മുംബൈ:ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ലോകമെമ്പാടുമുള്ള മികച്ച ക്രിക്കറ്റ് പ്രതിഭകളുടെ സംഗമ വേദിയാണ്. കളിക്കളത്തിലെ പോരിനൊപ്പം രസകരമായ ഏറെ സംഭവങ്ങള്‍ക്കും ലീഗ് വഴിയൊരുക്കാറുണ്ട്. താരങ്ങള്‍ക്കൊപ്പം ടീം ഉടമകള്‍ ഉള്‍പ്പെടെ ഇത്തരം തമാശകളില്‍ ഉള്‍പ്പെടാറുണ്ട്.
ഇപ്പോഴിതാ പഞ്ചാബ് കിങ്‌സ് താരങ്ങള്‍ക്കായി ആലൂ പറാത്തയുണ്ടാക്കി നല്‍കിയ രസകരമായ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ടീമിന്‍റെ സഹ ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്‍റ. ഐപിഎല്‍ 2009-ൽ ദക്ഷിണാഫ്രിക്കയിൽ നടന്നപ്പോഴാണ് താനാ സാഹസത്തിന് മുതിര്‍ന്നതെന്നും അന്നത്തോടെ ആലൂ പറാത്തയുണ്ടാക്കുന്നത് നിര്‍ത്തിയെന്നുമാണ് പ്രീതി സിന്‍റ പറഞ്ഞത്.
ഐപിഎല്ലുമായി ബന്ധപ്പെട്ടുള്ള പ്രമുഖ സ്‌പോര്‍ട്‌സ് ചാനലിലെ ചര്‍ച്ചയ്‌ക്കിടെ അവതാരകയുടെ കമന്‍റിനോട് പ്രതികരിക്കെയാണ് പ്രീതി പഴയ സംഭവം ഓര്‍ത്തെടുത്തത്. പ്രീതി സിന്‍റ തന്‍റെ ടീമിനായി ആലു പറാത്ത ഉണ്ടാക്കുമെന്ന് ആരാണ് കരുതിയിരുന്നത്?. അതിന് ശേഷം അവര്‍ ആലൂ പറാത്ത കഴിക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ടാകുമെന്നാണ് താന്‍ കരുതുന്നത് എന്നായിരുന്നു അവതാരക പറഞ്ഞത്.
അന്നത്തോടെ ആ പണി നിര്‍ത്തി:''ഈ ആണ്‍കുട്ടികള്‍ എത്രമാത്രം ഭക്ഷണം കഴിക്കുമെന്ന് അന്നാണ് എനിക്ക് മനസിലായത്. ഞങ്ങള്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു. നല്ല പറാത്തയായിരുന്നില്ല ഞങ്ങള്‍ക്ക് ലഭിച്ചത്.
ഇതോടെ നല്ല പറത്ത എങ്ങനെ ഉണ്ടാക്കാമെന്ന് വേണമെങ്കില്‍ ഞാന്‍ പഠിപ്പിച്ച് തരാമെന്ന് ഞാന്‍ റസ്റ്റൊറന്‍റുകാരോട് പറഞ്ഞു. ഇതുകേട്ടതോടെ, തങ്ങള്‍ക്ക് പറാത്ത ഉണ്ടാക്കി നല്‍കാമോയെന്ന് ടീമംഗങ്ങള്‍ ചോദിച്ചു.
അടുത്ത മത്സരം വിജയിച്ചാല്‍ പറാത്തയുണ്ടാക്കി തരാമെന്ന് ഞാന്‍ അവരോട് പറയുകയും ചെയ്‌തു. ആ മത്സരം അവര്‍ വിജയിച്ചു. 120 ആലൂ പറാത്തയാണ് ഞാന്‍ അന്നുണ്ടാക്കിയത്. അതോടെ ആലൂ പറാത്തയുണ്ടാക്കുന്ന പരിപാടി ഞാന്‍ നിര്‍ത്തി'', പ്രീതി പറഞ്ഞു.
ഈ ചര്‍ച്ചയുടെ ഭാഗമായി ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്ങുമുണ്ടായിരുന്നു. 'ഇര്‍ഫാന്‍ മാത്രം 20 എണ്ണം കഴിച്ചെന്ന്' താരം പറഞ്ഞതോടെ ഫ്ലോറില്‍ കൂട്ടച്ചിരി പടരുകയും ചെയ്‌തിരുന്നു. ഐപിഎല്ലിന്‍റെ ആദ്യകാലത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നായിരുന്ന ഫ്രാഞ്ചൈസിയുടെ പേര് പിന്നീട് പഞ്ചാബ് കിങ്‌സ് എന്ന് മാറ്റിയിരുന്നു.
കളിക്കളത്തില്‍ പോരിനിറങ്ങുന്ന പഞ്ചാബ് കിങ്‌സിനായി ആര്‍പ്പുവിളിക്കാന്‍ മിക്ക മത്സരങ്ങള്‍ക്കും പ്രീതിയും ഗ്യാലറിയില്‍ എത്താറുണ്ട്. അതേസമയം ഐപിഎല്ലില്‍ അവസാനം കളിച്ച മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് തോല്‍വി വഴങ്ങിയിരുന്നു. സ്വന്തം തട്ടകമായ മൊഹാലിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് 56 റണ്‍സിന്‍റെ തോല്‍വിയായിരുന്നു പഞ്ചാബ് വഴങ്ങിയത്.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 257 റണ്‍സാണ് അടിച്ച് കൂട്ടിയത്. മറുപടിക്കിറങ്ങിയ പഞ്ചാബ് കിങ്‌സ് 19.5 ഓവറില്‍ 201 റണ്‍സിന് ഓള്‍ ഔട്ടായി. ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ ഏട്ട് മത്സരങ്ങള്‍ കളിച്ച പഞ്ചാബിന് നാല് മത്സരങ്ങളാണ് വിജയിക്കാന്‍ കഴിഞ്ഞത്. ഇതോടെ നിലവിലെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് സംഘമുള്ളത്.
ALSO READ:IPL 2023 | 'പത്ത് വര്‍ഷം, അഞ്ച് കിരീടം'; ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയെ ആദരിക്കാനൊരുങ്ങി മുംബൈ ഇന്ത്യന്‍സ്