് ചൗള രണ്ട് വിക്കറ്റുകള്‍ നേടി. ആര്‍ഷാദ് ഖാന്‍ നാല് ഓവറില്‍ 48 റണ്‍സിന് ഒരു വിക്കറ്റ് നേടിയപ്പോള്‍ 56 റണ്‍സ് വിട്ടുനല്‍കിയ ആര്‍ച്ചര്‍ക്ക് വിക്കറ്റ് വീഴ്‌ത്താന്‍ കഴിഞ്ഞില്ല.

ABOUT THE AUTHOR

...view details