കേരളം

kerala

IPL 2023| മൊഹാലിയില്‍ മോഹക്കുതിപ്പ് തുടങ്ങാന്‍ പഞ്ചാബ് കിങ്‌സ്, തടയാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

പുതിയ നായകന്മാര്‍ക്ക് കീഴിലാണ് പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ ഇക്കുറി കളത്തിലിറങ്ങുന്നത്.

By

Published : Apr 1, 2023, 10:13 AM IST

Published : Apr 1, 2023, 10:13 AM IST

ipl 2023  punjab kings vs kolkata knight riders  pbks vs kkr match preview  PBKSvKKR  PBKS players  KKR PLAYERS  IPL T20  പഞ്ചാബ് കിങ്‌സ്  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  ഐപിഎല്‍  ഐപിഎല്‍ 2023  ശിഖര്‍ ധവാന്‍  സാം കറന്‍  നിതീഷ് റാണ
PBKS vs KKR

മൊഹാലി:ഐപിഎല്‍ പതിനാറാം പതിപ്പിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ്‌ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഏറ്റുമുട്ടും. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം 3:30 മുതലാണ് മത്സരം. പുതിയ നായകന്മാര്‍ക്ക് കീഴില്‍ പുത്തന്‍ സീസണ്‍ ജയത്തോടെ തുടങ്ങാനായിരിക്കും ഇരു ടീമുകളുടേയും ശ്രമം.

കഴിഞ്ഞ സീസണില്‍ പഞ്ചാബ് പോയിന്‍റ്‌ പട്ടികയില്‍ ആറാം സ്ഥാനത്തും കൊല്‍ക്കത്ത ഏഴാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്. ഇക്കുറി ഇതില്‍ മാറ്റം പ്രതീക്ഷിച്ചിറങ്ങുന്ന ഇരു ടീമുകള്‍ക്കും സമാനതകളുമേറെയാണ്. രണ്ട് ടീമുകളുടെയും ക്യാപ്‌റ്റനും പരിശീലകരും പുതിയ ആളുകളാണ്.

മായങ്ക് അഗര്‍വാളിന് പകരക്കാരനായി ശിഖര്‍ ധാവാനെയാണ് ഇക്കുറി പഞ്ചാബ് നായക സ്ഥാനം ഏല്‍പ്പിച്ചിരിക്കുന്നത്. പുതിയ നായകന് കീഴില്‍ ആദ്യ കിരീടം നേടാനാകുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ. പുതിയ പരിശീലകന്‍ ട്രെവർ ബെയ്‌ലിസിന്‍റെ തന്ത്രങ്ങള്‍ ഇതിന് എത്രത്തോളം സഹായകമാകുമെന്ന് കണ്ടെറിയേണ്ടതുണ്ട്.

നായകന്‍ ശ്രേയസ് അയ്യരുടെ അഭാവമാണ് കൊല്‍ക്കത്ത നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിതീഷ് റാണയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടി വന്നത്. 2018ല്‍ ടീമിലെത്തിയ റാണയ്‌ക്ക് പുതിയ ഒരു പരീക്ഷണം കൂടിയായിരിക്കും ഈ സീസണ്‍.

ഇവരില്ലാതെ കളിക്കണം: ചില പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ഇരു ടീമും ആദ്യ മത്സരത്തിന് ഒരുങ്ങുന്നത്. പഞ്ചാബ് കിങ്‌സ് തങ്ങളുടെ പ്രധാന ഫാസ്‌റ്റ് ബോളറായ കാഗിസോ റബാഡയും ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റിങ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണും ഇല്ലാതെയാണ് ആദ്യത്തെ കളിക്ക് ഇറങ്ങുക. ജോണി ബെയര്‍സ്റ്റോയുടെ അഭാവവും ടീമിന് തിരിച്ചടിയാണ്.

ബെയർസ്റ്റോയ്ക്ക് ഈ സീസണ്‍ മുഴുവന്‍ നഷ്‌ടമാകുമെന്നാണ് റിപ്പോര്‍ട്ട്. മറുവശത്ത് കൊല്‍ക്കത്ത തങ്ങളുടെ പ്രധാന ഓള്‍റൗണ്ടറായ ഷാക്കിബ് അല്‍ ഹസന്‍ ഇല്ലാതെയാണ് ആദ്യ മത്സരത്തിന് ഒരുങ്ങുന്നത്. ഷാക്കിബിനൊപ്പം ദേശീയ ടീമിനൊപ്പമുള്ള ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസിനും ആദ്യ മത്സരം നഷ്‌ട്‌മാകും.

കോടി കിലുക്കം തീര്‍ക്കുമോ സാം കറന്‍:2014ന് ശേഷം ഐപിഎല്ലിന്‍റെ പ്ലേ ഓഫില്‍ പോലും കടക്കാന്‍ സാധിക്കാത്ത ടീമാണ് പഞ്ചാബ് കിങ്‌സ്. പുതിയ നായകനും പരിശീലകനും കീഴില്‍ പ്ലേ ഓഫും കിരീടവും ലക്ഷ്യം വച്ച് ഇറങ്ങുന്ന ടീം ഇക്കുറി കരുത്തുറ്റ നിരയെ ആണ് അണി നിരത്തുന്നത്. അതില്‍ പ്രധാനിയായ താരമാണ് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കറന്‍.

സാം കറന്‍

കഴിഞ്ഞ താരലേലത്തില്‍ വമ്പന്‍ തുകമുടക്കിയാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറനെ പഞ്ചാബ് വീണ്ടും തങ്ങളുടെ കൂടാരത്തില്‍ തിരികെയെത്തിച്ചത്. സാം കറന് വേണ്ടി 18.50 കോടി രൂപ ആയിരുന്നു പഞ്ചാബ് ചെലവഴിച്ചത്. കഴിഞ്ഞ ടി20 ലോകകപ്പിലെ താരമായ സാം കറന്‍ ലോകകപ്പിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ ആദ്യ കിരീടം എന്ന സ്വപ്‌നത്തിലേക്കുള്ള യാത്ര കഠിനമായിരിക്കില്ല എന്നാണ് പഞ്ചാബ് പ്രതീക്ഷിക്കുന്നത്.

കണക്കും കളിയും:ഐപിഎല്‍ ചരിത്രത്തില്‍ പഞ്ചാബ് കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഇതുവരെ 30 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍, പഞ്ചാബിന് മേല്‍ ആധിപത്യം പുലര്‍ത്താന്‍ കൊല്‍ക്കത്തയ്‌ക്ക് സാധിച്ചിട്ടുണ്ട്. പരസ്‌പരം ഏറ്റമുമുട്ടിയപ്പോള്‍ 20 മത്സരങ്ങളില്‍ പഞ്ചാബിനെ കീഴ്‌പ്പെടുത്താന്‍ കൊല്‍ക്കത്തയ്‌ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തിലും കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു ജയം.

പോരാട്ടങ്ങള്‍ ലൈവായി:ഐപിഎല്‍ പതിനാറാം സീസണിലെ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. കൂടാതെ ജിയോ സിനിമ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും മത്സരം ഓണ്‍ലൈന്‍ സ്ട്രീം ചെയ്യാം.

പഞ്ചാബ് സ്ക്വാഡ്:ശിഖർ ധവാൻ (ക്യാപ്റ്റന്‍), ഷാരൂഖ് ഖാൻ, മാത്യു ഷോർട്ട്, പ്രഭ്‌സിമ്രാൻ സിങ്‌, ഭാനുക രാജപക്‌സെ, ജിതേഷ് ശർമ്മ, രാജ് ബാവ, ഋഷി ധവാൻ, ലിയാം ലിവിങ്‌സ്റ്റൺ, അഥർവ ടൈഡെ, അർഷ്ദീപ് സിങ്‌, നഥാൻ എല്ലിസ്, ബെൽതെജ് സിങ്‌, കാഗിസോ റബാദ്, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, സാം കറാൻ, സിക്കന്ദർ റാസ്, ഹർപ്രീത് ഭാട്ടിയ, വിദ്വർത് കവേരപ്പ, ശിവം സിങ്, മോഹിത് റാഥെ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്ക്വാഡ്: നിതീഷ് റാണ (ക്യാപ്‌റ്റന്‍), വെങ്കിടേഷ് അയ്യര്‍, ആന്ദ്രെ റസല്‍, ഷാക്കിബ് അല്‍ ഹസന്‍, സുനില്‍ നരെയ്‌ന്‍, ഉമേഷ് യാദവ്, ടിം സൗത്തി, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, അനുകുല്‍ റോയ്, റിങ്കു സിങ്, റഹ്മാനുള്ള ഗുർബാസ്, ശാര്‍ദുല്‍ താക്കൂര്‍, ലോക്കി ഫെര്‍ഗൂസണ്‍, എന്‍ ജഗദീശന്‍, വൈഭവ് അറോറ, സുയഷ് ശര്‍മ, ഡേവിഡ് വീസ്, കുൽവന്ത് ഖെജ്‌റോലിയ, ലിറ്റണ്‍ ദാസ്, മന്ദീപ് സിങ്, ശ്രേയസ് അയ്യര്‍,

ABOUT THE AUTHOR

...view details