മൊഹാലി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിങ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ നിതീഷ് റാണ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകായിരുന്നു. വെറ്ററന്‍ താരം ശിഖര്‍ ധവാനാണ് പഞ്ചാബിനെ നയിക്കുന്നത്.
തങ്ങള്‍ക്ക് ആദ്യം ബോളിങ് ലഭിച്ചാല്‍ നന്നായിരുന്നുവെന്ന് പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍ പ്രതികരിച്ചു. ഭാനുക രാജപക്‌സെ, സാം കറൻ, സിക്കന്ദർ റാസ, നഥാൻ എല്ലിസ് എന്നിവരാണ് പഞ്ചാബ് നിരയിലെ വിദേശ താരങ്ങള്‍. റഹ്മാനുള്ള ഗുർബാസ്, ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, ടിം സൗത്തി എന്നിവരാണ് കൊല്‍ക്കത്ത നിരയിലെ വിദേശ സാന്നിധ്യം.
ക്യാപ്‌റ്റന്മാരെന്ന നിലയില്‍ ശിഖര്‍ ധവാനും നിതീഷ് റാണയ്‌ക്കും അരങ്ങേറ്റ മത്സരം കൂടിയാണിത്. കഴിഞ്ഞ സീസണില്‍ മായങ്ക് അഗര്‍വാളിന് കീഴിലിറങ്ങിയ പഞ്ചാബ് കിങ്‌സ് ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തിരുന്നത്. ഇതോടെ ടീമില്‍ അഴിച്ചുപണി നടത്തിയ മാനേജ്‌മെന്‍റ് ശിഖര്‍ ധാവാന് ചുമതല നല്‍കുകായിരുന്നു.
പരിശീലകനായിരുന്ന അനില്‍ കുംബ്ലെയ്‌ക്ക് പകരം ഓസ്‌ട്രേലിയക്കാരനായ ട്രെവർ ബെയ്‌ലിസിനേയും ഫ്രാഞ്ചൈസി നിയമിച്ചിരുന്നു. സാം കറനാണ് പഞ്ചാബ് നിരയില്‍ ഏറെ ശ്രദ്ധിക്കേണ്ട താരം. ഐപിഎല്‍ ചരിത്രത്തില്‍ എറ്റവും ഉയര്‍ന്ന തുക മുടക്കിയാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടറെ പഞ്ചാബ് സ്വന്തമാക്കിയത്.
2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സാം കറനായി 18.50 കോടി രൂപയായിരുന്നു പഞ്ചാബ് വീശിയത്. മറുവശത്ത് നായകന്‍ ശ്രേയസ് അയ്യരുടെ അഭാവത്തിലാണ് നിതീഷ് റാണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കുന്നത്. നടുവിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ശ്രേയസിന് ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കണ്ടി വന്നത്.