ധരംശാല: ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ പഞ്ചാബ് കിങ്‌സ് ഇന്ന് ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും. രാത്രി ഏഴരയ്‌ക്ക് ധരംശാലയിലാണ് മത്സരം. ഇന്നത്തെ മത്സരം വിജയിച്ചാൽ മാത്രമേ പഞ്ചാബിന് പ്ലേഓഫ് എന്ന കടമ്പയിലേക്ക് പ്രതീക്ഷയെങ്കിലും വയ്‌ക്കാൻ സാധിക്കുകയുള്ളു. മറുവശത്ത് പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചെങ്കിലും വിജയത്തോടെ നാണക്കേട് ഒഴിവാക്കി സീസണ്‍ അവസാനിപ്പിക്കാനാണ് ഡൽഹിയുടെ ശ്രമം.
നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റാണ് പഞ്ചാബിനുള്ളത്. ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് ടീമിന് അവശേഷിക്കുന്നത്. ഇത് രണ്ടിലും വലിയ വിജയം നേടിയാൽ മാത്രമേ പഞ്ചാബിന് പ്ലേഓഫിലേക്ക് കടക്കാൻ സാധിക്കുകയുള്ളു. മറുവശത്ത് 12 മത്സരങ്ങളിൽ നിന്ന് 8 പോയിന്‍റുള്ള ഡൽഹി പുറത്തായിക്കഴിഞ്ഞു. അതിനാൽ തന്നെ ശേഷിക്കുന്ന മത്സരങ്ങളിൽ വിജയിച്ച് മടങ്ങാനാകും അവരുടെ ശ്രമം.
യുവതാരം പ്രബ്‌സിമ്രാന്‍റെ ഒറ്റയാൾ പോരാട്ടത്തിന്‍റെ മികവിൽ കഴിഞ്ഞ മത്സരത്തിൽ ഡൽഹിയെ പഞ്ചാബ് കീഴടക്കിയിരുന്നു. 31 റണ്‍സിനായിരുന്നു പഞ്ചാബിന്‍റെ ജയം. നായകന്‍ ശിഖര്‍ ധവാന്‍റെ ബാറ്റിങ്ങ് തന്നെയാണ് പഞ്ചാബിന്‍റെ കരുത്ത്. ധവാനെ അമിതമായി ആശ്രയിക്കുന്നതും ടീമിനെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ലിയാം ലിവിങ്‌സ്റ്റന്‍റെ സ്ഥിരതയില്ലാത്ത പ്രകടനവും ടീമിന് തലവേദനയാണ്.
മറുവശത്ത് പ്രബ്‌സിമ്രാൻ സിങ് ഫോമിലേക്ക് ഉയർന്നത് ടീമിന് ആശ്വാസം നൽകുന്നുണ്ട്. ജിതേഷ് ശര്‍മ, ഷാരൂഖ് ഖാന്‍ എന്നിവരും അവസാന ഓവറുകളില്‍ കൂറ്റനടികൾക്ക് കരുത്തുള്ളവരാണ്. ഇവരും ഫോമിലേക്കുയർന്നാൽ പഞ്ചാബിന് കൂറ്റൻ സ്‌കോർ നേടാനാകും. വന്‍ തുക മുടക്കി ടീമിലെത്തിച്ച സാം കറന്‍ മികവിലേക്ക് ഉയരാത്തതും ടീമിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്