മൊഹാലി:ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെലഖ്‌നൗ സൂപ്പർ ജയൻ്റ്സിന് 56 റൺസിൻ്റെ കൂറ്റൻ ജയം. ലഖ്‌നൗവിൻ്റെ 258 എന്ന റൺമല താണ്ടാൻ എത്തിയ പഞ്ചാബ് നിശ്ചിത ഓവറിൽ 201 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ പഞ്ചാബിനായി അർധ സെഞ്ച്വറി നേടിയ അഥർവ ടൈഡെ (66) മാത്രമാണ് പൊരുതി നിന്നത്. വിജയത്തോടെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് 10 പോയിൻ്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കെത്തി.
വമ്പന്‍ ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്‍റെ തുടക്കം മികച്ചതായിരുന്നില്ല. പവര്‍പ്ലേ പിന്നിടുമ്പോള്‍ 55/2 എന്ന നിലയിലായിരുന്നു സംഘം. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, പ്രഭ്‌സിമ്രാൻ സിങ് എന്നിവരാണ് വേഗം മടങ്ങിയത്. ധവാനാണ് ആദ്യം വീണത്. ആദ്യ ഓവറിന്‍റെ അഞ്ചാം പന്തില്‍ മാർക്കസ് സ്റ്റോയിനിസിനെതിരെ ബൗണ്ടറി കണ്ടെത്താനുള്ള ധവാന്‍റെ (2 പന്തില്‍ 1) ശ്രമം ഡീപ് പോയിന്‍റില്‍ ക്രുണാല്‍ പാണ്ഡ്യയുടെ കയ്യില്‍ അവസാനിക്കുകയായിരുന്നു.
പിന്നാലെ പ്രഭ്‌സിമ്രാനെ (13 പന്തില്‍ 9) നാലാം ഓവറിന്‍റെ നാലാം പന്തില്‍ നവീന്‍ ഉള്‍ ഹഖ് മടക്കുമ്പോള്‍ 31 റണ്‍സായിരുന്നു പഞ്ചാബിന്‍റെ ടോട്ടലില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഒന്നിച്ച അഥർവ ടൈഡെയും സിക്കന്ദര്‍ റാസയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. അഥർവ കൂടുതല്‍ ആക്രമണത്തിന് മുതിര്‍ന്നപ്പോള്‍ ശ്രദ്ധയോടെയായിരുന്നു റാസ കളിച്ചത്. 26 പന്തുകളില്‍ നിന്നും അഥർവ അര്‍ധ സെഞ്ചുറിയിലെത്തി.
ഇതോടെ 11-ാം ഓവറില്‍ 100 റണ്‍സ് പിന്നിടാന്‍ പഞ്ചാബിന് കഴിഞ്ഞിരുന്നു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ റാസയെ മടക്കിയ യാഷ് താക്കൂര്‍ ലഖ്‌നൗസിന് ബ്രേക്ക് ത്രൂ നല്‍കി. 22 പന്തില്‍ 36 റണ്‍സടിച്ച റാസ ക്രുണാലിന്‍റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 61 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. പിന്നാലെ അഥർവയും വീണതോടെ പഞ്ചാബ് 13 ഓവറില്‍ 127/4 എന്ന നിലയിലേക്ക് വീണു.
36 പന്തില്‍ എട്ട് ഫോറുകളും രണ്ട് സിക്‌സും സഹിതം 66 റണ്‍സെടുത്ത അഥര്‍വയെ രവി ബിഷ്‌ണോയ് സ്വന്തം പന്തില്‍ പിടികൂടുകയായിരുന്നു. തുടർന്ന് ലിയാം ലിവിങ്സ്റ്റണും സാം കറനും ക്രീസിൽ ഒന്നിച്ചു. തുടക്കം മുതൽ ഇരുവരും തകർത്തടിച്ച് തുടങ്ങിയെങ്കിലും ക്രീസിൽ അധിക സമയം നിലയുറപ്പിക്കാൻ ഇരുവർക്കുമായില്ല. 15-ാം ഓവറിൻ്റെ രണ്ടാം പന്തിൽ ലിവിങ്സ്റ്റണെ (23) പുറത്താക്കി രവി ബിഷ്ണോയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
തൊട്ടടുത്ത ഓവറിൻ്റെ അവസാന പന്തിൽ സാം കറനെയും (21) പുറത്താക്കി പഞ്ചാബ് വിജയം ഊട്ടിഉറപ്പിച്ചു. തുടർന്ന് ക്രീസിലെത്തിയ ജിതേഷ് ശർമ ആദ്യ പന്ത് തന്നെ സിക്സടിച്ചുകൊണ്ട് വരവറിയിച്ചു. തോൽവി ഏറെക്കുറെ ഉറപ്പിച്ചതിനാൽ തന്നെ അവസാന ഓവറുകളിൽ കഴിയുന്നത്ര റൺസ് നേടാനായിരുന്നു പഞ്ചാബിൻ്റെ ശ്രമം. എന്നാൽ ടീം സ്കോർ 192ൽ നിൽക്കെ ജിതേഷ് ശർമയും (10 പന്തിൽ 24) പുറത്തായി.
പിന്നാലെ ക്രീസിലെത്തിയ രാഹുൽ ചഹാറും (0) തൊട്ടടുത്ത പന്തിൽ തന്നെ പുറത്തായി. പിന്നാലെ കാഗിസോ റബാഡ (0), ഷാറൂഖ് ഖാൻ (6) എന്നിവർ കൂടി പുറത്തായതോടെ പഞ്ചാബിൻ്റെ ഇന്നിങ്സിന് തിരശ്ശീല വീഴുകയായിരുന്നു. ലഖ്‌നൗ നിരയിൽ ഒൻപത് താരങ്ങളാണ് ഇന്ന് പന്തെറിഞ്ഞത്. ടീമിനായി യാഷ് താക്കൂർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ നവീൻ ഉൾ ഹക്ക് മൂന്നും രവി ബിഷ്ണോയ് രണ്ട് വിക്കറ്റും നേടി.
റൺമലയുമായി ലഖ്‌നൗ: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 257 റണ്‍സ് അടിച്ച് കൂട്ടിയത്. ഐപിഎല്ലിന്‍റെ ഇതേവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. മാർക്കസ് സ്റ്റോയിനിസ്, കെയ്‌ല്‍ മെയേഴ്‌സ്, ആയുഷ് ബദോനി, നിക്കോളാസ് പുരാന്‍ എന്നിവരുടെ വെടിക്കെട്ട് പ്രകടനത്തിന്‍റെ മികവിലാണ് ലഖ്‌നൗവിനെ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്.