അഹമ്മദാബാദ്:അന്ന് വിരാട് കോലി, ഇന്ന് ശുഭ്‌മാന്‍ ഗില്‍... ഐപിഎല്‍ 2016 അറിയപ്പെടുന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലിയുടെ പേരിലാണെങ്കില്‍ 2023 പതിപ്പ് ഇനി രേഖപ്പെടുത്തുക ശുഭ്‌മാന്‍ ഗില്‍ എന്ന 23കാരന്‍റെ പേരിലായിരിക്കും. ഈ സീസണില്‍ ബാറ്റ് കൊണ്ട് തകര്‍പ്പന്‍ പ്രകടനമനാണ് ഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി പുറത്തെടുത്തത്.
കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി റണ്‍വേട്ടയാണ് ശുഭ്‌മാന്‍ ഗില്‍ നടത്തിയത്. ഹാര്‍ദിക്കിനും സംഘത്തിനും വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്ന ഗില്ലിന്‍റെ തുടക്കം പലപ്പോഴും പതിഞ്ഞ താളത്തിലായിരിക്കും. ശ്രദ്ധയോടെ ബാറ്റിങ് ആരംഭിക്കുന്ന താരം പതിയെ പതിയെ ടോപ് ഗിയറിലേക്ക് മാറും. പിന്നീട് പന്തെറിയാനെത്തുന്ന ഓരോ ബൗളര്‍മാരെയും തല്ലിച്ചതച്ച് റണ്‍സ് അടിച്ചുകൂട്ടും.
അങ്ങനെ റണ്‍സടിച്ചുകൂട്ടിയ ഗില്‍ ഇപ്രാവശ്യത്തെ ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയാണ് മടങ്ങിയിരിക്കുന്നത്. സീസണിലെ 17 മത്സരങ്ങളില്‍ നിന്നും 59.33 ശരാശരിയില്‍ 890 റണ്‍സാണ് ശുഭ്‌മാന്‍ ഗില്‍ അടിച്ചുകൂട്ടിയത്. സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിനേക്കാള്‍ 160 റണ്‍സ് അധികം നേടാന്‍ ഗില്ലിന് സാധിച്ചിരുന്നു.
ഗില്‍ മാത്രമാണ് ഇപ്രാവശ്യം ഗുജറാത്ത് ടൈറ്റന്‍സിനായി 400ന് മുകളില്‍ റണ്‍സ് അടിച്ചുകൂട്ടിയ ഏക കളിക്കാരന്‍. രണ്ടാം സ്ഥാനത്തുള്ള വൃദ്ധിമാന്‍ സാഹ 17 മത്സരങ്ങളില്‍ നിന്നും 371 റണ്‍സാണ് നേടിയത്. ഈ സീസണില്‍ മൂന്ന് സെഞ്ച്വറികൾ നേടാനും ശുഭ്‌മാന്‍ ഗില്ലിനായിരുന്നു.
ലീഗ് സ്റ്റേജില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ അവസാന രണ്ട് മത്സരങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയുമാണ് ഐപിഎല്‍ കരിയറില്‍ ഗില്ലിന്‍റെ ആദ്യ രണ്ട് സെഞ്ച്വറികള്‍ പിറന്നത്. രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലായിരുന്നു താരം തന്‍റെ മൂന്നാം സെഞ്ച്വറി നേടിയത്.
ഈ മത്സരത്തില്‍ 60 പന്ത് നേരിട്ട ഗില്‍ 129 റണ്‍സാണ് അടിച്ചെടുത്തത്. ഒട്ടനവധി റെക്കോഡുകളും ഈയൊരു ഇന്നിങ്‌സിലൂടെ ഗില്‍ തന്‍റെ പേരിലേക്ക് മാറ്റിയെഴുതി. അതേസമയം, ഐപിഎല്‍ ചരിത്രത്തിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായാണ് ഗില്‍ ഇപ്രാവശ്യം മടങ്ങുന്നത്.
Also Read :IPL 2023 | അമ്പമ്പോ ഇതെന്തൊരടി!... മിന്നല്‍ പിണരായി ശുഭ്‌മാന്‍ ഗില്‍; അഹമ്മദാബാദില്‍ റെക്കോഡുകള്‍ വാരിക്കൂട്ടി ഗുജറാത്ത് ഓപ്പണര്‍
ഇക്കുറി 890 റണ്‍സ് നേടിയതോടെ കഴിഞ്ഞ സീസണില്‍ ജോസ് ബട്‌ലര്‍ സ്ഥാപിച്ച റെക്കോഡാണ് ഗില്‍ പഴങ്കഥയാക്കിയത്. 2022ല്‍ ഐപിഎല്‍ ഫൈനല്‍ വരെയെത്തിയ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 17 മത്സരം കളിച്ച ബട്‌ലര്‍ 863 റണ്‍സ് നേടിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഫൈനലില്‍ 39 റണ്‍സ് നേടിയതോടെയാണ് ഗില്‍ ഈ നേട്ടം തന്‍റെ പേരിലേക്ക് മാറ്റിയെഴുതിയത്.
2016ല്‍ 973 റണ്‍സ് നേടിയ വിരാട് കോലിയാണ് ഈ പട്ടികയില്‍ മുന്നിലുള്ള താരം. 16 മത്സരങ്ങളില്‍ നിന്നും നാല് സെഞ്ച്വറിയും ഏഴ് അര്‍ധസെഞ്ച്വറിയും അടിച്ചാണ് വിരാട് കോലി ഈ റെക്കോഡ് സ്ഥാപിച്ചത്. ആ സീസണില്‍ ഓറഞ്ച് ക്യാപ് വിരാട് സ്വന്തമാക്കിയെങ്കിലും ഫൈനലില്‍ തന്‍റെ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോല്‍ക്കുകയായിരുന്നു. സമാനാവസ്ഥയിലൂടെയാണ് ശുഭ്‌മാന്‍ ഗില്ലും ഈ വര്‍ഷത്തെ ഐപിഎല്‍ യാത്ര അവസാനിപ്പിച്ചിരിക്കുന്നത്.