ചെന്നൈ: ഐപിഎല്ലില്‍ ആവേശം വാനോളം ഉയരുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ്. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ വിജയിച്ചുകയറുക എന്നതില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും പ്രതീക്ഷിക്കുന്നില്ല. എലിമിനേറ്റര്‍ പോരാട്ടത്തില്‍ കുമാര്‍ കാര്‍ത്തികേയയ്‌ക്ക് പകരം ഹൃത്വിക് ഷോക്കീന് മുംബൈ അവസരം നല്‍കിയപ്പോള്‍ കഴിഞ്ഞമത്സരത്തില്‍ വിജയം അനായാസമാക്കിയ അതേ ടീമുമായാണ് ലഖ്‌നൗ ഇറങ്ങുന്നത്.
പ്രതികരിച്ച് മുംബൈ നായകന്‍:സ്ഥിതിഗതികള്‍ നന്നായി തോന്നുന്നതിനാല്‍ തന്നെ ബാറ്റിങ് തെരഞ്ഞെടുക്കുന്നു എന്നായിരുന്നു ടോസ് നേടിയ ശേഷമുള്ള മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ പ്രതികരണം. ഗ്രൗണ്ടില്‍ നല്ല രീതിയില്‍ ബൗണ്ടറികള്‍ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. ഇതുവഴി മികച്ച സ്‌കോര്‍ കണ്ടെത്താമെന്നും. ഇവിടേക്ക് യോഗ്യത നേടി എന്നതുകൊണ്ടുതന്നെ ഞങ്ങളുടെ പിള്ളേര്‍ ഏറെ ആവേശത്തിലാണ് എന്ന് രോഹിത് ശര്‍മ വ്യക്തമാക്കി. ടീമിന് ഇതിനിടെ ഒരുപാട് ഉയര്‍ച്ചകളും താഴ്‌ചകളുമുണ്ടായി എന്നത് തങ്ങളെ ഏറെ കാര്യങ്ങള്‍ പഠിപ്പിച്ചുവെന്നും, അതുകൊണ്ടുതന്നെ ടീമിനായി എന്തെല്ലാം ചെയ്യാനാവുമോ അതെല്ലാം തങ്ങള്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആത്മവിശ്വാസം പങ്കുവച്ച് ലഖ്‌നൗ:എന്നാല്‍ ടീമിന്‍റെ സീസണ്‍ ഇതുവരെയുള്ള പ്രകടനങ്ങളെ വിലയിരുത്തിയായിരുന്നു ലഖ്‌നൗ നായകന്‍ ക്രുനാല്‍ പാണ്ഡ്യയുടെ പ്രതികരണം. വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്തതിനാല്‍ തന്നെ ഞങ്ങള്‍ പോരാടും. ഞങ്ങള്‍ക്ക് മാച്ച് വിന്നേഴ്‌സുണ്ട് എന്നത് ശുഭസൂചനയാണ്. ഞങ്ങള്‍ എല്ലാത്തിനെക്കുറിച്ചും വിശദമായി പഠിച്ചിട്ടുണ്ടെന്നും ഇനി ഞങ്ങളുടെ കഴിവ് പുറത്തെടുക്കുകയേ ആവശ്യമുള്ളുവെന്നും ക്രുനാല്‍ കൂട്ടിച്ചേര്‍ത്തു.